Monday, 28 November 2016

ആത്മഹത്യ


ഞാൻ അമ്മു. ഇന്നലെ ഞാൻ നിങ്ങളുടെ ലോകത്തോട് വിട പറഞ്ഞു. ഇന്ന് ഞാനൊരു പുതിയ ലോകത്താ. മരണത്തിന്റെ കൂട്ടുകാരായ പ്രായവും അസുഖവുമൊന്നുമല്ല എന്നെ നിങ്ങളുടെ ലോകത്തു നിന്നും കവർന്നെടുത്തത്. പ്രായത്തിനും അസുഖങ്ങൾക്കും രോഗങ്ങൾക്കുമൊന്നും ഒരിടം നൽകാതെ ഞാൻ തന്നെ എന്റെ മരണത്തെ പുല്കുകയായിരുന്നു. ഒരേ ഒരു നിമിഷത്തെ ദുഷിച്ച ചിന്തകൾ എന്നെ ഈ ലോകത്തോട് വിട പറയിക്കാൻ കാരണമായി.

കൗമാരത്തിന്റെ പ്രിയ സുഹൃത്തായ പ്രണയമാണെന്റെ മരണത്തിനു ചുക്കാൻ പിടിച്ചത്. ആനന്ദത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരുപാട് നിമിഷങ്ങൾ വാരി വിതറിയായിരുന്നു പ്രണയത്തിന്റെ തുടക്കം. ആ നിമിഷങ്ങൾ മാത്രമാണ് ജീവിതം എന്ന് ഞാൻ വിശ്വസിച്ചിരിക്കണം, അവൻ മാത്രമാണ് എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നതെന്നും. ആദ്യമൊക്കെ പിണക്കവും ഇണക്കവും സ്ഥിരം കലാപരിപാടി ആയിരുന്നു, അതിൽ ഞങ്ങൾ ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്നു. പക്ഷെ ആ നിമിഷങ്ങൾക്കും സന്തോഷങ്ങൾക്കും ഒരുപാടൊന്നും ആയുസുണ്ടായിരുന്നില്ല. ആദ്യമായി കളിപ്പാട്ടം കിട്ടിയ ഒരു കൊച്ചു കുട്ടിയുടെ കൗതുകം അതുമാത്രമായിരുന്നു ആദ്യത്തെ പ്രണയ നാളുകൾ. യാഥാർഥ്യമെന്തെന്നോ സത്യമെന്തെന്നോ തിരിച്ചറിയാനാവാതെ സ്വപ്നലോകത്തായിരുന്നു ഞാൻ ആ നാളുകളിൽ. അവനിൽ മാത്രമായിരുന്നു ഞാനെന്റെ ലോകം കണ്ടത്.

ഇടക്കെപ്പോഴോ നമുക്കിടയിൽ അകലങ്ങൾ സ്ഥാനം പിടിച്ചു. പരാതിയുടെയും പരിഭവത്തിന്റെയും പഴിചാരലിന്റെയും കുത്തൊഴുക്കുകളിൽ സ്നേഹം എവിടെയോ പോയ് മറഞ്ഞു. അവനിൽ ഉണ്ടായിരുന്ന മാറ്റങ്ങൾ എന്നെ വല്ലാതെ അസ്വസ്ഥയാക്കി. അവന്റെ സംസാരങ്ങളിൽ മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി, എന്നിൽ നിന്നകലാനുള്ള വെമ്പൽ ഞാൻ തിരിച്ചറിഞ്ഞു. പതിയെ പതിയെ കൂടിക്കാഴ്‌ചകൾ കുറഞ്ഞു, സംസാരിക്കാൻ പോലും സമയമില്ലാതായി. അവസാനം അവൻ എന്റെ മുഖത്ത് നോക്കി പറഞ്ഞു ഞാനൊരു ശല്യമാണെന്ന്, അവന് എന്നെ മടുത്തിരിക്കുന്നു എന്ന്.അതുകൊണ്ട് നമുക്കിവിടെ വെച്ചു നിർത്താം എന്നവൻ തെല്ല് കുറ്റബോധമോ നിരാശയോ കൂടാതെ എന്റെ മുഖത്തു നോക്കി വാക്കുകളിലൂടെ ആഞ്ഞടിച്ചു.

അവന്റെ ആ വാക്കുകൾ എന്നെ തന്നെ ഇല്ലാതാക്കാൻ പോന്നതായിരുന്നു. അതുകൊണ്ടായിരിക്കണം ആത്മഹത്യയെ കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങിയിരുന്നു. ആ നിമിഷം ചുറ്റിലും നിന്നുകൊണ്ടെന്നെ സ്നേഹത്തിൽ പൊതിഞ്ഞവരെ ഞാൻ കണ്ടില്ലെന്നു നടിച്ചു. 'അമ്മ, അച്ഛൻ, ഏട്ടൻ, അനുജൻ, മുത്തശ്ശൻ മുത്തശ്ശി കൂട്ടുകാർ അങ്ങനെ എല്ലാവരെയും ഞാൻ മനപ്പൂർവം മറന്നു കളഞ്ഞു. അവനില്ലാത്തൊരു ജീവിതം എനിക്ക് സാധ്യമാവില്ലെന്നു തോന്നി, എല്ലാത്തിൽ നിന്നും ഓടിയൊളിക്കാനായി മരണത്തെ ഞാനെന്റെ കൂടെ കൂട്ടാൻ തീരുമാനിച്ചു.

ആദ്യം നോട്ടം എന്റെ തലയ്ക്കു മുകളിരിക്കുന്ന ഫാനിലേക്കായിരുന്നു, പിന്നീട് ബ്ലേഡും ട്രെയിനും വീടിനടുത്തുള്ള ക്വാറിയും എല്ലാം മനസ്സിലൂടെ ചീറി പാഞ്ഞു. അവസാനം തിരഞ്ഞെടുത്തു, കൂവിപാഞ്ഞ് വരുന്ന തീവണ്ടി. കൂട്ടുകാരിയുടെ വീട്ടിലേക്കെന്നും പറഞ്ഞ് അമ്മയോടും മുത്തശ്ശിയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവസാന യാത്രയാണെന്നു പറയണമെന്നുണ്ടായിരുന്നു, പക്ഷെ സാധിച്ചില്ല. 2 കിലോമീറ്റര് നടക്കണം റെയിൽവേ ട്രാക്കിലേക്ക് എത്തിപ്പെടാൻ. എന്തുകൊണ്ടോ എന്റെ കണ്ണുകളിൽ കണ്ണീർ തുള്ളികൾ സ്ഥാനം പിടിച്ചിരുന്നില്ല ആകെ ഒരു മൂകത മാത്രം, നടന്നു നീങ്ങുന്ന വഴികളിൽ ചുറ്റിലുമുള്ള കാഴ്‌ചകളൊന്നും എന്റെ കണ്ണിൽ പതിഞ്ഞില്ല. ഇടക്കെപ്പോഴോ മഴയും കൂട്ടിനെത്തിയെങ്കിലും എന്നിലെ കത്തിജ്വലിക്കുന്ന തീയെ അണയ്ക്കാൻ പോന്നതായിരുന്നില്ല അതൊന്നും. അപ്പോഴും പിന്നിട്ട വഴിക്കലൊക്കെയും ഇനി ഒരു ഓര്മ മാത്രമായിരിക്കുമെന്ന് മനസ്സെവിടെയോ മന്ത്രിക്കുന്നുണ്ടായിരുന്നു.
റെയിൽവേ ട്രാക്കിനു സമീപത്തു എത്തിചേർന്ന ഞാൻ ചുറ്റിലുമൊന്നു കണ്ണോടിച്ചു, ആരെയും കണ്ടില്ല. നീണ്ട് നിവർന്ന് കിടക്കുന്ന റെയിൽവേ ട്രാക്ക് എന്നെ മാടിവിളിക്കുന്നത് പോലെ തോന്നി. അൽപ സമയത്തെ കാത്തിരിപ്പിനൊടുവിൽ അകലെ നിന്ന് ചീറിപ്പാഞ്ഞു വരുന്ന തീവണ്ടി എന്റെ കാഴ്ചയിൽ പെട്ടു. എന്ത് കൊണ്ടോ ഹൃദയം വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ട്രെയിൻ എന്റെ അടുക്കൽ എത്തിച്ചേരാൻ മൂന്നോ നാലോ സെക്കൻഡുകൾ മാത്രം, കൂടുതലൊന്നും ആലോചിക്കാതെ ട്രാക്കിലേക്ക് കാലെടുത്തു വച്ചു, അച്ഛന്റെയും അമ്മയുടെയും മുഖങ്ങളിങ്ങനെ മിന്നി മായുന്നുണ്ടായിരുന്നെങ്കിലും അതൊന്നും എന്നെ പിന്തിരിപ്പിച്ചില്ല.

ട്രെയിൻ എന്നെ വന്നിടിച്ച നിമിഷം മുതലാണ് ഞാൻ യാഥാർഥ്യത്തിലേക്ക് തിരിച്ചെത്തിയതെന്നു തോന്നി. ഒരു നിമിഷം പിറകിലേക്ക് നടക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിചു തുടങ്ങിയതും അപ്പോഴയായിരുന്നു. ട്രെയിൻ പിഴുതെറിഞ്ഞ എന്റെ കാലുകളും കൈകളും തലയുമെല്ലാം അങ്ങിങ്ങായി ചെന്ന് വീണു. ചിന്നിച്ചിതറി ചോര വാർന്നൊലിക്കുന്ന എന്റെ ശരീരം വേദന കൊണ്ട് പുളഞ്ഞു ഞാൻ. മരണത്തിന്റെ വേദനയ്ക്കപ്പുറം ശരീരങ്ങൾ നുറുങ്ങുകളാവുമ്പോയുണ്ടാവുന്ന വേദന, അമ്മേ എന്ന് വിളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല, അച്ഛന്റെ കരങ്ങളെന്നെ വാരിപുണരാൻ എത്തിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു.

എല്ലാം കഴിഞ്ഞു ഈ ലോകം എനിക്കന്യമായെന്നു ഞാൻ തിരിച്ചറിഞ്ഞു. ചുറ്റിലും ആൾക്കൂട്ടം ആരൊക്കെയോ ചെർന്നെന്റെ ശരീര ഭാഗങ്ങൾ പെറുക്കിയെടുക്കുത്ത് തുണിയിൽ പൊതിഞ്ഞു വെക്കുന്നു. അപ്പോഴേക്കും എന്റമ്മയുടെ നിലവിളി ഞാൻ കുറച്ചകലെ നിന്നും കേട്ടു. പെയ്തൊഴിയാത്ത പെരുമഴപോലെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു, അലറി വിളിക്കുന്നുണ്ട്,"മോളെ അമ്മു... ". രക്തത്തിൽ കുളിച്ചു കിടന്ന വെള്ളത്തുണി എന്റെ മുഖത്ത് നിന്നും മാറ്റിയതും, അമ്മയുടെ നിയന്ത്രണം വിട്ടു, പൊട്ടിക്കരഞ്ഞു, ഉടൻ തന്നെ ബോധക്ഷയയായി. അമ്മയെ ആരൊക്കെയോ ചേർന്നു ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഞാനപ്പോഴും പോലീസുകാരുടെ കാവലിലായിരുന്നു. അധികം താമസിയാതെ അച്ഛനും ഏട്ടനും എത്തി, അച്ഛനെ ആരൊക്കെയോ താങ്ങി പിടിച്ചിരിക്കുന്നു, കാലുകൾ ചലിക്കാൻ പ്രയാസപ്പെടുന്നു, കണ്ണുകളിൽ ചോരത്തുള്ളികൾ സ്ഥാനം പിടിചിരിക്കുന്നു. എന്റെ അറ്റുപോയ പാദങ്ങളിൽ പിടിച്ചച്ഛൻ തേങ്ങലടക്കാൻ ശ്രമിക്കുന്നു. ഏട്ടൻ എന്നെ നിസ്സഹായതയോടെ നോക്കുന്നുമുണ്ട്.

അധികം താമസിയാതെ എനിക്ക് പോവാനുള്ള വാഹനം വന്നു, ആംബുലൻസ്. ആദ്യമായിട്ടാ ആംബുലൻസിലൊരു യാത്ര. ചെറുപ്പം മുതലേ എനിക്ക് ആംബുലൻസ് പേടിയാണെന്ന് അച്ഛനറിയാം, അതുകൊണ്ടായിരിക്കണം അച്ഛനെന്നെ കെട്ടി പിടിക്കാൻ ശ്രമിക്കുന്നുണ്ട്. ആശുപത്രിയിൽ എത്തിയ ഉടനെ എന്നെ മോർച്ചറിയിലേക്ക് കൊണ്ട് പോയി. ബാക്കി വന്ന ഭാഗങ്ങളിൽ വീണ്ടും ഡോക്ടർമാരുടെ വക കുത്തലും കീറലും. വേദന കൊണ്ട് പുളഞ്ഞ എന്റെ നിലവിളി ആരും കേട്ടില്ല. എല്ലാം കഴിഞ്ഞു അച്ഛനെന്നെ ഏറ്റു വാങ്ങി വീണ്ടും ആംബുലൻസിൽ വീട്ടിലേക്ക് യാത്രയായി. കൂടിനിന്ന നാട്ടുകാർക്കും വീട്ടുകാർക്കും നടുവിലൂടെ എന്നെ വീട്ടിനകത്തേക്ക് എടുത്തു കൊട്നു പോയി, സെന്റർ ഹാളിൽ ഒരു കട്ടിലിട്ട് എന്നെ അതിൽ കിടത്തി. ഞാൻ ഓടി ചാടി നടന്ന വീട്ടിൽ ഒന്നനങ്ങാനാവാതെ ഞാനാ കട്ടിലിൽ. ചുറ്റിലുമൊന്ന് കണ്ണോടിച്ചു, പലരും കണ്ണീർ പൊഴിക്കുന്നു. മുത്തശ്ശനും മുത്തശ്ശിയുമെല്ലാം അനുജനുമെല്ലാം കണ്ണീരിൽ കുതിർന്നിരുന്നു. 'അമ്മ എനിക്ക് മുന്നേ ആശുപത്രിയിൽ നിന്നു തിരിച്ചെത്തിയെങ്കിലും ഇപ്പോഴും അകത്തെ മുറിയിൽ തളർന്നു കിടക്കുന്നു, ഒന്നുറക്കെ കരയാൻ പോലുമാവാതെ. വീട്ടിലാകെ കുന്തിരിക്കത്തിന്റെ  മണം അലയടിച്ചു.

അല്പ സമയത്തിനു ശേഷം ആരൊക്കെയോ അച്ഛന്റെ അടുക്കൽ വന്നു പറയുന്നത് കേട്ടു കൂടുതൽ വൈകിക്കണോ എടുത്തൂടെ എന്ന്. അച്ഛനൊന്നും പറഞ്ഞില്ല. എങ്കിലും ബന്ധുക്കളൊക്കെ ചേർന്നെന്നെ യാത്രയാക്കാനൊരുക്കി. അപ്പോൾ അമ്മയോടാരോ പറഞ്ഞു "അമ്മുവിനെ കൊണ്ട് പോവുകയാ". നിയന്ത്രണം വിട്ട അമ്മ എന്റെ അടുത്തേക്ക് പാഞ്ഞടുത്തു, എന്നെ കെട്ടിപ്പിടിച്ചു ഒരുപാടുമ്മകൾ സമ്മാനിച്ച്, ആർക്കും വിട്ടു തരില്ലെന്ന് പറഞ്ഞൊരു കൊച്ചു കുട്ടിയെ പോലെ വാവിട്ടു കരഞ്ഞു. ആരൊക്കെയോ ചേർന്നെന്റമ്മയെ എന്നിൽ നിന്നും അടർത്തി മാറ്റി. ശേഷം എന്നെയും കൊണ്ടവർ ശ്മാശാനത്തിലേക്ക് നടന്നു നീങ്ങി. അവിടെ എന്നെയും കാത്തു കിടപ്പുണ്ടായിരുന്നു ആറടി മണ്ണ്, എന്നെ അതിൽ കിടത്തി മൂടാനൊരുങ്ങി എല്ലാവരുടെയും വകയായി മൂന്ന് പിടി മണ്ണ് എനിക്ക് സമ്മാനിച്ച് അവർ യാത്രയായി. ഞാനാ ഇരുട്ടുമുറിയിൽ തനിച്ചായി.

ആ ഒരൊറ്റ നിമിഷത്തെ ചിന്തകൾ, ആ എടുത്തു ചാട്ടം എനിക്ക് നഷ്ടപ്പെടുത്തിയത് എന്റെ സുന്ദരമായ ജീവിതം, എന്നെ സ്നേഹിക്കുന്നവരുടെ പുഞ്ചിരി, ലോകം എനിക്കായ് കത്ത് വെച്ചതെല്ലാം എന്നിൽ നിന്നകന്നു. പകരം എനിക്ക് കിട്ടിയതാവട്ടെ വേദനയുടേം കണ്ണീരിന്റെയും നാളുകൾ, ഇരുട്ടറയിൽ തനിച്ചുള്ള ജീവിതം, പുഴുക്കൾക്ക് പ്രാണികൾക്കും ഇരയായി മാറി ഞാനിന്നീ ഇരുട്ടറയിൽ തേങ്ങുന്നു. ഒരു ദിവസമെങ്കിലും തിരിച്ചുവരാൻ സാധിചിരുന്നെങ്കിലെന്ന് കൊതിക്കാത്ത നിമിഷങ്ങളലില്ല.ഇനി ഒരിക്കലും തിരിച്ചു വരാനാവില്ലെന്ന് ഉറപ്പുണ്ടെങ്കിലും കൊതിയുണ്ട് അമ്മയുടെ മടിയിൽ കിടന്നുറങ്ങാൻ, അച്ഛന്റെ കരസ്പർഷമേറ്റൊന്നു ചായാൻ, ഏട്ടന്റെ കുഞ്ഞു പെങ്ങളായി ജീവിക്കാൻ, കുഞ്ഞനിയന്റെ കൂടെ തല്ല് കൂടാൻ, മുത്തശ്എന്റേം മുത്തശ്ശിയുടെയും സ്നേഹത്തിൽ ചാലിച്ച കഥകൾ കേൾക്കാൻ, കൂട്ടുകാരോടൊന്നിച് ആർത്തുല്ലസിക്കാൻ.

(ജീവിതത്തിലെ കുഞ്ഞു കുഞ്ഞു പ്രശ്ങ്ങൾക്കു മുമ്പിൽ ആത്മഹത്യയെ കൂട്ട് പിടിക്കുന്നവർ അറിയുന്നില്ല അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ, അവർ ചെയ്യുന്ന പാപം. ദൈവം തന്ന ജീവനും ജീവിതവും തിരിച്ചെടുക്കാനും അവസാനിപ്പിക്കാനുമുള്ള അവകാശം അവനുമാത്രമാണ്)

12 comments:

 1. മരിച്ചുപോയ ഒരാൾ എഴുതുന്ന കത്ത്.... ഹൃദയസ്പർശിയായി....
  പെട്ടെന്നുണ്ടാകുന്ന ഒരു വികാരത്തിൽ തോന്നുന്നത്.... പിന്നീട് വേണ്ടായിരുന്നു എന്ന് ചിന്തിക്കുന്നുണ്ടാവാം ഇങ്ങനെയുള്ള ആത്മാക്കൾ... അറിയില്ലല്ലോ ഇതിനപ്പുറം ഉള്ള ലോകം... അല്ലെങ്കിൽ അങ്ങനെ ഒന്നുണ്ടോ എന്ന്.
  കഥ കൊള്ളാം. കഥയുടെ രൂപത്തിൽ ഒരു നല്ല മെസ്സേജ്. ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി ചേച്ചി..😍😍

   പലരും ആഗ്രഹിക്കുന്നുണ്ടാവും ഒന്ന് തിരിച്ചു വരാൻ...അപ്പോഴും തിരുത്താൻ പറ്റാത്ത ഒരു തെറ്റായി അതവിടെ കിടക്കും..!!

   Delete
 2. ഇനി പറഞ്ഞിട്ടെന്തു കാര്യം? എഴുത്തു കൊള്ളാം. വളരെ നീണ്ടു പോയത് കൊണ്ട് അത്ര ഹൃദയസ്പർശി ആയില്ല.

  ReplyDelete
  Replies
  1. നന്ദി ചേട്ടാ.. വായനക്ക് ഈ വാക്കുകൾക്ക്..

   എഴുത്തിലെ തെറ്റുകൾ തിരുത്താൻ ശ്രമിക്കാം.. നന്ദി ഈ തിരുത്തലിന്..!!😍😍😍

   Delete
  2. നന്ദി ചേട്ടാ.. വായനക്ക് ഈ വാക്കുകൾക്ക്..

   എഴുത്തിലെ തെറ്റുകൾ തിരുത്താൻ ശ്രമിക്കാം.. നന്ദി ഈ തിരുത്തലിന്..!!😍😍😍

   Delete
 3. ഒട്ടും മുഷിപ്പ് തോന്നിയില്ല . ആദ്യ പ്രണയത്തിന്റെ തീവ്രത അല്പം കൂടി വിവരിച്ചു ആ പെൺകുട്ടി എന്തുകൊണ്ട് മരിക്കാൻ തീരുമാനം എടുത്തു എന്നു വിവരിച്ചാൽ നന്നായിരുന്നു . ആശയം നന്നായി വായനക്കാരിൽ എത്തുന്നുണ്ട് ...ആശംസകൾ

  ReplyDelete
  Replies
  1. നന്ദി ചേട്ടാ.. ഈ ഒരഭിപ്രായത്തിന്.. എനിക്കും ഇപ്പോൾ തോന്നുന്നു പ്രണയത്തിന്റെ തീവ്രത കുറച്ചു കൂടി വിവരിക്കമായിരുന്നു എന്ന്.. ഒരുപക്ഷെ ആത്മഹത്യയുടെ ആ ഒരു ഭീകരത കൂടുതൽ പകർത്താൻ ശ്രമിച്ചത് കൊണ്ടായിരിക്കാം ഞാൻ പ്രണയത്തിന്റെ തീവ്രത വിവരിക്കാൻ വിട്ടുപോയത്..

   Delete
 4. എഴുത്ത് കൊള്ളാം
  എന്നാലും ഒന്നു കൂടി നന്നായി
  ഇമ്പ്ര വൈസ് ചെയ്യണം കേട്ടോ ആഷിക്

  ReplyDelete
  Replies
  1. നന്ദി ചേട്ടോ.. 😍😍

   തെറ്റുകൾ തിരുത്താൻ ശ്രമിക്കാം.. നന്ദി വിലപ്പെട്ട ഈ തിരുത്തലിന്..
   എവിടെ, എങ്ങനെ ഇമ്പ്രോവൈസ് ചെയ്യണം എന്നുകൂടി അറിഞ്ഞാൽ അതിൽ കൂടുതൽ ശ്രദ്ധിക്കമായിരുന്നു..

   Delete
 5. കൊള്ളാം ആഷിഖേ.നല്ല ഇഷ്ടമായി.(അവളുടെ മരണഭാഗം വിവരിക്കാൻ കഥയുടെ സിംഹഭാഗവും അപഹരിച്ചതിൽ ഞാനെന്റെ നിരാശയും രേഖപ്പെടുത്തുന്നു.)

  ReplyDelete
  Replies
  1. ആത്മഹത്യയ്‌ക്കെതിരെ ഒരു ബോധവത്കരണം കൂടെ എഴുത്തിലൂടെ ഉദ്ദേശിച്ചത് കൊണ്ടാവാം അങ്ങനെ സംഭവിച്ചത്. മുകളിൽ പുനലൂരാൻ ചേട്ടൻ പറഞ്ഞ പോലെ പ്രണയ വിവരണം കുറച്ച കൂടെ ആവമായിരുന്നു എന്നിപ്പോൾ തോന്നുന്നു..

   നന്ദി സുധി ചേട്ടോ.. തെറ്റ് തിരുത്താൻ ആത്മാർത്ഥമായി ശ്രമിക്കുന്നതാണ്...!!

   Delete
  2. ആത്മഹത്യയ്‌ക്കെതിരെ ഒരു ബോധവത്കരണം കൂടെ എഴുത്തിലൂടെ ഉദ്ദേശിച്ചത് കൊണ്ടാവാം അങ്ങനെ സംഭവിച്ചത്. മുകളിൽ പുനലൂരാൻ ചേട്ടൻ പറഞ്ഞ പോലെ പ്രണയ വിവരണം കുറച്ച കൂടെ ആവമായിരുന്നു എന്നിപ്പോൾ തോന്നുന്നു..

   നന്ദി സുധി ചേട്ടോ.. തെറ്റ് തിരുത്താൻ ആത്മാർത്ഥമായി ശ്രമിക്കുന്നതാണ്...!!

   Delete