Friday, 7 October 2016

"ഇഷ്ടമാണ്.... പക്ഷെ...."എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ..
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണെ..


"എന്ന് നിന്റെ മൊയ്‌തീൻ" സിനിമ കണ്ട ആവേശത്തിൽ "പരിശുദ്ധ പ്രണയം" സ്വപ്നം കണ്ടു നടക്കുന്ന കാലം. ഇതിനു മുൻപും പ്രണയാഭ്യര്ഥനകൾ നടത്തി പൂർണ പരാജയം കൈവരിച്ചിട്ടുണ്ടെങ്കിലും മൊയ്‌തീൻ കണ്ടപ്പോ മുൻപ് ആരോ കൊത്തി വെച്ച വാക്കുകൾ എന്റെ ജീവിതത്തിലേക്കും കടമെടുക്കാൻ തോന്നി "പരാജയങ്ങളിൽ നിന്ന് പാഠം ഉൾകൊണ്ട് വിജയത്തിലേക്ക് നടന്നു കയറൂ". വിഷയം പ്രണയമായതു കൊണ്ടും, എന്റെ ഉള്ളിലെ നിരാശ കാമുകൻ ഒരു പ്രണയിനിക്കായി ദാഹിച്ചിരിക്കുന്നത് കൊണ്ടും ആവേശം കൊടുമുടിയിലായിരുന്നു.

ആഹാ.നിക്ക് നിക്ക്.... എന്റെ പ്രണയകഥ മാത്രം അറിഞ്ഞാൽ മതിയോ.. ഈ ഞാൻ ആരാണെന്നു കൂടി അറിയണ്ടേ..????

ഞാൻ ഷാൻ, ബിരുദ വിദ്യാർത്ഥി, വാണിജ്യമാണെൻറെ വിഷയയമെങ്കിലും പ്രേമമാണ്  ഞാൻ പഠിച്ചോണ്ടിരിക്കുന്നത്. ജീവിതത്തിൽ ഏറ്റവും കളർഫുള്ളായ കലാലയ ജീവിതത്തിലൂടെ കടന്നു പോവുന്ന സമയം, അപ്പോഴാണ് ഞാനും ഒരു പ്രേമ രോഗിയായിമാറുന്നത്... അത്യാവശ്യം നന്നായി വായ നോക്കും, ആവശ്യത്തിൽ കൂടുതൽ തല്ലു കൊള്ളിത്തരം, ഇതിൽ കൂടുതലൊന്നും പറയേണ്ടല്ലോ ഞാൻ ഒരു മാന്യനാണെന്നു തെളിയിക്കാൻ. ടീച്ചേഴ്സിനൊക്കെ ഭയങ്കര ഇഷ്ടമാ എന്നെ, എന്താണെന്നറിയില്ല എന്നോടുള്ള ഇഷ്ടം കൂടുമ്പോ ഇടയ്ക് ഇടയ്ക്  അവര്കെന്റെ വീട്ടുകാരെയും കാണാൻ തോന്നും, ചിലപ്പോ ഇഷ്ടം  ഇമ്പോസിഷനുകളിലൂടടെയും ഗെറ്റ് ഔട്ട് അടിച്ചും പ്രകടിപ്പിക്കാറുണ്ട്.
ഇപ്പോൾ നിങ്ങൾക്കെന്നെ മനസ്സിലായല്ലോ..? ഇനി നമ്മുടെ കഥയിലേക്ക് തിരിച്ചു വരാം..

അങ്ങനെ ഞാൻ മൊയ്‌തീൻ ആകാൻ തീരുമാനിച്ചെങ്കിലും, ഒരു കാഞ്ചനയെ കണ്ടെത്താൻ എനിക്ക് സാധിച്ചില്ല, ആരും തയ്യാറാവുന്നില്ല എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. സൗന്ദര്യം ഒരു ശാപമായിപ്പോയതോ പൊതുവെ ഒരു മാന്യനായിപ്പോയതോ, എന്താണെന്നറിയില്ല എന്റെ പ്രയാഭ്യര്ഥനകളൊക്കെ ചീറ്റിപ്പോയി. എന്ത് പറയാനാ ആ പെൺപിള്ളേർക്കൊന്നും ഭാഗ്യമില്ല അത്ര തന്നെ.

അങ്ങനെ പരീക്ഷയിൽ മാത്രമല്ല പ്രണയ നാടകത്തിലും തോറ്റ്  തുന്നം പാടി നിൽക്കുന്ന സമയത്താണ് നമ്മടെ പുത്തൻ പ്രതീക്ഷകളുടെ കടന്നു വരവ്. മനസ്സിലായില്ല..? നമ്മുടെ സ്വന്തം ജൂനിയർസ്‌.  വീണ്ടും എന്നിലെ രമണൻ ഉണർന്നു, ചന്ദ്രികയുടെ കാലൊച്ചയ്ക്കായ്.
റാഗിങ്ങും വായ്നോട്ടവുമൊക്കെയായി ഒന്ന് രണ്ടു ആഴ്ചകൾ കടന്നു പോയെങ്കിലും, ഞാൻ ഒരുക്കി വെച്ച പ്രേമ കൂട്ടിലേക്ക് ചേക്കേറാൻ പോന്ന ഒരു കിളിയെയും എനിക്ക് കണ്ടെത്താനായില്ല. പരിശുദ്ധ പ്രണയം സ്വപ്നം കാണുന്നത് കൊണ്ടോ മൊയ്തീനാകാൻ  തീരുമാനിച്ചത് കൊണ്ടോ, എന്താണെന്നറിയിൽ ഇത് വരെ കണ്ട മുഖങ്ങളൊക്കെയും കാഴ്ചയെ സ്പർശിച്ചതല്ലാതെ മനസ്സിൽ പതിഞ്ഞില്ല.

ആ ..അങ്ങനെ പ്രതീക്ഷകൾ പോലും എന്നെ പരാജയപ്പെടുത്തിയ സമയത്താണ്, കഥയിൽ ട്വിസ്റ്റുമായി ഒരു "ന്യൂ എൻട്രി", അതെ ഒരു പെൺതരി, അവൾ പിച്ച വെച്ചു കേറിയത് നമ്മുടെ കോളേജിലേക്ക് മാത്രമല്ല, എന്റെ മനസ്സിലേക്ക് കൂടിയാ...

പേര് ഷഫ്‌ന, ബി എ ഇംഗ്ലീഷ് ആണ് വിഷയം, വേറൊരു കോളേജിലും അഡ്മിഷൻ ശരിയാവാത്തത്  കൊണ്ട് മാത്രം നമ്മുടെ കോളേജിലേക്ക് വന്നു... അവൾക്കറിയില്ലല്ലോ എന്റെ പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റെയും ഫലമായാണ് അവൾക് വേറെ എവിടെയും അഡ്മിഷൻ കിട്ടാതിരുന്നതെന്ന്..


കൂട്ടുകാർ എല്ലാവരും റാഗിംഗിന് ഒരു പുതിയ ഇരയെ കിട്ടിയ സന്തോഷത്തിൽ നിൽക്കുമ്പോഴും ഞാൻ അവളുടെ മുഖത്തു നിന്നും കണ്ണ് എടുത്തതെ ഇല്ല.. ആദ്യം ഉടക്കിയത് അവളുടെ പൂച്ച  കണ്ണുകളാണെങ്കിലും കുപ്പി വള പൊട്ടി ചിതറിയ പോലുള്ള അവളുടെ ചിരിയും  എന്നെ ഹഠാതാകര്ഷിച്ചു എന്ന് പറയുന്നതായിരിക്കും സത്യം.. അങ്ങനെ അവസാനം ഞാനെന്റെ കാഞ്ചനയെ കണ്ടെത്തി, ഇനി എന്നെ മൊയ്തീനായി കാണാൻ അവള് കൂടി തയ്യാറായാൽ മതിയായിരുന്നു.. അതിനുള്ള അങ്കത്തിന് ഞാൻ കച്ച കെട്ടി ഇറങ്ങാൻ തന്നെ തീരുമാനിച്ചു..

അവളെ ആകർഷിക്കാനും എന്റെ ഇഷ്ടം പറയാതെ പറയാനും പല അടവുകളും ഞാൻ പയറ്റി നോക്കിയെങ്കിലും ചില സൂചനകൾ നല്കനായി എന്നല്ലാതെ കാര്യമായ ചലനങ്ങളൊന്നും തന്നെ ഉണ്ടാക്കാൻ സാധിച്ചില്ല. ഈ ഒരു വിഷയത്തിൽ മാത്രം,  ഇത്രയും കാലം എനിക്കുണ്ടായിരുന്ന ധൈര്യമൊക്കെയും അവളുടെ മുന്നിലെത്തുമ്പോൾ ചോർന്നില്ലാതാവുന്നതു പോലെ.. ഇതിനു മുന്പും പ്രയാഭ്യര്ഥനകൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഷഫ്‌നയുടെ മുമ്പിലെത്തുമ്പോൾ മാത്രം ഇതുവരെയില്ലാത്തൊരു പേടി, വിറയൽ. അങ്ങനെ ഞാനെന്റെ മനസ്സിലെ ഇഷ്ടം അക്ഷര രൂപത്തിൽ  കടലാസിലാക്കി അവളെ അറിയിക്കാൻ തീരുമാനിച്ചു. ഭാവനയും വർണനയും ഒരുപാടുള്ളതുകൊണ്ടാണോ എന്നറിഞ്ഞുകൂടാ അക്ഷരങ്ങൾ മറന്നത് പോലെ പേന ചലിക്കാൻ ബുദ്ധിമുട്ടുന്നു. എങ്കിലും ഞാനെന്റെ ഇഷ്ടം ഒരൊറ്റ വരിയിലൊതുക്കി "എന്റെ സ്നേഹ കൂട്ടിലേക്ക് പോരുന്നോ പൂച്ച കണ്ണുള്ള രാജകുമാരി....".അല്ലെങ്കിലും യഥാർത്ഥ സ്നേഹം പ്രകടിപ്പിക്കാൻ അക്ഷരക്കൂട്ടുകൾക്കാവില്ലല്ലോ .അവളുടെ കൂട്ടുകാരി എന്റെ ഹംസമായി മാറിയതും അങ്ങനെ. അവൾ അത് വാങ്ങിയെന്ന് അറിഞ്ഞപ്പോൾ ഞാൻ എന്തെന്തിന്നില്ലാത്ത ആഹ്ലാദത്തിൽ അലതല്ലി, ഒരു മറുപടിക്കായി കാത്തിരുന്നു. ദിനങ്ങൾ കുറെ അങ്ങനെ കടന്നു  പോയി, പക്ഷെ കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞതല്ലാതെ മറുപടിയൊന്നും വന്നില്ല. ഹംസത്തെ വീണ്ടും നിയോഗിച്ചുവെങ്കിലും നിരാശ തന്നെ ആയിരുന്നു ഫലം, താല്പര്യമില്ലെന്നായിരുന്നു മറുപടി.  തോൽവി ഒരു പുത്തരിയല്ലാത്ത എനിക്ക് അവിടെയും പതറാതിരിക്കാനുള്ള ആർജ്ജവം ഉണ്ടായിരുന്നു.


പക്ഷെ ആ കാത്തിരിപ്പിനും ആ തോൽവിക്കും ഒരു സുഖമുണ്ടായിരുന്നു.
ദിനങ്ങൾ വിടപറയുംതോറും അവളോടുള്ള മൊഹബ്ബത് കൂടി വരുന്നതേ ഉള്ളൂ.


അങ്ങനെ ഇഷ്ടം അവളുടെ മുമ്പിൽ നേരിട്ട് അവതരിപ്പിക്കാൻ തന്നെ തീരുമാനിച്ചു. കിട്ടാവുന്നിടത്തുന്നൊക്കെ ധൈര്യം സംഭരിച്ചു ഒരു പെർഫോമൻസിനു തന്നെ തയ്യാറായി. പിറ്റേ ദിവസം  അവളെ കണ്ട് സംസാരിക്കാനായി അവൾ പതിവായി വരാറുള്ള കാന്റീനിലേക്കുള്ള വഴിയിൽ കാത്തു നിന്നെങ്കിലും അവളുടെ കാൽപാദങ്ങൾ അന്നാവഴി സ്പര്ശിച്ചതെ ഇല്ല.ഞാൻ സ്വയം ചോദിച്ചു ഇതിനെയാണോ ദൈവത്തിന്റെ വികൃതകൾ എന്ന് പറയുന്നത്. അടുത്ത ദിവസം വീണ്ടും സ്റ്റാർട്സ്പോർട്സിൽ ഹൈലൈറ്റ്സ് ഇട്ട പോലെ സെയിം പൊസിഷൻ സെയിം പ്ലേസ് സെയിം പ്ലയെർ, ലക്‌ഷ്യം ഒന്ന് മാത്രം. ധൈര്യം ചോർന്നു പോവുമെന്ന് തോന്നിയെങ്കിലും എങ്ങനെയൊക്കെയോ പിടിപിച്ചു നിർത്തി. കാത്തിരിപ്പിന് വിരാമമായി അവളുടെ കാൽപാദങ്ങൾ മണ്തരികളെ ചുംബിച്ചുകൊണ്ടിതാ എന്റെ അരികിലേക്ക് നടന്നു വരുന്നു, അവളുടെ കൂട്ടുകാരികളുമുണ്ടായിരുന്നു കൂടെ. നെഞ്ചത്തൊരു ജെനെറേറ്റർ കേറ്റി  വച്ചപോലെ ഹൃദയം പട പടാന്നു ഇടിക്കാൻ തുടങ്ങി. അവൾ അരികിലെത്തി, ഉള്ളിലെ ഭയം പുറത്തു കാണിക്കാതെ അവളെ വിളിച്ചു "ഷഫ്‌ന, ഒന്നു നിൽക്കൂ". അവൾ പിടിതരാതെ മുന്നോട്ട് കുതിക്കാൻ ശ്രമിച്ചെങ്കിലും എങ്ങനെയൊക്കെയേ ഞാൻ അവളെ പിടിച്ചു നിർത്തി പറഞ്ഞു, "എനിക്കൊന്നു സംസാരിക്കണം". "എനിക്കൊന്നും സംസാരിക്കാനില്ലെന്നായിരുന്നു" അവളുടെ മറുപടി. ഞാൻ വിട്ടില്ല "തനിക്കൊന്നും സംസാരിക്കാനില്ലെങ്കിലും കുഴപ്പമില്ല ഞാൻ പറയുന്നത് താൻ കേൾക്കണം, കേട്ടെ പറ്റൂ", അപ്പോഴും അവളൊന്നും തിരിച്ചു പറഞ്ഞില്ല, ഞാൻ തുടർന്നു "എന്റെ ഇഷ്ടം ഞാൻ ഒരിക്കൽ തന്നെ അറിയിച്ചതാണ്, താൻ അപ്പോൾ മറുപടി പറഞ്ഞതാണെങ്കിലും എനിക്ക് തന്നെ അങ്ങനെ മറക്കാൻ സാധിക്കില്ല,ഇതിനു മുന്പും ഒരുപാട് തവണ കളിയായി പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിലും തന്നോടുള്ള ഇഷ്ടം ആത്മാര്ഥമാണ്.എനിക്കിഷ്ടമാണ് തന്നെ ഒരുപാട് ഒര്പാട്" അൽപ നേരം നിശബ്ദതയുടെ അലയൊലി, വീണ്ടും തുടർന്നു "മാഷ് ഒന്നുകൂടി ആലോചിച്ചു നോക്കൂ, പക്ഷെ ഒരു അപേക്ഷ മാത്രം ഉത്തരം നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും എന്റെ മുഖത്തു  നോക്കി പറയണം, ഞാൻ കാത്തിരിക്കും". പിന്നീടൊന്നിനും അവൾ കാത്തിരുന്നില്ല, അവൾ ക്ലാസ്റൂമിലെക്ക് ഓടിയകന്നു.


അന്ന് രാത്രി എനിക്ക് നിദ്രയിലേക്കിറങ്ങിച്ചെല്ലാൻ സാധിച്ചില്ല, അവളുടെ മറുപടി എന്തായിരിക്കുമെന്നുള്ള ടെൻഷൻ അലട്ടിക്കൊണ്ടിരിക്കുന്നതിനിടയ്ക്കും കണ്ണുതുറന്നു  സ്വപ്‌നങ്ങൾ കാണാൻ ഞാൻ മറന്നില്ല ആ സ്വപ്നങ്ങളിലൊക്കെയും അവളായിരുന്നു. അവളുടെ മറുപടി പോസിറ്റീവ് ആയിരിക്കും എന്ന് വിശ്വസിച്ചു കൊണ്ടും, ആയിരിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടും നിമിഷങ്ങൾ തള്ളി നീക്കി.നേരം പുലർന്നു, അപ്പോഴാണ് ഞാൻ ഓർത്തത് ഇന്ന്  കോളേജിൽ ഓണാഘോഷമാണ്, അവളുടെ മറുപടിയും കാത്തിരിക്കുന്ന എനിക്ക് ഓണാഘോഷത്തെ കുറിച്ചുള്ള ചിന്തകളെ ഉണ്ടായിരുന്നില്ല. അവളുടെ മറുപടിക്കായുള്ള  കാത്തിരിപ്പ് മാത്രമായിരുന്നു മനസ്സിൽ. എങ്കിലും മുണ്ടും ഷർട്ടും ധരിച്ചു തന്നെയാണ് കോളേജിലേക്ക് പുറപ്പെട്ടത്. കൂട്ടുകാരെല്ലാം പൂക്കളമൊരുക്കിയും, സദ്യയൊരുക്കിയും , പാട്ടുകൾ പാടിയും, താളം പിടിച്ചും, തിരുവാതിര കളിച്ചും ഓണാഘോഷിക്കുമ്പോൾ ചെണ്ട കൊട്ടിന്റെ താളത്തിൽ ഇടിക്കുന്ന ഹൃദയവുമായി ഞാൻ ആ പൂച്ച കണ്ണിയെ തിരയുകയാണ്, അവളുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. ഒരുപാട് നേരത്തെ തിരച്ചിലിനോടുവിൽ അവളെ ഞാൻ കണ്ടെത്തി, അവൾ എന്നെയും കാത്തിരിക്കുവായിരുന്നു, നമ്മൾ അന്നു സംസാരിച്ച അതെ സ്ഥലത്തു. ഇന്നവളുടെ വേഷം സാരിയാണ്, അത് കൊണ്ടാണോ എന്നറിയില്ല ഇന്നവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു, കണ്ണുകൾക്കു തിളക്കം കൂടിയത് പോലെ, നാണിച്ചുള്ളൊരു പുഞ്ചിരിക്കു കൂടുതൽ അഴക് വന്നത് പോലെ. എല്ലാം കൊണ്ടും ശുഭ സൂചനയാണെന്ന് വിശ്വസിസിച്ചു കൊണ്ട് ഞാൻ ഒരു അമൽ നീരദ് സിനിമയെ ഓര്മപ്പെടുത്തും വിധം അവളുടെ അടുത്തേക്ക് നടന്നു നീങ്ങി, അവളോടുള്ള നിഷ്കളങ്ക സ്നേഹത്തിനു മുന്നിൽ ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ കയ്യും കെട്ടി  അവളുടെ മുന്നിൽ ഒന്നും മിണ്ടാതെ കുറച്ച നേരം നിന്നു.
അൽപ സമയത്തിനു  ശേഷം ഇടറിയ, പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു "ഞാൻചോദിച്ചതിനുള്ള മറുപടി കിട്ടിയില്ലല്ലോ..?? പോരുമോ എന്റെ ജീവന്റെ പാതിയാവാൻ..??"
മറുപടി പറയാൻ ഒരുങ്ങിയപ്പോൾ അവളുടെ ചുണ്ടുകൾ  വിറക്കുന്നുണ്ടായിരുന്നു, എന്നാലും അവൾ പറഞ്ഞു "എനിക്ക് ഇഷ്ടമാണ്, പക്ഷെ..."
ഒരു ഇടിമിന്നലേറ്റ പോലെ ഞാൻ...
അവൾ തുടർന്നു "ഞാൻ ഇഷ്ടപെട്ടവരേക്കാൾ എനിക്കിഷ്ട്ടം എന്നെ ഇഷ്ടപെട്ടവരെയാണ്, എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ എനിക്ക് ചുറ്റുമുണ്ട്. എന്റെ ഈ ഇഷ്ടം അവരെ വേദനിപ്പിക്കുമെന്നതിനാൽ ഇത് വേണ്ടെന്ന് വെക്കാനാണ് എനിക്കിഷ്ടം.., എങ്കിലും ഞാൻ കാത്തിരിക്കാം, ഷാനിക്ക സമായമാവുമ്പോ എന്റെ വീട്ടിൽ വന്നു ഉപ്പയോട് സംസാരിക്കുമെങ്കിൽ.." അത്രയും പറഞ്ഞു അവൾ നിർത്തി.

ഇതൊക്കെ കേട്ട നിന്ന ഞാൻ എന്ത് പറയണമെന്നറിയാതെ കുറച്ച നേരം തരിച്ചു നിന്ന്, അപ്പോഴും ഞാൻ അവളെ കൂടുതൽ ഇഷ്ടപ്പെടുകയാണ്.  ഇത്രയും കാലം ഞാൻ സ്നേഹിച്ചത് അവളുടെ മുഖത്തെ മൊഞ്ചിനെ ആയിരുന്നെങ്കിൽ, ആ നിമിഷം മുതൽ ഞാൻ തിരിച്ചറിഞ്ഞു "അവളുടെ മുഖത്തേക്കാൾ അഴക് അവളുടെ മനസ്സിനാണെന്നു.."

ചെറുപുഞ്ചിരിയോട് കൂടി ഞാൻ അവളോട് പറഞ്ഞു "കാത്തിരിക്കണം, ഞാൻ വരും..."

ഇതുകേട്ട അവളുടെ മുഖത്തും നിലാവുദിച്ചു..പാൽപുഞ്ചിരി തൂകി...

ഇപ്പോൾ ഞങ്ങൾ കാത്തിരിക്കുകയാണ് ആ ഒരു ദിനത്തിന് വേണ്ടി... അവൾ എന്റേത് മാത്രമാകുന്ന ആ സുദിനത്തിനു വേണ്ടി...ആ കാത്തിരിപ്പിന്റെ സുഖം ഞങ്ങളിപ്പോൾ ആസ്വദിക്കുകയാണ്...

8 comments:

 1. അതു കലക്കി. കാത്തിരിപ്പിന്റെ സുഖവും അർപ്പണബോധവും അവസാനം എല്ലാം ശുഭമാവുമ്പോഴത്തേ സംതൃപ്തിയും. ആരെയും വേദനിപ്പിക്കാതെ. ഈ കാത്തിരിപ്പ് ജീവിതം വെട്ടിപ്പിടിക്കാനുള്ള ഊർജ്ജമാണ്...

  ReplyDelete
  Replies
  1. സ്നേഹിക്കുന്നവർക് വേണ്ടി കാത്തിരിക്കാൻ ഒരു പ്രത്യേക സുഖമല്ലേ...!!!

   Delete
 2. ഈ കാത്തിരിപ്പ് വെറുതെയാകാനാണ് സാദ്ധ്യത. ഒരു ശല്യത്തെ സ്നേഹത്തിന്റെ ഭാഷയെ കൂട്ടുപിടിച്ചവൾ വളരെ വിദഗ്ദ്ധമായങ്ങൊഴിവാക്കി ...!
  അതറിയാതെ മന്ദബുദ്ധിയായ കാമുകൻ ഇപ്പോഴും കാത്തിരിക്കുന്നു ..
  കിഴങ്ങൻ....!!

  ReplyDelete
  Replies
  1. വെറുതായ്‌വില്ല എന്നുള്ളൊരു വിശ്വാസം.. അതിന്റെ മേലുള്ളൊരു കാത്തിരിപ്പ്.. അതാണ് ഇവിടെ..


   നിഷ്കളങ്കമായി സ്നേഹിക്കുന്നവർ ചില സമയങ്ങളിൽ മറ്റുള്ളവർക് മുമ്പിൽ മാത്രം മന്ദബുദ്ധികൾ/കോമാളികൾ ആയി മാറാറുണ്ട് എന്നുള്ളത് ഒരു നഗ്‌ന സത്യം മാത്രം...!!!

   Delete
  2. വെറുതായ്‌വില്ല എന്നുള്ളൊരു വിശ്വാസം.. അതിന്റെ മേലുള്ളൊരു കാത്തിരിപ്പ്.. അതാണ് ഇവിടെ..


   നിഷ്കളങ്കമായി സ്നേഹിക്കുന്നവർ ചില സമയങ്ങളിൽ മറ്റുള്ളവർക് മുമ്പിൽ മാത്രം മന്ദബുദ്ധികൾ/കോമാളികൾ ആയി മാറാറുണ്ട് എന്നുള്ളത് ഒരു നഗ്‌ന സത്യം മാത്രം...!!!

   Delete
 3. ഇപ്പഴാണ് വായിച്ചത്.ദേ ഒരു കോഴി.
  നല്ല കഥ. ഇഷ്ടായി. കാത്ത് വെച്ചൊരു കസ്തൂരി മാമ്പഴം ആരൊ കല്ലെറിഞ്ഞ് പറച്ചോണ്ട് പോയ പോലെ ആകോ അവസാനം?

  സ്വയം പരിജയപ്പെടുത്തിയ ഭാഗം ഒക്കെ നന്നായിരുന്നു ട്ടോ. ട്ടോ.

  ReplyDelete