Monday, 28 November 2016

"ആദ്യത്തെ ആരാധിക, അവസാനത്തെയും..."


ഞാൻ ഈ പറയാൻ പോകുന്ന കഥ നടക്കുന്നത് അങ്ങ് ദൂരെ ദൂരെ മലകൾക്കും കാടുകൾക്കും പുഴകൾക്കും അപ്പുറത്തൊന്നുമല്ല. ഇങ് ഇവിടെ, എന്റെ സ്വന്തം ജീവിതത്തിൽ.

എഴുത്തെന്തെന്നറിയാത്ത ബാല്യം, വായനയുടെ ലോകം ബാലരമയിലും ബാലഭൂമിയിലും കളിക്കുടുക്കയിലും കുരുന്നുകളിലും ഒതുങ്ങി നിന്നിരുന്ന കാലം. പത്താം തരത്തിൽ വൈക്കം മുഹമ്മദ് ബഷീർ സാറിന്റെ "പാത്തുമ്മയുടെ ആട്" എന്ന കഥ മലയാളം സെക്കന്ഡിലെ പഠന വിഷയമായത് കൊണ്ട് അത് വായിച്ചു, അല്ലെങ്കിൽ പഠിച്ചു. "പാത്തുമ്മയുടെ ആട്" വായിച്ചതു മുതൽ ബഷീർ എഴുത്തുകളോട് എന്തോ ഒരു വല്ലാത്ത ഇഷ്ടം, വായനക്കാരെ പിടിച്ചിരുത്തുന്ന ആ ഭാഷാ ശൈലി, ഒഴുക്ക്, നർമ്മം കലർന്ന അവതരണം, അതിലെ കഥാപാത്രങ്ങൾ അങ്ങനെ അതിലെ ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും മനസ്സിൽ വല്ലാതെ പതിഞ്ഞിരുന്നു, വായനക്കൊരു സുഖമുണ്ടെന്ന് മനസ്സിലായത് അന്ന് മുതലാണ്.

അങ്ങനെ അതിന്റെ ആവേശത്തിൽ വീടിന്റെ തൊട്ടടുത്തുള്ള ഞങ്ങളുടെ സ്വന്തം വായന-പുസ്തകശാലയായ "അല്ലാമാ മുഹമ്മദ് ഇഖ്ബാൽ സാംസകാരിക വേദി" യിൽ നിന്നും ബഷീറിന്റെ കുറച്‌ പുസ്തകങ്ങൾ എടുത്ത് വായിക്കാൻ തീരുമാനിച്ചു. അതിൽ "വിശപ്പ്" എന്ന പുസ്തകം വായിക്കാൻ ആരംഭിച്ചെങ്കിലും 2 താളുകൾക്കപ്പുറത്തേക്ക് മറിഞ്ഞില്ല. പിന്നീട് ദിനങ്ങൾ കൊഴിയും തോറും അതിൽ പൊടി പിടിച്ചു കിടന്നതല്ലാതെ വായനയൊന്നും നടന്നില്ല. അവസാനം ലൈബ്രറിയിൽ നിന്ന് ചോദ്യം വന്നതോടെ പുസ്തകങ്ങൾ അതെ പടി തിരിച്ചേൽപ്പിച്ചു. അതോടെ വായനക്കും താത്കാലിക തിരശ്ശീല വീണു.

പിന്നീട് 2 വർഷങ്ങൾക്കിപ്പുറം ഞാൻ വായനയിൽ ഏർപ്പെടുന്നത് എം ടി യുടെ "മഞ്ഞ്" എന്ന നോവലിൽ ആണ്. അതും സ്വന്തം താൽപര്യത്തിൽ വായിച്ചതല്ല, ഡിഗ്രി ഒന്നാം വര്ഷം രണ്ടാം ഭാഷയായി തിരഞ്ഞെടുത്തത് മലയാളമായിരുന്നത് കൊണ്ടും അതിലെ പാഠ പുസ്തകം "മഞ്ഞ്" ആയിരുന്നത് കൊണ്ടും വായിച്ചു. ഇതിനിടയ്ക്കൊരിക്കലും എഴുത്തെന്ന വിദ്യ ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കിയിട്ടു പോലുമില്ല. പക്ഷെ അതിനൊരപവാദമായി ഞാനൊരു കവിതാ രചന മത്സരത്തിൽ പങ്കെടുത്തത് ഡിഗ്രി അവസാന വര്ഷം പടിക്കുമ്പോഴായിരുന്നു. അത് എഴുത്തിനോടുള്ള പ്രണയം കൊണ്ടൊന്നുമായിരുന്നില്ല, ക്ലാസ് കട്ട് ചെയ്യാനുള്ള സിമ്പിൾ ആൻഡ് പവര്ഫുള് വേ.. കൂട്ടുകാരോടൊന്നിച് ക്ലാസ് കട്ട് ചെയ്യാൻ കണ്ടെത്തിയ വിദ്യ, അതു മാത്രമായിരുന്നു ആ കവിതാ രചന. ആ കവിതയുടെ വിഷയം എന്തായിരുന്നു എന്ന് എനിക്കിപ്പോൾ കൃത്യമായി ഓർമ്മ ഇല്ല. പക്ഷെ പിന്നീട് ആ മത്സരത്തിന്റെ ഫലം പുറത്തു വന്നപ്പോ എന്റെ കവിതക്കായിരുന്നു ഫസ്റ്റ് എന്ന് കൂട്ടുകാർ ആരൊക്കെയോ പറയുന്നത് കേട്ടിരുന്നു, പക്ഷെ ഞാൻ വിശ്വസിച്ചിരുന്നില്ല. ശെരിക്കും സത്യമാണോന്ന് വാല്യൂ ചെയ്ത ടീച്ചറോട് ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും എന്റെ കഴിവില്ലായ്മയെ ഞാൻ സ്വയം തിരിച്ചറിഞ്ഞു, ചുമ്മാ എന്തിനാ ടീച്ചർക്ക് പറഞ്ഞു ചിരിക്കാനായിട്ട് ഒരു വിഷയമുണ്ടാക്കി കൊടുക്കണേ.അങ്ങനെ അതോട് കൂടി എഴുത്തും വായനയും നിന്നു. പത്രം വായിക്കുന്ന ശീലവും പൊതുവെ കുറവായിരുന്നു.

അങ്ങനെ എം ബി എ കഴിഞ്ഞു 2013 ഒക്ടോബറിൽ ആണ് എരണാകുളത് ഇൻഫോപാർക്കിൽ ഓഡിറ്റ് അസ്സോസിയേറ്റ് ആയിട്ട് ജോലിക്ക് ജോയിൻ ചെയ്യുന്നത്. അവിടെ നിന്നും എന്റെ സുഹൃത്തായി മാറിയ സൗമ്യയിൽ നിന്നുമാണ് വീണ്ടും വായനയുടെ ലോകം എന്റെ മുന്നിൽ തുറന്ന് വരുന്നത്. പുസ്തകങ്ങൾ ഒരുപാട് വായിക്കുന്ന സൗമ്യയുടെ അടുത്ത് നിന്നുമാണ് "അൽക്കമിസ്റ്റ്" എന്ന നോവലിനെ കുറിച്‌ കേൾക്കുന്നത്. ഒരുപക്ഷെ 'പൗലോ കൗലോ' എന്ന് ഞാൻ കേൾക്കുന്നത് തന്നെ അപ്പോഴായിരിക്കും. അങ്ങനെ സൗമ്യയിൽ നിന്നും പുസ്തകം വാങ്ങി, "അൽക്കമിസ്റ്റ്" വായന തുടങ്ങി. തുടക്കം നല്ല ആവേഷോജ്വലം ആയിരുന്നെങ്കിലും എന്റെ മടി അതിനെയൊക്കെ അങ്ങട് ഇല്ലാതാക്കി. കുറച് താളുകൾ മറിഞ്ഞെങ്കിലും പാതിവായിൽ അതും നിർത്തി. പക്ഷെ ആ പുസ്തകം ഞാൻ തിരിച്ചു കൊടുത്തില്ല. ഇപ്പോഴും എന്റെ കയ്യിലുണ്ട്. വായിക്കാൻ മനസ്സിൽ ഭയങ്കര ആഗ്രഹമാണെലും ക്ഷമ അതിനനുവദിചിരുന്നില്ല.

അങ്ങനെ എല്ലാം കഴിഞ്ഞു ഒരു വര്ഷം മുൻപ് പ്രവാസ ലോകത്തേക്ക് കടന്നു. അതോടെയാണ് ചില മാറ്റങ്ങൾക്ക് തുടക്കം. അക്ഷരങ്ങളെ തലോലിക്കാനും എഴുത്തുകളെ സ്നേഹിക്കാനും തുടങ്ങിയത് പ്രവാസം തുടങ്ങിയതിന് ശേഷമാണെന്നു തോന്നുന്നു. ഇവിടുത്തെ ഒഴിവു സമയങ്ങൾ ചിലവഴിക്കാനും ഏകാന്തതയിൽ നിന്നും രക്ഷപ്പെടാനുമായി ഞാൻ സ്വയം കണ്ടെത്തിയ വഴിയാണ് എഴുത്ത്, വായന ഇതൊക്കെ.

അങ്ങനെ "അൽക്കമിസ്റ്റ്" എന്ന നോവൽ ഞാൻ വായിച്ചു തീർക്കുകയും ചെയ്തു. ശേഷം ബെന്യാമിന്റെ "ആടുജീവിതം" വായിക്കാനുള്ള പുറപ്പാടിലാ.
ആദ്യമൊക്കെ ആശയങ്ങൾ കുഞ്ഞു കുഞ്ഞു വരികളാക്കി ഫേസ്ബുക് സ്റ്റാറ്റസ് ഇടും, അതായിരുന്നു ശീലം. ഇടയ്ക്കെപ്പോഴോ ജീവിതത്തിലെ നിമിഷങ്ങളെ അക്ഷരമാലകളാക്കി മാറ്റി എഴുതാൻ തുടങ്ങി. അത്തരം എഴുത്ത് കണ്ടു ചിലർ നല്ല അഭിപ്രായങ്ങൾ പറഞ്ഞു,മറ്റു ചിലർക്ക് അമ്പരപ്പും, സംശയവുമൊക്കെയായിരുന്നു,ഇതൊക്കെ ഞാൻ തന്നെ ആണോ എഴുത്തുന്നതെന്നു. അവർ സംശയിച്ചതിലും തെറ്റില്ല എന്റെ ഭൂതകാലം അവരെ പഠിപ്പിച്ചത് അതാണ്.

അങ്ങനെ ഒരു ദിവസം ഫേസ്ബുക്കിലെ ചില ഗ്രൂപ്പുകളിൽ ഇട്ട ഒരു പോസ്റ്റ് വളരെയേറെ വായന പ്രീതി നേടി. " അബോർഷൻ അഥവാ കൊല" എന്നായിരുന്നു എഴുത്തിന്റെ പേര്. ആ പോസ്റ്റ് ഇട്ട് കുറച്ച ദിവസത്തിന് ശേഷം എന്റെ പേർസണൽ പ്രൊഫൈലിലേ ചില പോസ്റ്റുകൾ ഒരു മുൻപരിചയമില്ലാത്ത പ്രൊഫൈലിൽ നിന്ന് ലൈക്സ്. ഞാനൊന്നാലോചിച്ചു ഇതാരപ്പ ഞാനറിയാത്തൊരു പുതിയ ആൾ എന്റെ പ്രൊഫൈലിൽ കേറി കളിക്കണെ. പൊതുവെ ആരും ആ വഴിക്ക് വരാറില്ല. നോക്കിയപ്പോ എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ള ആളുമല്ല, എന്റെ ഓർമയിൽ ഇങ്ങനെ ഒരാളെ എനിക്കൊട്ടു പിടി കിട്ടണുമില്ല. പ്രൊഫൈലിൽ ഒരു പെൺ നാമമാണ്. എത്ര കുത്തിയിരുന്ന് ആലോചിച്ചിട്ടും അങ്ങനെ ഒരാളെ കുറിച്‌ എനിക്കൊരു ഓർമയും കിട്ടുന്നില്ല. ആ പ്രൊഫൈലിൽ ആണേൽ ഒരു വിവരവും കാണാൻ സാധിക്കുന്നുമില്ല, എല്ലാം പ്രൈവസി ആണ്.

അങ്ങനെ രണ്ടും കല്പിച്ചു ഞാനൊന്ന് മുട്ടി നോക്കാൻ തന്നെ തീരുമാനിച്ചു. ഒരു സലാം വിട്ടു. തിരിച്ചു മെസ്സേജ് വന്നത് അൽപ സമയം കഴിഞ്ഞാണ്. ആയാളും സലാം മടക്കി. ശേഷം ഞാൻ ചോദിച്ചു 'നമ്മൾ തമ്മിൽ മുൻപ് പരിചയമുണ്ടോന്ന്..??". ഇല്ലെന്നു ഓൺ ദി സ്പോട്ടിൽ മറുപടിയും വന്നു. പിന്നെങ്ങനെ എന്റെ പ്രൊഫൈലിൽ എത്തി എന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി "ഗ്രൂപ്പിലെ പോസ്റ്റ് കണ്ടാണ് വന്നത്, വേറെ വല്ല പോസ്റ്റും ഉണ്ടോന്ന് നോക്കാൻ വന്നതാണെന്നു". ഹോ ഇത്രേ ഉണ്ടായിരുന്നുള്ളൂ. മുന്പ് പലരും കമന്റായി നല്ല അഭിപ്രായം പറഞ്ഞിട്ടുങ്കിലും ആദ്യമായിട്ടാ ഇങ്ങനെ ഒരനുഭവം, പേർസണൽ പ്രൊഫൈൽ കേറി തപ്പൽ, ഇൻബോക്സിൽ കേറി അഭിനന്ദിക്കൽ, അങ്ങനെയൊക്കെ. ഞങ്ങൾ അത് വഴി കൂടുതൽ പരിചയപ്പെട്ടു, പാലക്കാട് എന്ജിനീറിങ്ങിന് അവസാന വര്ഷം പഠിക്കുന്നു. 7 മക്കളിൽ അവസാനത്തെ തരി.

തുടർന്നിങ്ങോട്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എന്റെ ഫാനാണെന്ന് തമാശയായി അയാൾ സ്വയം വിശേഷിപ്പിച്ചു. ഇനി ഒരു ഫാൻസ്‌ അസോസിയേഷനും(ആഷിക്ക് ഫാൻസ്‌ അസോസിയേഷൻ) തുടങ്ങണമെന്ന് കളിയായി പറഞ്ഞു. "അങ്ങനെ ആണേൽ ആ ഫാൻസ്‌ അസോസിയേഷന്റെ പ്രെസിഡന്റും സെക്രട്ടറിയും മെമ്പറും എല്ലാം താൻ മാത്രം ആയിരിക്കും " എന്നായിരുന്നു എന്റെ മറുപടി

വേറെ ഒരാൾക്കും ഇങ്ങനെ ഒരബദ്ധം പറ്റുമെന്ന് തോന്നണില്ല കാരണം എന്റെ എഴുത്ത് കണ്ട് ഇഷ്ടപ്പെടാൻ മാത്രം ഞാൻ എന്താണ് എഴുതിയത്, അതിനു മാത്രം എന്താ അതിലുള്ളത്. എനിക്ക് സത്യം പറഞ്ഞാൽ ചിരി ആണ് വന്നത് ഇങ്ങനെ ഒരാളെ പരിചയപ്പെട്ടപ്പോൾ. എന്റെ എഴുത്തു ഇഷ്ടപ്പെടുന്ന തനിക്ക് തലക്ക് വല്ല അസുഖവുമുണ്ടാവും എന്നവരോട് ഞാൻ തമാശയായി പറഞ്ഞിട്ടുമുണ്ട്.

എഴുതെന്തോന്നോ വായന ഏതെന്നോ അറിയാത്ത എനിക്കും ഒരാരാധികയെ കിട്ടി. എന്തോ ഒരു വല്ലാത്ത സന്തോഷം.

പരസ്പരം കണ്ടിട്ടില്ലെങ്കിലും ഇന്നിപ്പോൾ ഞങ്ങൾ നല്ല കൂട്ടാണ്. ഇനി ഒരു പക്ഷെ, അല്ലെങ്കിൽ ഉറപ്പായും ഇതുപോലൊരു ഒരാരാധിക എന്നെ തേടി എത്തുമെന്ന് തോന്നണില്ല. "എന്റെ ആദ്യത്തെയും അവസാനത്തെയും ആരാധിക അയാളായിരിക്കും"

ഈ എഴുത്ത് എന്റെ ആ ആരാധികയ്ക്കു സമർപ്പിക്കുന്നു.. നന്ദി...

7 comments:

 1. സൂക്ഷിച്ചൊ
  ഏഴാം തരി എല്ല് വാട്ടുന്നോ പറയാ

  ReplyDelete
  Replies
  1. ഹ ഹ.. ഇല്ല അതിനു പിടി കൊടുക്കില്ല... 😂😂

   Delete
  2. ഹ ഹ.. ഇല്ല അതിനു പിടി കൊടുക്കില്ല... 😂😂

   Delete
 2. See, i did the same n found u here :p

  ReplyDelete
  Replies
  1. Again Anonymous...!! കൺപൂഷൻ ആയല്ലോ...

   Delete
  2. Y did u remove my other comment����

   Delete
  3. it was deleted by mistake and i could not recover it.. :-P

   Y ur identity is anonymous???

   Delete