Sunday, 18 December 2016

എന്റെ പെണ്ണ്

വീക്കെൻഡ് ആയത് കൊണ്ട് ഇന്ന് വൈകുന്നേരം ഞാനും സഹധര്മിണിയും മോളും കൂടെ ഒന്ന് പുറത്തേക്കിറങ്ങിയിരുന്നു. തിരക്ക് പിടിച്ച ജീവിതത്തിൽ കുറച്ചു സമയമെങ്കിലും ഭാര്യക്കും മോൾക്കും ഒപ്പം ചിലവഴിക്കാൻ ഞാനെപ്പോഴും ശ്രമിക്കാറുണ്ട്. അടുക്കളയിൽ നിന്നും അവൾക്കൊരു മോചനം ലഭിക്കുന്നതും ഇങ്ങനെ ഉള്ള നിമിഷങ്ങളിലാണ്. ഒന്നും അവൾ ആവിശ്യപെടാറില്ലെങ്കിലും അവളുടെ ഇഷ്ടങ്ങൾ അവൾ പറയാതെ നടത്തികൊടുക്കുന്നതാണെനിക്കിഷ്ടം.

മോളുടെ ഇഷ്ട സ്ഥലം കടൽത്തീരമായതുകൊണ്ടു തന്നെ ബീച്ചിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. വണ്ടി പാർക്ക് ചെയ്തു കടൽ തീരത്തിലേക്കുള്ള നടപ്പാതയിലൂടെയുള്ള നടക്കുന്നതിനിടയിലാണ് ആ പെൺകുട്ടി എന്റെ കാഴ്ചയിൽ പെട്ടത്. ആദ്യ കാഴ്ച്ചയിൽ തന്നെ എവിടെയോ കണ്ടു മറന്നത് പോലെ. മോളുടെ കൈയും പിടിച്ചു തീരത്തേക്ക് നടന്നടുക്കുമ്പോഴും എന്റെ ചിന്തകൾ അവളെ കുറിച്ചായിരുന്നു. ഓർമ്മകളുടെ ചില്ലു കൂട്ടിൽ ഞാനവളെ തിരഞ്ഞു കൊണ്ടിരുന്നു.

"നിങ്ങൾക്കിതെന്ത് പറ്റി ഇക്കാ" ഷാനുവിന്റെ ചോദ്യ വന്നപ്പോഴാണ് ഞാനാ ചിന്തയിൽ നിന്നുണർന്നത്.

"ഒന്നുമില്ലെടോ..ചുമ്മാ ഓരോന്ന് ആലോചിച്ചതാ"

"അതെന്താ ഇപ്പൊ പെട്ടെന്ന്, അതും ഇവിടെ വന്നിരുന്ന് ആലോചിക്കാൻ മാത്രം" ഷാനു വിട്ടില്ല

അവൾ എന്റെ ഒരു ഭാര്യമാത്രമല്ല നല്ലൊരു സുഹൃത്തുകൂടിയാ, എല്ലാ അർത്ഥത്തിലും നല്ലൊരു ജീവിത പങ്കാളി. അതുകൊണ്ടു തന്നെ എന്റെ ഒരോ മുഖ ഭാവങ്ങളും ചലനങ്ങളും അവൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. സങ്കടമായാലും സന്തോഷമായാലും ഞങ്ങൾ പരസ്പരം പങ്കു വെക്കാറുണ്ട്, അത് കൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ രഹസ്യത്തിൻറെ ഒളിപ്പോരിനും സാധ്യതയില്ല.

"നീ ശ്രദ്ധിച്ചോ, ഞങ്ങൾ നടന്നു വരുമ്പോൾ കപ്പലണ്ടി വിറ്റുകൊണ്ട് ഞങ്ങളെ കടന്നു പോയ ആ പെൺകുട്ടിയെ"

"ഇല്ല ഇക്കാ.. ഞാനങ്ങനെ ഒരാളെ ശ്രദ്ധിച്ചതേ ഇല്ല. ആരാ അത്?"

"അത് തന്നെയാ ഷാനു ഞാനും ആലോചിക്കണെ. എവിടെയോ കണ്ടു മറന്നൊരു മുഖം, നല്ല മുൻപരിചയം. പക്ഷെ എവിടെയാണെന്നോ ആരാണെന്നോ ഓർമയിൽ തെളിയുന്നില്ല"

"ഒന്ന് കൂടെ ഒന്നിരുന്ന് ആലോചിച്ചു നോക്ക് ഇക്കാ. കിട്ടും. അപ്പോഴേക്ക് ഞാനൊന്ന് മോളുടെ കൂടെ കടലിൽ കളിച്ചിട്ട് വരാം" എന്ന് പറഞ്ഞു ഷാനു മോളെയും കൂട്ടി വെള്ളത്തിലേക്കിറങ്ങി.

ഞാനാ മണൽ തരികളിൽ ഇരുന്ന് വീണ്ടും ആ പെൺകുട്ടിയെ കുറിച്ചുള്ള ചിന്തകളിലേക്ക് തെന്നി വീണു.

സുഹൃത്തുക്കൾ, കുടുംബം, സഹപ്രവർത്തകർ അങ്ങനെ ഓരോരുത്തരിലേക്കും എന്റെ ചിന്തകൾ സഞ്ചരിച്ചു. അപ്പോഴാണ് എന്റെ കോളേജ് കാലഘട്ടത്തിലെ ഓർമകളിലേക്ക് ഞാൻ കടന്നു ചെല്ലുന്നത്. ഏതൊരു കൗമാരക്കാരനെയും പോലെ എനിക്കുമുണ്ടൊയിരുന്നു ഒരു പ്രണയം, വൺ വെ ആയിരുന്നെന്നു മാത്രം. ആദ്യമായും അവസാനമായും തോന്നിയ പ്രണയം.

ഞാൻ ഡിഗ്രി മൂന്നാം വര്ഷം പഠിക്കുമ്പോൾ തൊട്ടടുത്ത ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടുവിന് പഠിച്ചിരുന്ന സജ്ന എന്ന പെൺകുട്ടിയോട് തോന്നിയ പ്രണയം. അവളുടെ കരിമഷിയിട്ട കണ്ണുകളും കുട്ടിത്തമൊളിപ്പിച്ചു വെച്ച മുഖ ഭാവവും പാല്പുഞ്ചിരി തൂക്കിയ ചുണ്ടുകളും എന്നെ ഹഠാതാകര്ഷിച്ചു. എന്റെ പ്രണയം ആത്മാർത്ഥമായിരുന്നെങ്കിലും എന്ത് കൊണ്ടോ അതവളോട് തുറന്ന് പറയാൻ സാധിച്ചിരുന്നില്ല, പേടി ആയിരുന്നു എന്ന് പറയുന്നതായിരിക്കും ശെരി. അവളറിയാതെ അവളെ പിന്തുടർന്നു, അവളുടെ അനുവാദമില്ലാതെ അവളെ പ്രണയിച്ചുകൊണ്ടിരുന്നു. അതിൽ ഞാൻ ആനന്ദം കണ്ടെത്തിയിരുന്നു. പിന്നീടെപ്പോഴോ ഞാനറിഞ്ഞു അവളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു, അവളിനി സ്കൂളിലേക്ക് വരില്ലെന്ന്. എങ്കിലും ഞാനവളെ കാണാൻ ശ്രമിച്ചിരുന്നു, കാര്യം അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ നിരാശ ആയിരുന്നു ഫലം. അധികം വൈകാതെ അവൾ വിവാഹം കഴിഞ്ഞു മറ്റൊരു നാട്ടിലേക്ക് പോകുകയും ചെയ്തു. പിന്നീട് അവളെ കുറിച്ചന്വേഷിച്ചില്ലെങ്കിലും, അവളെന്നും എന്റെ മനസ്സിലുണ്ടായിരുന്നു, ഒരു നഷ്ട പ്രണയത്തിന്റെ ഓർമ്മയായി.

അതെ അതവൾ തന്നെ, സജ്ന. പക്ഷെ അവളിന്നൊരുപാട് മാറിയിരിക്കുന്നു. വെളുത്തു തുടുത്ത മുഖം ഇന്ന് കാർമേഘം പൊതിഞ്ഞ ആകാശം പോലെ, കവിളുകളൊട്ടിയിരിക്കുന്നു, കണ്ണുകളിൽ നിസ്സഹായതയുടെ നോട്ടം മാത്രം, ചുണ്ടുകൾ പുഞ്ചിരി മറന്നത് പോലെ.
അവളുടെ ആ രൂപം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. പറയാതെ പോയ പ്രണയത്തിനും ഇപ്പോൾ കണ്ട യാഥാർഥ്യത്തിനും ഇടയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. അവൾക്കെന്തു പറ്റി എന്നറിയണമെന്ന ചിന്ത മനസ്സിനെ വേട്ടയാടുന്നു.

"എന്തായി ഇക്ക.. വല്ലതും നടക്കുമോ..? ആളെ പിടി കിട്ടിയോ" എന്ന് ചോദിച്ചു കൊണ്ട് ഷാനു വീണ്ടും അടുത്തെത്തി

"നിനക്കോര്മയുണ്ടോ ഷാനു ഞാനെന്റെ പ്രണയത്തെ കുറിച്ചു നിന്നോട് പറഞ്ഞത്, എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം"

"ആ ഓർമയുണ്ടല്ലോ ഇക്ക, സജ്ന എന്നായിരുന്നില്ലേ ആ കുട്ടിയുടെ പേര്? എന്ത് പറ്റി? ഇപ്പോൾ സജ്നയെ കുറിച്ചോർക്കാൻ. എന്നെ മടുത്തു തുടങ്ങിയോ" ഏതൊരു ഭാര്യയെയും പോലെ അല്പം പരിഭവം കലർന്ന മറുപടി ആയിരുന്നു അവളുടേത്

"അതൊന്നുമല്ലെടി പൊട്ടി പെണ്ണേ.. ഞാൻ നേരത്തെ ഒരു പെൺകുട്ടിയെ കണ്ട കാര്യം പറഞ്ഞില്ലേ. അത് അവളാണ് സജ്ന"

"സജ്ന...?? അവളെങ്ങനെ ഈ ഒരവസ്ഥയിൽ..?" ചെറിയൊരു അമ്പരപ്പോടെ അവളെന്നോട് ചോദിച്ചു.

"അത് തന്നെയാ ഷാനു ഞാനും ചിന്തിക്കണേ. അവൾക്കെന്തു പറ്റി എന്നറിയാൻ, അവളെ ഒന്ന് കണ്ടു സംസാരിക്കണം"

" അതിനെന്താ ഇക്കാ.. ഇക്ക എഴുന്നേൽക്ക് നമുക്ക് ഇവിടെയൊക്കെ ഒന്ന് നോക്കാം. അവളെ കാണാതിരിക്കില്ല"

ഞങ്ങൾ രണ്ടുപേരും മോളെയും കൂട്ടി ആ പരിസരമാകെ തിരഞ്ഞു കൊണ്ടിരുന്നു, അവസാനം ഒരു കാറ്റാടി മരത്തിന്റെ ചുവട്ടിൽ അവളെ ഞങ്ങൾ കണ്ടു. വളരെയധികം ക്ഷീണിതയായിരിക്കുന്നു. ഷാനു അവളുടെ അടുത്തേക്ക് ഓടിച്ചെന്നു. ഞാനല്പം മാറി നിന്നു, എന്തോ അവളുടെ മുന്നിൽ പോയി നില്കാനൊരു മടി. മുന്പരിചയമുള്ളത് പോലെ ഷാനു അവളോട് സംസാരിച്ചു തുടങ്ങി.
"സജ്ന അല്ലെ"

"അതെ. നിങ്ങൾ ആരാ മനസ്സിലായില്ലല്ലോ"

"ഞാൻ ഷാഹിന"

"എന്നെ എങ്ങനെ അറിയാം? എനിക്ക് മുൻപ് കണ്ട ഓര്മയില്ലല്ലോ"

"ദേ ആ നിൽക്കുന്ന ഷാഹ്ബാസീക്കയുടെ ഭാര്യയാണ് ഞാൻ" എന്നെ ചൂണ്ടി കാണിച്ചു കൊണ്ടവൾ പറഞ്ഞു നിർത്തി.

അപ്പോഴാണ് സജ്ന എന്നെ കാണുന്നത്. നിസ്സഹായതയുടെ അവളുടെ നോട്ടം എന്നിൽ പതിച്ചു, ഞാൻ ഒരു പുഞ്ചിരി സമ്മാനിക്കാൻ ശ്രമിച്ചു. അവളുടെ കണ്ണുകൾ ഒഴുകാൻ തുടങ്ങിയ പോലെ, എന്തൊക്കെയോ പറയാനുള്ളത് പോലെ.

"സജ്നാക്ക് എന്റെ ഇക്കയെ അറിയാമായിരുന്നോ" ഷാനു തുടർന്നു
"അറിയാം.. ഞാൻ കണ്ടിട്ടുണ്ട് പ്ലസ് ടു വിനു പഠിക്കുമ്പോൾ. കൂട്ടുകാര് പറഞ്ഞും അറിയാം " സജ്നയുടെ മറുപടി എന്നെയും ഷാനുവിനെയും അത്ഭുതപ്പെടുത്തി

"അപ്പോൾ.. ഇക്കയുടെ മനസ്സിലുണ്ടായിരുന്ന മോഹത്തെ കുറിച്ചും അറിയാമായിരുന്നോ..??" ഷാനുവിന്റെ അതിശയോക്തി കലർന്ന ചോദ്യം.

"ഉം.. അറിയാമായിരുന്നു..എത്രയൊക്കെ ഒളിഞ്ഞിരുന്നാലും നമ്മളെ പിന്തുടരുന്ന ഒരാളെ നമ്മൾ തിരിച്ചറിയാതിരിക്കില്ലല്ലോ" സജ്നയുടെ മറുപടി വീണ്ടും എന്നെ ഞെട്ടിച്ചു. "അന്നൊരുപാട് ആഗ്രഹിച്ചിരുന്നു, വിശ്വസിച്ചിരുന്നു ഷഹബാസിക്ക വന്നു ഇഷ്ടമാണെന്ന് പറയുമെന്ന്. പക്ഷെ അന്നേ എല്ലാം സ്വപ്നങ്ങളായി തന്നെ കുഴിച്ചുമൂടേണ്ടി വന്നു"
സജ്ന തുടർന്നു.

കേട്ടുനിന്ന ഷാനുവിന്റെ കണ്ണിലും കണ്ണീർ തുള്ളികൾ സ്ഥാനം പിടിച്ചുവെങ്കിലും അവളത് ഒളിപ്പിക്കാൻ ശ്രമിച്ചു.
"സജ്ന വിവാഹം കഴിഞ്ഞു പോയിരുന്നു എന്നാണല്ലോ ഷഹബാസിക്ക പറഞ്ഞത്?" വിഷയം മാറ്റിക്കൊണ്ട് ഷാനു സജ്നയോട് ചോദിച്ചു

"ഉം.." സജ്നയുടെ മറുപടി ഒരു മൂളലിൽ ഒതുക്കി.

"പിന്നെങ്ങനെ ഇവിടെ?"

"വിവാഹം കഴിഞ്ഞു പോയെങ്കിലും ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല" കൂടുതലൊന്നും പറയാതെ അവളുടെ വാക്കുകൾ ചുരുക്കി

"എന്താ പറ്റിയെ സജ്ന..?"

"അയാൾക് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു, അത് മറച്ചു വെച്ചാണ് എന്നെ വിവാഹം കഴിച്ചത്. പക്ഷെ വിവാഹ ശേഷവും ആ ബന്ധം തുടർന്നു. അത് ചോദ്യം ചെയ്ത എന്നെ അയാൾ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. എങ്കിലും എന്റെ ഉമ്മയെയും ഉപ്പയെയും ഓർത്തു ഞാനവിടെ ഒതുങ്ങി കൂടി. വീട്ടുകാർ ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ കെട്ടിച്ചു വിട്ടത്. അവസാനം അയാൾ തന്നെ എന്നെ വീട്ടിൽ നിന്ന് പുറത്താക്കി, മറ്റേ പെൺകുട്ടിയുമായി താമസവും തുടങ്ങി. ഞാൻ വീട്ടിലേക്ക് തിരിച്ചെത്തി" പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു "എന്റെ തിരിച്ചു വരവിനു ശേഷം ഉമ്മയും ഉപ്പയും നന്നായിട്ടൊന്ന് ചിരിച്ചു കണ്ടിട്ടില്ല. ഇപ്പോൾ വര്ഷം മൂന്നാവുന്നു ഞാൻ വീട്ടിലേക്ക് തിരിച്ചെത്തിയിട്ട്. അതിനിടയ്ക്ക് ഉപ്പ യാത്ര പറഞ്ഞു പോയി, ഉമ്മയാണെങ്കിൽ കിടപ്പിലും ആയി. ഉപ്പ പോയതിനു ശേഷം വീട്ടിലെ അവസ്ഥ ആകെ കഷ്ടത്തിലായി. കടങ്ങൾ വീട്ടാനായി വീട് വിറ്റു,ഇപ്പോൾ പുറമ്പോക്കിലുള്ള ഒരു ഓലമേഞ്ഞ കൂരയിൽ ഞാനും ഉമ്മയും മാത്രം. ഉമ്മാക്ക് മരുന്നിനും മറ്റുമായി ചെലവുകൾക്ക് ഒരു വഴിയും ഇല്ലാതായി. അവസാനം ഞാൻ കണ്ടെത്തിയ വഴിയാണ് ഈ ജോലി" വാക്കുകൾ മുഴുമിപ്പാക്കാനാകാതെ അവൾ പറഞ്ഞു നിർത്തി, കണ്ണുകൾ തുടച്ചു.

കേട്ട് നിന്ന എന്റെയും ഷാനുവിന്റെയും കണ്ണുകളും കലങ്ങിയിരുന്നു.
ഷാനു അവളെ പിടിച്ചെഴുന്നേല്പിച്ചു, വണ്ടിയുടെ അടുത്തേക്ക് നടന്നു. സജ്നയെയും കൂട്ടി നേരെ അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു, പോകുന്ന വഴിക്ക് കടയിൽ കയറി അത്യാവശ്യം ഒരു വീട്ടിലേക്ക് വേണ്ട സാധങ്ങളും വാങ്ങി വണ്ടിയിൽ വെച്ചു.

സജ്നയുടെ വീട്ടിലേക്ക് വണ്ടി പോവില്ല, അത് കൊണ്ട് തന്നെ റോഡരികിൽ വണ്ടി വെചു വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നു നീങ്ങി. ആ കൊച്ചു വീട്ടിലേക്ക് നടന്നടുത്തു. സജ്ന ഞങ്ങളെയും കൂട്ടി ഉമ്മയുടെ അടുത്തേക്ക് നീങ്ങി. കരുതി വെച്ച സാധങ്ങൾ ഒരു മൂലയിൽ ഒതുക്കി വെച്ച് ഞങ്ങൾ ഉമ്മ കിടക്കുന്ന കട്ടിലിനരികിൽ എത്തി. ഒന്നനങ്ങാനാവാതെ, ഒന്നുരിയാടാനാവാതെ ആ ഉമ്മയെ വിധി തളർത്തിയിരുന്നു.

സജ്ന ചായയിടാമെന്നു പറഞ്ഞെങ്കിലും, ഞങ്ങൾ അതിനൊന്നും കാത്തുനിന്നില്ല. ഇറങ്ങാൻ നേരം പോക്കറ്റിൽ ഉണ്ടായിരുന്ന ക്യാഷ് എടുത്ത് ഷാനുവിന്റെ കയ്യിൽ കൊടുത്തിട്ട് സജ്നയെ ഏല്പിക്കാൻ പറഞ്ഞു, ആദ്യം സജ്ന അത് വാങ്ങാൻ കൂട്ടാക്കിയില്ലെകിലും ഷാനു അവളെ ഒരു സഹോദരിയെ പോലെ അനുസരിപ്പിച്ചു.
എന്നിട്ട് എന്റെയും ഷാനുവിന്റെയും നമ്പർ സജ്നയുടെ കയ്യിൽ കൊടുത്തിട്ട് എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും ഇനി ഈ ജോലിക്കു പോകേണ്ടെന്നും, നിരബന്ധമാണെങ്കിൽ നമുക്ക് വേറെ ജോലി നോക്കാം എന്നും ഷാനു സജ്നയോട് പറഞ്ഞു. ഇനി നമ്മൾ ഇവിടെ സ്ഥിരം സന്ദര്ശകരായിരിക്കും എന്ന് പറഞ്ഞു ഒരു പുഞ്ചിരി സമ്മാനിച്ച് വണ്ടിയിലേക്ക് കയറി. ഞാനും യാത്ര പറഞ്ഞിറങ്ങി.

തിരിച്ചു വീട്ടിലേക്കുള്ള വഴിയിൽ, വണ്ടിയിൽ ആദ്യം നിശബ്ദതയുടെ അലയൊലി ആയിരുന്നെങ്കിലും ഷാനു പതിയെ എന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു "സജ്നക്ക് കിട്ടാതെ പോയ ഭാഗ്യമാണ് ഞാനിന്നു അനുഭവിക്കുന്നത്, അല്ലെ ഇക്ക" പറഞ്ഞു തീർത്തതും അവളുടെ കണ്ണുകൾ ധാര ധാരയായി ഒഴുകാൻ തുടങ്ങി.
വണ്ടി ഞാൻ റോഡരികിൽ ഒതുക്കി അവളുടെ മുഖം പതിയെ ഒന്നുയർത്തിനോക്കി. അപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളെ ഞാൻ എന്റെ നെഞ്ചിലേക്ക് ചായ്ച്ചുകൊണ്ട് കെട്ടി പിടിച്ചു, നെറുകയിൽ ചുംബിച്ചു. "നിന്നെക്കാൾ വല്യ ഭാഗ്യമൊന്നും ഇനി എനിക്കീ ജന്മം കിട്ടാനില്ലെന്റെ പെണ്ണെ...സജ്നയെ ഒരു സഹോദരിയെപോലെ കാണാനള്ള നിന്റെ മനസ്സുണ്ടല്ലോ, സഹായിക്കാനുള്ള ആ ആവേശമുണ്ടല്ലോ അത് മതി നീ എന്നെ എത്രത്തോളം മാനസ്സിലാക്കിയിരുന്നു എന്ന തിരിച്ചറിയാൻ". അവളുടെ മുഖത്ത് പലവർണ്ണങ്ങളിൽ പുഞ്ചിരി മിന്നി മായുന്നു, ഇതൊക്കെ കണ്ടു നിന്ന മോളുടെ മുഖത്തും പുഞ്ചിരി ആയിരുന്നു.

Monday, 28 November 2016

ആത്മഹത്യ


ഞാൻ അമ്മു. ഇന്നലെ ഞാൻ നിങ്ങളുടെ ലോകത്തോട് വിട പറഞ്ഞു. ഇന്ന് ഞാനൊരു പുതിയ ലോകത്താ. മരണത്തിന്റെ കൂട്ടുകാരായ പ്രായവും അസുഖവുമൊന്നുമല്ല എന്നെ നിങ്ങളുടെ ലോകത്തു നിന്നും കവർന്നെടുത്തത്. പ്രായത്തിനും അസുഖങ്ങൾക്കും രോഗങ്ങൾക്കുമൊന്നും ഒരിടം നൽകാതെ ഞാൻ തന്നെ എന്റെ മരണത്തെ പുല്കുകയായിരുന്നു. ഒരേ ഒരു നിമിഷത്തെ ദുഷിച്ച ചിന്തകൾ എന്നെ ഈ ലോകത്തോട് വിട പറയിക്കാൻ കാരണമായി.

കൗമാരത്തിന്റെ പ്രിയ സുഹൃത്തായ പ്രണയമാണെന്റെ മരണത്തിനു ചുക്കാൻ പിടിച്ചത്. ആനന്ദത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരുപാട് നിമിഷങ്ങൾ വാരി വിതറിയായിരുന്നു പ്രണയത്തിന്റെ തുടക്കം. ആ നിമിഷങ്ങൾ മാത്രമാണ് ജീവിതം എന്ന് ഞാൻ വിശ്വസിച്ചിരിക്കണം, അവൻ മാത്രമാണ് എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നതെന്നും. ആദ്യമൊക്കെ പിണക്കവും ഇണക്കവും സ്ഥിരം കലാപരിപാടി ആയിരുന്നു, അതിൽ ഞങ്ങൾ ആനന്ദം കണ്ടെത്തുകയും ചെയ്തിരുന്നു. പക്ഷെ ആ നിമിഷങ്ങൾക്കും സന്തോഷങ്ങൾക്കും ഒരുപാടൊന്നും ആയുസുണ്ടായിരുന്നില്ല. ആദ്യമായി കളിപ്പാട്ടം കിട്ടിയ ഒരു കൊച്ചു കുട്ടിയുടെ കൗതുകം അതുമാത്രമായിരുന്നു ആദ്യത്തെ പ്രണയ നാളുകൾ. യാഥാർഥ്യമെന്തെന്നോ സത്യമെന്തെന്നോ തിരിച്ചറിയാനാവാതെ സ്വപ്നലോകത്തായിരുന്നു ഞാൻ ആ നാളുകളിൽ. അവനിൽ മാത്രമായിരുന്നു ഞാനെന്റെ ലോകം കണ്ടത്.

ഇടക്കെപ്പോഴോ നമുക്കിടയിൽ അകലങ്ങൾ സ്ഥാനം പിടിച്ചു. പരാതിയുടെയും പരിഭവത്തിന്റെയും പഴിചാരലിന്റെയും കുത്തൊഴുക്കുകളിൽ സ്നേഹം എവിടെയോ പോയ് മറഞ്ഞു. അവനിൽ ഉണ്ടായിരുന്ന മാറ്റങ്ങൾ എന്നെ വല്ലാതെ അസ്വസ്ഥയാക്കി. അവന്റെ സംസാരങ്ങളിൽ മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി, എന്നിൽ നിന്നകലാനുള്ള വെമ്പൽ ഞാൻ തിരിച്ചറിഞ്ഞു. പതിയെ പതിയെ കൂടിക്കാഴ്‌ചകൾ കുറഞ്ഞു, സംസാരിക്കാൻ പോലും സമയമില്ലാതായി. അവസാനം അവൻ എന്റെ മുഖത്ത് നോക്കി പറഞ്ഞു ഞാനൊരു ശല്യമാണെന്ന്, അവന് എന്നെ മടുത്തിരിക്കുന്നു എന്ന്.അതുകൊണ്ട് നമുക്കിവിടെ വെച്ചു നിർത്താം എന്നവൻ തെല്ല് കുറ്റബോധമോ നിരാശയോ കൂടാതെ എന്റെ മുഖത്തു നോക്കി വാക്കുകളിലൂടെ ആഞ്ഞടിച്ചു.

അവന്റെ ആ വാക്കുകൾ എന്നെ തന്നെ ഇല്ലാതാക്കാൻ പോന്നതായിരുന്നു. അതുകൊണ്ടായിരിക്കണം ആത്മഹത്യയെ കുറിച്ച് ഞാൻ ചിന്തിച്ചു തുടങ്ങിയിരുന്നു. ആ നിമിഷം ചുറ്റിലും നിന്നുകൊണ്ടെന്നെ സ്നേഹത്തിൽ പൊതിഞ്ഞവരെ ഞാൻ കണ്ടില്ലെന്നു നടിച്ചു. 'അമ്മ, അച്ഛൻ, ഏട്ടൻ, അനുജൻ, മുത്തശ്ശൻ മുത്തശ്ശി കൂട്ടുകാർ അങ്ങനെ എല്ലാവരെയും ഞാൻ മനപ്പൂർവം മറന്നു കളഞ്ഞു. അവനില്ലാത്തൊരു ജീവിതം എനിക്ക് സാധ്യമാവില്ലെന്നു തോന്നി, എല്ലാത്തിൽ നിന്നും ഓടിയൊളിക്കാനായി മരണത്തെ ഞാനെന്റെ കൂടെ കൂട്ടാൻ തീരുമാനിച്ചു.

ആദ്യം നോട്ടം എന്റെ തലയ്ക്കു മുകളിരിക്കുന്ന ഫാനിലേക്കായിരുന്നു, പിന്നീട് ബ്ലേഡും ട്രെയിനും വീടിനടുത്തുള്ള ക്വാറിയും എല്ലാം മനസ്സിലൂടെ ചീറി പാഞ്ഞു. അവസാനം തിരഞ്ഞെടുത്തു, കൂവിപാഞ്ഞ് വരുന്ന തീവണ്ടി. കൂട്ടുകാരിയുടെ വീട്ടിലേക്കെന്നും പറഞ്ഞ് അമ്മയോടും മുത്തശ്ശിയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവസാന യാത്രയാണെന്നു പറയണമെന്നുണ്ടായിരുന്നു, പക്ഷെ സാധിച്ചില്ല. 2 കിലോമീറ്റര് നടക്കണം റെയിൽവേ ട്രാക്കിലേക്ക് എത്തിപ്പെടാൻ. എന്തുകൊണ്ടോ എന്റെ കണ്ണുകളിൽ കണ്ണീർ തുള്ളികൾ സ്ഥാനം പിടിച്ചിരുന്നില്ല ആകെ ഒരു മൂകത മാത്രം, നടന്നു നീങ്ങുന്ന വഴികളിൽ ചുറ്റിലുമുള്ള കാഴ്‌ചകളൊന്നും എന്റെ കണ്ണിൽ പതിഞ്ഞില്ല. ഇടക്കെപ്പോഴോ മഴയും കൂട്ടിനെത്തിയെങ്കിലും എന്നിലെ കത്തിജ്വലിക്കുന്ന തീയെ അണയ്ക്കാൻ പോന്നതായിരുന്നില്ല അതൊന്നും. അപ്പോഴും പിന്നിട്ട വഴിക്കലൊക്കെയും ഇനി ഒരു ഓര്മ മാത്രമായിരിക്കുമെന്ന് മനസ്സെവിടെയോ മന്ത്രിക്കുന്നുണ്ടായിരുന്നു.
റെയിൽവേ ട്രാക്കിനു സമീപത്തു എത്തിചേർന്ന ഞാൻ ചുറ്റിലുമൊന്നു കണ്ണോടിച്ചു, ആരെയും കണ്ടില്ല. നീണ്ട് നിവർന്ന് കിടക്കുന്ന റെയിൽവേ ട്രാക്ക് എന്നെ മാടിവിളിക്കുന്നത് പോലെ തോന്നി. അൽപ സമയത്തെ കാത്തിരിപ്പിനൊടുവിൽ അകലെ നിന്ന് ചീറിപ്പാഞ്ഞു വരുന്ന തീവണ്ടി എന്റെ കാഴ്ചയിൽ പെട്ടു. എന്ത് കൊണ്ടോ ഹൃദയം വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ട്രെയിൻ എന്റെ അടുക്കൽ എത്തിച്ചേരാൻ മൂന്നോ നാലോ സെക്കൻഡുകൾ മാത്രം, കൂടുതലൊന്നും ആലോചിക്കാതെ ട്രാക്കിലേക്ക് കാലെടുത്തു വച്ചു, അച്ഛന്റെയും അമ്മയുടെയും മുഖങ്ങളിങ്ങനെ മിന്നി മായുന്നുണ്ടായിരുന്നെങ്കിലും അതൊന്നും എന്നെ പിന്തിരിപ്പിച്ചില്ല.

ട്രെയിൻ എന്നെ വന്നിടിച്ച നിമിഷം മുതലാണ് ഞാൻ യാഥാർഥ്യത്തിലേക്ക് തിരിച്ചെത്തിയതെന്നു തോന്നി. ഒരു നിമിഷം പിറകിലേക്ക് നടക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിചു തുടങ്ങിയതും അപ്പോഴയായിരുന്നു. ട്രെയിൻ പിഴുതെറിഞ്ഞ എന്റെ കാലുകളും കൈകളും തലയുമെല്ലാം അങ്ങിങ്ങായി ചെന്ന് വീണു. ചിന്നിച്ചിതറി ചോര വാർന്നൊലിക്കുന്ന എന്റെ ശരീരം വേദന കൊണ്ട് പുളഞ്ഞു ഞാൻ. മരണത്തിന്റെ വേദനയ്ക്കപ്പുറം ശരീരങ്ങൾ നുറുങ്ങുകളാവുമ്പോയുണ്ടാവുന്ന വേദന, അമ്മേ എന്ന് വിളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല, അച്ഛന്റെ കരങ്ങളെന്നെ വാരിപുണരാൻ എത്തിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു.

എല്ലാം കഴിഞ്ഞു ഈ ലോകം എനിക്കന്യമായെന്നു ഞാൻ തിരിച്ചറിഞ്ഞു. ചുറ്റിലും ആൾക്കൂട്ടം ആരൊക്കെയോ ചെർന്നെന്റെ ശരീര ഭാഗങ്ങൾ പെറുക്കിയെടുക്കുത്ത് തുണിയിൽ പൊതിഞ്ഞു വെക്കുന്നു. അപ്പോഴേക്കും എന്റമ്മയുടെ നിലവിളി ഞാൻ കുറച്ചകലെ നിന്നും കേട്ടു. പെയ്തൊഴിയാത്ത പെരുമഴപോലെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു, അലറി വിളിക്കുന്നുണ്ട്,"മോളെ അമ്മു... ". രക്തത്തിൽ കുളിച്ചു കിടന്ന വെള്ളത്തുണി എന്റെ മുഖത്ത് നിന്നും മാറ്റിയതും, അമ്മയുടെ നിയന്ത്രണം വിട്ടു, പൊട്ടിക്കരഞ്ഞു, ഉടൻ തന്നെ ബോധക്ഷയയായി. അമ്മയെ ആരൊക്കെയോ ചേർന്നു ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഞാനപ്പോഴും പോലീസുകാരുടെ കാവലിലായിരുന്നു. അധികം താമസിയാതെ അച്ഛനും ഏട്ടനും എത്തി, അച്ഛനെ ആരൊക്കെയോ താങ്ങി പിടിച്ചിരിക്കുന്നു, കാലുകൾ ചലിക്കാൻ പ്രയാസപ്പെടുന്നു, കണ്ണുകളിൽ ചോരത്തുള്ളികൾ സ്ഥാനം പിടിചിരിക്കുന്നു. എന്റെ അറ്റുപോയ പാദങ്ങളിൽ പിടിച്ചച്ഛൻ തേങ്ങലടക്കാൻ ശ്രമിക്കുന്നു. ഏട്ടൻ എന്നെ നിസ്സഹായതയോടെ നോക്കുന്നുമുണ്ട്.

അധികം താമസിയാതെ എനിക്ക് പോവാനുള്ള വാഹനം വന്നു, ആംബുലൻസ്. ആദ്യമായിട്ടാ ആംബുലൻസിലൊരു യാത്ര. ചെറുപ്പം മുതലേ എനിക്ക് ആംബുലൻസ് പേടിയാണെന്ന് അച്ഛനറിയാം, അതുകൊണ്ടായിരിക്കണം അച്ഛനെന്നെ കെട്ടി പിടിക്കാൻ ശ്രമിക്കുന്നുണ്ട്. ആശുപത്രിയിൽ എത്തിയ ഉടനെ എന്നെ മോർച്ചറിയിലേക്ക് കൊണ്ട് പോയി. ബാക്കി വന്ന ഭാഗങ്ങളിൽ വീണ്ടും ഡോക്ടർമാരുടെ വക കുത്തലും കീറലും. വേദന കൊണ്ട് പുളഞ്ഞ എന്റെ നിലവിളി ആരും കേട്ടില്ല. എല്ലാം കഴിഞ്ഞു അച്ഛനെന്നെ ഏറ്റു വാങ്ങി വീണ്ടും ആംബുലൻസിൽ വീട്ടിലേക്ക് യാത്രയായി. കൂടിനിന്ന നാട്ടുകാർക്കും വീട്ടുകാർക്കും നടുവിലൂടെ എന്നെ വീട്ടിനകത്തേക്ക് എടുത്തു കൊട്നു പോയി, സെന്റർ ഹാളിൽ ഒരു കട്ടിലിട്ട് എന്നെ അതിൽ കിടത്തി. ഞാൻ ഓടി ചാടി നടന്ന വീട്ടിൽ ഒന്നനങ്ങാനാവാതെ ഞാനാ കട്ടിലിൽ. ചുറ്റിലുമൊന്ന് കണ്ണോടിച്ചു, പലരും കണ്ണീർ പൊഴിക്കുന്നു. മുത്തശ്ശനും മുത്തശ്ശിയുമെല്ലാം അനുജനുമെല്ലാം കണ്ണീരിൽ കുതിർന്നിരുന്നു. 'അമ്മ എനിക്ക് മുന്നേ ആശുപത്രിയിൽ നിന്നു തിരിച്ചെത്തിയെങ്കിലും ഇപ്പോഴും അകത്തെ മുറിയിൽ തളർന്നു കിടക്കുന്നു, ഒന്നുറക്കെ കരയാൻ പോലുമാവാതെ. വീട്ടിലാകെ കുന്തിരിക്കത്തിന്റെ  മണം അലയടിച്ചു.

അല്പ സമയത്തിനു ശേഷം ആരൊക്കെയോ അച്ഛന്റെ അടുക്കൽ വന്നു പറയുന്നത് കേട്ടു കൂടുതൽ വൈകിക്കണോ എടുത്തൂടെ എന്ന്. അച്ഛനൊന്നും പറഞ്ഞില്ല. എങ്കിലും ബന്ധുക്കളൊക്കെ ചേർന്നെന്നെ യാത്രയാക്കാനൊരുക്കി. അപ്പോൾ അമ്മയോടാരോ പറഞ്ഞു "അമ്മുവിനെ കൊണ്ട് പോവുകയാ". നിയന്ത്രണം വിട്ട അമ്മ എന്റെ അടുത്തേക്ക് പാഞ്ഞടുത്തു, എന്നെ കെട്ടിപ്പിടിച്ചു ഒരുപാടുമ്മകൾ സമ്മാനിച്ച്, ആർക്കും വിട്ടു തരില്ലെന്ന് പറഞ്ഞൊരു കൊച്ചു കുട്ടിയെ പോലെ വാവിട്ടു കരഞ്ഞു. ആരൊക്കെയോ ചേർന്നെന്റമ്മയെ എന്നിൽ നിന്നും അടർത്തി മാറ്റി. ശേഷം എന്നെയും കൊണ്ടവർ ശ്മാശാനത്തിലേക്ക് നടന്നു നീങ്ങി. അവിടെ എന്നെയും കാത്തു കിടപ്പുണ്ടായിരുന്നു ആറടി മണ്ണ്, എന്നെ അതിൽ കിടത്തി മൂടാനൊരുങ്ങി എല്ലാവരുടെയും വകയായി മൂന്ന് പിടി മണ്ണ് എനിക്ക് സമ്മാനിച്ച് അവർ യാത്രയായി. ഞാനാ ഇരുട്ടുമുറിയിൽ തനിച്ചായി.

ആ ഒരൊറ്റ നിമിഷത്തെ ചിന്തകൾ, ആ എടുത്തു ചാട്ടം എനിക്ക് നഷ്ടപ്പെടുത്തിയത് എന്റെ സുന്ദരമായ ജീവിതം, എന്നെ സ്നേഹിക്കുന്നവരുടെ പുഞ്ചിരി, ലോകം എനിക്കായ് കത്ത് വെച്ചതെല്ലാം എന്നിൽ നിന്നകന്നു. പകരം എനിക്ക് കിട്ടിയതാവട്ടെ വേദനയുടേം കണ്ണീരിന്റെയും നാളുകൾ, ഇരുട്ടറയിൽ തനിച്ചുള്ള ജീവിതം, പുഴുക്കൾക്ക് പ്രാണികൾക്കും ഇരയായി മാറി ഞാനിന്നീ ഇരുട്ടറയിൽ തേങ്ങുന്നു. ഒരു ദിവസമെങ്കിലും തിരിച്ചുവരാൻ സാധിചിരുന്നെങ്കിലെന്ന് കൊതിക്കാത്ത നിമിഷങ്ങളലില്ല.ഇനി ഒരിക്കലും തിരിച്ചു വരാനാവില്ലെന്ന് ഉറപ്പുണ്ടെങ്കിലും കൊതിയുണ്ട് അമ്മയുടെ മടിയിൽ കിടന്നുറങ്ങാൻ, അച്ഛന്റെ കരസ്പർഷമേറ്റൊന്നു ചായാൻ, ഏട്ടന്റെ കുഞ്ഞു പെങ്ങളായി ജീവിക്കാൻ, കുഞ്ഞനിയന്റെ കൂടെ തല്ല് കൂടാൻ, മുത്തശ്എന്റേം മുത്തശ്ശിയുടെയും സ്നേഹത്തിൽ ചാലിച്ച കഥകൾ കേൾക്കാൻ, കൂട്ടുകാരോടൊന്നിച് ആർത്തുല്ലസിക്കാൻ.

(ജീവിതത്തിലെ കുഞ്ഞു കുഞ്ഞു പ്രശ്ങ്ങൾക്കു മുമ്പിൽ ആത്മഹത്യയെ കൂട്ട് പിടിക്കുന്നവർ അറിയുന്നില്ല അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ, അവർ ചെയ്യുന്ന പാപം. ദൈവം തന്ന ജീവനും ജീവിതവും തിരിച്ചെടുക്കാനും അവസാനിപ്പിക്കാനുമുള്ള അവകാശം അവനുമാത്രമാണ്)

"ആദ്യത്തെ ആരാധിക, അവസാനത്തെയും..."


ഞാൻ ഈ പറയാൻ പോകുന്ന കഥ നടക്കുന്നത് അങ്ങ് ദൂരെ ദൂരെ മലകൾക്കും കാടുകൾക്കും പുഴകൾക്കും അപ്പുറത്തൊന്നുമല്ല. ഇങ് ഇവിടെ, എന്റെ സ്വന്തം ജീവിതത്തിൽ.

എഴുത്തെന്തെന്നറിയാത്ത ബാല്യം, വായനയുടെ ലോകം ബാലരമയിലും ബാലഭൂമിയിലും കളിക്കുടുക്കയിലും കുരുന്നുകളിലും ഒതുങ്ങി നിന്നിരുന്ന കാലം. പത്താം തരത്തിൽ വൈക്കം മുഹമ്മദ് ബഷീർ സാറിന്റെ "പാത്തുമ്മയുടെ ആട്" എന്ന കഥ മലയാളം സെക്കന്ഡിലെ പഠന വിഷയമായത് കൊണ്ട് അത് വായിച്ചു, അല്ലെങ്കിൽ പഠിച്ചു. "പാത്തുമ്മയുടെ ആട്" വായിച്ചതു മുതൽ ബഷീർ എഴുത്തുകളോട് എന്തോ ഒരു വല്ലാത്ത ഇഷ്ടം, വായനക്കാരെ പിടിച്ചിരുത്തുന്ന ആ ഭാഷാ ശൈലി, ഒഴുക്ക്, നർമ്മം കലർന്ന അവതരണം, അതിലെ കഥാപാത്രങ്ങൾ അങ്ങനെ അതിലെ ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും മനസ്സിൽ വല്ലാതെ പതിഞ്ഞിരുന്നു, വായനക്കൊരു സുഖമുണ്ടെന്ന് മനസ്സിലായത് അന്ന് മുതലാണ്.

അങ്ങനെ അതിന്റെ ആവേശത്തിൽ വീടിന്റെ തൊട്ടടുത്തുള്ള ഞങ്ങളുടെ സ്വന്തം വായന-പുസ്തകശാലയായ "അല്ലാമാ മുഹമ്മദ് ഇഖ്ബാൽ സാംസകാരിക വേദി" യിൽ നിന്നും ബഷീറിന്റെ കുറച്‌ പുസ്തകങ്ങൾ എടുത്ത് വായിക്കാൻ തീരുമാനിച്ചു. അതിൽ "വിശപ്പ്" എന്ന പുസ്തകം വായിക്കാൻ ആരംഭിച്ചെങ്കിലും 2 താളുകൾക്കപ്പുറത്തേക്ക് മറിഞ്ഞില്ല. പിന്നീട് ദിനങ്ങൾ കൊഴിയും തോറും അതിൽ പൊടി പിടിച്ചു കിടന്നതല്ലാതെ വായനയൊന്നും നടന്നില്ല. അവസാനം ലൈബ്രറിയിൽ നിന്ന് ചോദ്യം വന്നതോടെ പുസ്തകങ്ങൾ അതെ പടി തിരിച്ചേൽപ്പിച്ചു. അതോടെ വായനക്കും താത്കാലിക തിരശ്ശീല വീണു.

പിന്നീട് 2 വർഷങ്ങൾക്കിപ്പുറം ഞാൻ വായനയിൽ ഏർപ്പെടുന്നത് എം ടി യുടെ "മഞ്ഞ്" എന്ന നോവലിൽ ആണ്. അതും സ്വന്തം താൽപര്യത്തിൽ വായിച്ചതല്ല, ഡിഗ്രി ഒന്നാം വര്ഷം രണ്ടാം ഭാഷയായി തിരഞ്ഞെടുത്തത് മലയാളമായിരുന്നത് കൊണ്ടും അതിലെ പാഠ പുസ്തകം "മഞ്ഞ്" ആയിരുന്നത് കൊണ്ടും വായിച്ചു. ഇതിനിടയ്ക്കൊരിക്കലും എഴുത്തെന്ന വിദ്യ ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കിയിട്ടു പോലുമില്ല. പക്ഷെ അതിനൊരപവാദമായി ഞാനൊരു കവിതാ രചന മത്സരത്തിൽ പങ്കെടുത്തത് ഡിഗ്രി അവസാന വര്ഷം പടിക്കുമ്പോഴായിരുന്നു. അത് എഴുത്തിനോടുള്ള പ്രണയം കൊണ്ടൊന്നുമായിരുന്നില്ല, ക്ലാസ് കട്ട് ചെയ്യാനുള്ള സിമ്പിൾ ആൻഡ് പവര്ഫുള് വേ.. കൂട്ടുകാരോടൊന്നിച് ക്ലാസ് കട്ട് ചെയ്യാൻ കണ്ടെത്തിയ വിദ്യ, അതു മാത്രമായിരുന്നു ആ കവിതാ രചന. ആ കവിതയുടെ വിഷയം എന്തായിരുന്നു എന്ന് എനിക്കിപ്പോൾ കൃത്യമായി ഓർമ്മ ഇല്ല. പക്ഷെ പിന്നീട് ആ മത്സരത്തിന്റെ ഫലം പുറത്തു വന്നപ്പോ എന്റെ കവിതക്കായിരുന്നു ഫസ്റ്റ് എന്ന് കൂട്ടുകാർ ആരൊക്കെയോ പറയുന്നത് കേട്ടിരുന്നു, പക്ഷെ ഞാൻ വിശ്വസിച്ചിരുന്നില്ല. ശെരിക്കും സത്യമാണോന്ന് വാല്യൂ ചെയ്ത ടീച്ചറോട് ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും എന്റെ കഴിവില്ലായ്മയെ ഞാൻ സ്വയം തിരിച്ചറിഞ്ഞു, ചുമ്മാ എന്തിനാ ടീച്ചർക്ക് പറഞ്ഞു ചിരിക്കാനായിട്ട് ഒരു വിഷയമുണ്ടാക്കി കൊടുക്കണേ.അങ്ങനെ അതോട് കൂടി എഴുത്തും വായനയും നിന്നു. പത്രം വായിക്കുന്ന ശീലവും പൊതുവെ കുറവായിരുന്നു.

അങ്ങനെ എം ബി എ കഴിഞ്ഞു 2013 ഒക്ടോബറിൽ ആണ് എരണാകുളത് ഇൻഫോപാർക്കിൽ ഓഡിറ്റ് അസ്സോസിയേറ്റ് ആയിട്ട് ജോലിക്ക് ജോയിൻ ചെയ്യുന്നത്. അവിടെ നിന്നും എന്റെ സുഹൃത്തായി മാറിയ സൗമ്യയിൽ നിന്നുമാണ് വീണ്ടും വായനയുടെ ലോകം എന്റെ മുന്നിൽ തുറന്ന് വരുന്നത്. പുസ്തകങ്ങൾ ഒരുപാട് വായിക്കുന്ന സൗമ്യയുടെ അടുത്ത് നിന്നുമാണ് "അൽക്കമിസ്റ്റ്" എന്ന നോവലിനെ കുറിച്‌ കേൾക്കുന്നത്. ഒരുപക്ഷെ 'പൗലോ കൗലോ' എന്ന് ഞാൻ കേൾക്കുന്നത് തന്നെ അപ്പോഴായിരിക്കും. അങ്ങനെ സൗമ്യയിൽ നിന്നും പുസ്തകം വാങ്ങി, "അൽക്കമിസ്റ്റ്" വായന തുടങ്ങി. തുടക്കം നല്ല ആവേഷോജ്വലം ആയിരുന്നെങ്കിലും എന്റെ മടി അതിനെയൊക്കെ അങ്ങട് ഇല്ലാതാക്കി. കുറച് താളുകൾ മറിഞ്ഞെങ്കിലും പാതിവായിൽ അതും നിർത്തി. പക്ഷെ ആ പുസ്തകം ഞാൻ തിരിച്ചു കൊടുത്തില്ല. ഇപ്പോഴും എന്റെ കയ്യിലുണ്ട്. വായിക്കാൻ മനസ്സിൽ ഭയങ്കര ആഗ്രഹമാണെലും ക്ഷമ അതിനനുവദിചിരുന്നില്ല.

അങ്ങനെ എല്ലാം കഴിഞ്ഞു ഒരു വര്ഷം മുൻപ് പ്രവാസ ലോകത്തേക്ക് കടന്നു. അതോടെയാണ് ചില മാറ്റങ്ങൾക്ക് തുടക്കം. അക്ഷരങ്ങളെ തലോലിക്കാനും എഴുത്തുകളെ സ്നേഹിക്കാനും തുടങ്ങിയത് പ്രവാസം തുടങ്ങിയതിന് ശേഷമാണെന്നു തോന്നുന്നു. ഇവിടുത്തെ ഒഴിവു സമയങ്ങൾ ചിലവഴിക്കാനും ഏകാന്തതയിൽ നിന്നും രക്ഷപ്പെടാനുമായി ഞാൻ സ്വയം കണ്ടെത്തിയ വഴിയാണ് എഴുത്ത്, വായന ഇതൊക്കെ.

അങ്ങനെ "അൽക്കമിസ്റ്റ്" എന്ന നോവൽ ഞാൻ വായിച്ചു തീർക്കുകയും ചെയ്തു. ശേഷം ബെന്യാമിന്റെ "ആടുജീവിതം" വായിക്കാനുള്ള പുറപ്പാടിലാ.
ആദ്യമൊക്കെ ആശയങ്ങൾ കുഞ്ഞു കുഞ്ഞു വരികളാക്കി ഫേസ്ബുക് സ്റ്റാറ്റസ് ഇടും, അതായിരുന്നു ശീലം. ഇടയ്ക്കെപ്പോഴോ ജീവിതത്തിലെ നിമിഷങ്ങളെ അക്ഷരമാലകളാക്കി മാറ്റി എഴുതാൻ തുടങ്ങി. അത്തരം എഴുത്ത് കണ്ടു ചിലർ നല്ല അഭിപ്രായങ്ങൾ പറഞ്ഞു,മറ്റു ചിലർക്ക് അമ്പരപ്പും, സംശയവുമൊക്കെയായിരുന്നു,ഇതൊക്കെ ഞാൻ തന്നെ ആണോ എഴുത്തുന്നതെന്നു. അവർ സംശയിച്ചതിലും തെറ്റില്ല എന്റെ ഭൂതകാലം അവരെ പഠിപ്പിച്ചത് അതാണ്.

അങ്ങനെ ഒരു ദിവസം ഫേസ്ബുക്കിലെ ചില ഗ്രൂപ്പുകളിൽ ഇട്ട ഒരു പോസ്റ്റ് വളരെയേറെ വായന പ്രീതി നേടി. " അബോർഷൻ അഥവാ കൊല" എന്നായിരുന്നു എഴുത്തിന്റെ പേര്. ആ പോസ്റ്റ് ഇട്ട് കുറച്ച ദിവസത്തിന് ശേഷം എന്റെ പേർസണൽ പ്രൊഫൈലിലേ ചില പോസ്റ്റുകൾ ഒരു മുൻപരിചയമില്ലാത്ത പ്രൊഫൈലിൽ നിന്ന് ലൈക്സ്. ഞാനൊന്നാലോചിച്ചു ഇതാരപ്പ ഞാനറിയാത്തൊരു പുതിയ ആൾ എന്റെ പ്രൊഫൈലിൽ കേറി കളിക്കണെ. പൊതുവെ ആരും ആ വഴിക്ക് വരാറില്ല. നോക്കിയപ്പോ എന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ള ആളുമല്ല, എന്റെ ഓർമയിൽ ഇങ്ങനെ ഒരാളെ എനിക്കൊട്ടു പിടി കിട്ടണുമില്ല. പ്രൊഫൈലിൽ ഒരു പെൺ നാമമാണ്. എത്ര കുത്തിയിരുന്ന് ആലോചിച്ചിട്ടും അങ്ങനെ ഒരാളെ കുറിച്‌ എനിക്കൊരു ഓർമയും കിട്ടുന്നില്ല. ആ പ്രൊഫൈലിൽ ആണേൽ ഒരു വിവരവും കാണാൻ സാധിക്കുന്നുമില്ല, എല്ലാം പ്രൈവസി ആണ്.

അങ്ങനെ രണ്ടും കല്പിച്ചു ഞാനൊന്ന് മുട്ടി നോക്കാൻ തന്നെ തീരുമാനിച്ചു. ഒരു സലാം വിട്ടു. തിരിച്ചു മെസ്സേജ് വന്നത് അൽപ സമയം കഴിഞ്ഞാണ്. ആയാളും സലാം മടക്കി. ശേഷം ഞാൻ ചോദിച്ചു 'നമ്മൾ തമ്മിൽ മുൻപ് പരിചയമുണ്ടോന്ന്..??". ഇല്ലെന്നു ഓൺ ദി സ്പോട്ടിൽ മറുപടിയും വന്നു. പിന്നെങ്ങനെ എന്റെ പ്രൊഫൈലിൽ എത്തി എന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി "ഗ്രൂപ്പിലെ പോസ്റ്റ് കണ്ടാണ് വന്നത്, വേറെ വല്ല പോസ്റ്റും ഉണ്ടോന്ന് നോക്കാൻ വന്നതാണെന്നു". ഹോ ഇത്രേ ഉണ്ടായിരുന്നുള്ളൂ. മുന്പ് പലരും കമന്റായി നല്ല അഭിപ്രായം പറഞ്ഞിട്ടുങ്കിലും ആദ്യമായിട്ടാ ഇങ്ങനെ ഒരനുഭവം, പേർസണൽ പ്രൊഫൈൽ കേറി തപ്പൽ, ഇൻബോക്സിൽ കേറി അഭിനന്ദിക്കൽ, അങ്ങനെയൊക്കെ. ഞങ്ങൾ അത് വഴി കൂടുതൽ പരിചയപ്പെട്ടു, പാലക്കാട് എന്ജിനീറിങ്ങിന് അവസാന വര്ഷം പഠിക്കുന്നു. 7 മക്കളിൽ അവസാനത്തെ തരി.

തുടർന്നിങ്ങോട്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എന്റെ ഫാനാണെന്ന് തമാശയായി അയാൾ സ്വയം വിശേഷിപ്പിച്ചു. ഇനി ഒരു ഫാൻസ്‌ അസോസിയേഷനും(ആഷിക്ക് ഫാൻസ്‌ അസോസിയേഷൻ) തുടങ്ങണമെന്ന് കളിയായി പറഞ്ഞു. "അങ്ങനെ ആണേൽ ആ ഫാൻസ്‌ അസോസിയേഷന്റെ പ്രെസിഡന്റും സെക്രട്ടറിയും മെമ്പറും എല്ലാം താൻ മാത്രം ആയിരിക്കും " എന്നായിരുന്നു എന്റെ മറുപടി

വേറെ ഒരാൾക്കും ഇങ്ങനെ ഒരബദ്ധം പറ്റുമെന്ന് തോന്നണില്ല കാരണം എന്റെ എഴുത്ത് കണ്ട് ഇഷ്ടപ്പെടാൻ മാത്രം ഞാൻ എന്താണ് എഴുതിയത്, അതിനു മാത്രം എന്താ അതിലുള്ളത്. എനിക്ക് സത്യം പറഞ്ഞാൽ ചിരി ആണ് വന്നത് ഇങ്ങനെ ഒരാളെ പരിചയപ്പെട്ടപ്പോൾ. എന്റെ എഴുത്തു ഇഷ്ടപ്പെടുന്ന തനിക്ക് തലക്ക് വല്ല അസുഖവുമുണ്ടാവും എന്നവരോട് ഞാൻ തമാശയായി പറഞ്ഞിട്ടുമുണ്ട്.

എഴുതെന്തോന്നോ വായന ഏതെന്നോ അറിയാത്ത എനിക്കും ഒരാരാധികയെ കിട്ടി. എന്തോ ഒരു വല്ലാത്ത സന്തോഷം.

പരസ്പരം കണ്ടിട്ടില്ലെങ്കിലും ഇന്നിപ്പോൾ ഞങ്ങൾ നല്ല കൂട്ടാണ്. ഇനി ഒരു പക്ഷെ, അല്ലെങ്കിൽ ഉറപ്പായും ഇതുപോലൊരു ഒരാരാധിക എന്നെ തേടി എത്തുമെന്ന് തോന്നണില്ല. "എന്റെ ആദ്യത്തെയും അവസാനത്തെയും ആരാധിക അയാളായിരിക്കും"

ഈ എഴുത്ത് എന്റെ ആ ആരാധികയ്ക്കു സമർപ്പിക്കുന്നു.. നന്ദി...

Tuesday, 22 November 2016

അബോർഷൻ_അഥവാ_കൊലഞാൻ അനാമിക. അനാമിക എന്ന് വച്ചാൽ നാമമില്ലാത്തവൾ. ഈ പേര് ഞാൻ സ്വയം ഇട്ടതാട്ടോ. എനിക്ക് പേരിടാൻ എന്റെ അച്ഛനും അമ്മയും ആരും ഉണ്ടായിരുന്നില്ല, അവർക്കാർക്കും എന്നെ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടാണല്ലോ ജനിച്ചു വീഴും മുമ്പേ അവരെന്നെ ഇല്ലാതാക്കിയത്.
 
ഞാൻ വയറ്റിൽ ഉണ്ടെന്ന് അറിഞ്ഞത് മുതൽ അമ്മയ്ക്കും അച്ഛനും അസ്വസ്ഥത ആയിരുന്നു. അച്ഛന്റേം അമ്മയുടേം വിവാഹം കഴിഞ്ഞു 2 മാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴാണ് അമ്മയുടെ വയറ്റിൽ എന്റെ പിറവി. 10 മാസം അമ്മയുടെ വയറ്റിൽ ആർത്തുല്ലസിക്കാം എന്നാഗ്രഹിച്ചെത്തിയ എന്നെ തളർത്തിയത് അച്ഛന്റേം അമ്മയുടെയും നിരാശ ആയിരുന്നു. ഒരു കുഞ്ഞികാൽ കാണാൻ ഭാഗ്യമുണ്ടാവുമ്പോൾ സാധാരണ ദമ്പതികളുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരിയും സന്തോഷവും ആഹ്ലാദവും ഒന്നും ഞാൻ അവരിൽ കണ്ടില്ല. അവർ മെനഞ്ഞെടുത്ത "ലൈഫ് പ്ലാനിങ്ങിൽ" ഞാൻ ഇല്ലായിരുന്നു പോലും, അത് കൊണ്ട് തന്നെ എന്റെ വരവ് അവർക്കൊരു ശാപമായി മാറി. കുഞ്ഞൊക്കെ ഒരു 3-4 വര്ഷം കഴിഞ്ഞു മതി അല്ലെങ്കിൽ അവരുടെ ജീവിത പ്ലാനിങ്ങുകൾ മൊത്തം അവതാളത്തിൽ ആവുമത്രെ. പോരാത്തതിന് മറ്റു പല ന്യായങ്ങളും അവർ നിരത്തി, വെറും 21 വയസ്സ് മാത്രം പ്രായമുള്ള അമ്മയ്ക്ക് വേവലാതി സൗന്ദര്യം നഷ്ടപ്പെടുമോ എന്നായിരുന്നു, പിന്നെ ആൾക്കാരെ എങ്ങനെ നേരിടും എന്നുള്ള ആശങ്കയും കാരണം കല്യാണം കഴിഞ്ഞിട്ട് ആകെ 2 മാസമല്ലേ ആയുള്ളു. അച്ഛന് വേവലാതി ചിലവുകൾ ഓർത്തായിരുന്നു, ഞാൻ വന്നാലുണ്ടാവുന്ന അധിക ചിലവുകൾ, പെണ്കുട്ടിയാകുമോ എന്നുള്ള ഭയം വേറെയും.

ആരും അറിയാതെ, അധികം താമസിയാതെ ഇതിനെല്ലാം പരിഹാരമായി അവർ ഒരു വഴിയും കണ്ടെത്തി, "ഗർഭഛിദ്രം" അഥവാ "അബോർഷൻ". അവരുടെ ചിന്തകൾ ഇങ്ങനെ ഒരു തീരുമാനത്തിൽ അവസാനിച്ചപ്പോഴും അവരുടെ മുഖത്തു കുറ്റബോധത്തിന്റെ നിഴലുകൾ പോലും ഞാൻ കണ്ടില്ല. പകരം ആശ്വാസത്തിന്റെ നെടുവീർപ്പാണ് ഞാൻ നേരിട്ടത്.

അവരുടെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാൻ അവർ ഇല്ലാതാക്കിയത് എന്റെ ജീവനെ ആയിരുന്നു, എന്റെ സ്വപ്നങ്ങളെ ആയിരുന്നു. അമ്മയുടെ വയറ്റിൽ പിറവി കൊള്ളുന്നു എന്നറിഞ്ഞത് മുതൽ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ ഒരു നിമിഷം കൊണ്ടില്ലതായി, നിലത്തു വീണുടഞ്ഞ ചില്ലു കൊട്ടാരം പോലെ. ഭൂലോകത്തേക്ക് കാലെടുത്തു വയ്ക്കുന്ന ആദ്യ ദിനം, സന്തോഷത്തോടെ നിറഞ്ഞ കണ്ണുകളോടെ പാൽപുഞ്ചിരി തൂകിയ ചുണ്ടുകളോടെ അമ്മയെന്നെ ചുംബിക്കുന്നത്, കരുതലോടെ ആഹ്ലദാത്തോടെ അച്ചനെന്നെ വാരിപ്പുണർന്നു മാറോടണയ്ക്കുന്നത്. അമ്മതൻ മാധുര്യമേറും മുലപ്പാൽ നുകർന്ന് അച്ഛന്റെ നെഞ്ചിലെ ചൂടേറ്റ് ജീവിക്കാൻ കൊതിച്ച നാളുകൾ. വാവേ എന്നുള്ള മധുരമൂറും വിളികൾ, പുത്തൻ ഉടുപ്പുകൾ, അങ്ങനെ സ്നേഹത്തിൽ പൊതിഞ്ഞ ഒരായിരം നിമിഷങ്ങൾ. അമ്മയുടെ മടിത്തട്ടിൽ സുഖ നിദ്ര, അച്ഛന്റെ കരങ്ങളിൽ കിടന്നെന്റെ കാലിട്ടടിക്കാൻ കൊതിച്ചിരുന്നു ഞാൻ. കരഞ്ഞു നിലവിളിച്ചു പാതിരാത്രിയിൽ അച്ഛന്റേം ആമ്മയുടേം ഉറക്കം കെടുത്താൻ കൊതിയായിരുന്നെനിക്ക്, കുറുമ്പും കുസൃതിയും സ്നേഹവും ലാളനയും ഒക്കെ നിറഞ്ഞ ഒരു സുന്ദര ജീവിതമായിരുന്നെന്റെ സ്വപ്നം.

പക്ഷെ എല്ലാ സ്വപ്നങ്ങൾക്കും കൊലയാളികളായതെന്റെ അച്ഛനും അമ്മയും തന്നെ. എന്റെ ജീവൻ പൊലിയുമെന്നതിനേക്കാളേറെ ഞാൻ വേദനിച്ചത് എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും കൊലയാളികളായി മാറുമല്ലോ എന്നോർത്തായിരുന്നു, അതും സ്വന്തം കുഞ്ഞിനെ കൊന്നവരായി മാറുമല്ലോ എന്നോർത്തായിരുന്നു. എന്റെ നെഞ്ചിലെ നീറ്റലും തേങ്ങലും കണ്ണിലെ ചുടു കണ്ണീരും ആരും കണ്ടില്ല. ഒരുറുമ്പിനെ കൊള്ളുന്ന ലാഘവത്തോടെ അവരെന്റെ വയറ്റിൽ കഠാര കയറ്റി ഇറക്കി, പിടയുന്ന ജീവൻ കണ്ടവർ ആർത്തുല്ലസിച്ചു, എന്റെ മരണത്തിലവർ ആശ്വാസം കണ്ടു.

അവർ എന്നെ കൊലപ്പെടുത്തിയിട്ട് ഇന്നേക് 10 വര്ഷം. പക്ഷെ ഇന്നവർ വേദനിക്കുന്നതും കണ്ണുനീർ ഒഴുക്കുന്നതും എന്നെ പോലൊരു കുഞ്ഞിന് വേണ്ടി. ഇപ്പോൾ അവര്ക് സൗന്ദര്യം നഷ്ടപെടുന്ന ഭയമില്ല, ചിലവ് കൂടുമെന്ന വേവലാതി ഇല്ല. അന്നവർക്ക് ആൾക്കാരോട് പറയാൻ നാണക്കേടായിരുന്നെങ്കിൽ, ഇന്ന് ചുറ്റിലുമുള്ളവർ ചോദിക്കുന്നു "കല്യാണം കഴിഞ്ഞിട്ട് ഇത്രേം വര്ഷമായിട്ടും വിശേഷമൊന്നും ആയില്ലേ എന്നു" ചിലരെന്റെ അമ്മയെ "മച്ചി" എന്ന് വിളിക്കുന്നു. അത് കേൾക്കുമ്പോൾ എന്റെ ഉള്ളം പിടയ്ക്കും, അങ്ങനെ വിളിക്കുന്നവരോടെനിക്ക് പറയണമെന്നുണ്ടായിരുന്നു എന്റെ 'അമ്മ "മച്ചി" അല്ലെന്നു, ഞാൻ അമ്മയുടെ മോളാളെന്നു. അവരിപ്പോൾ ചിലവാക്കാത്ത ക്യാഷ് ഇല്ല, ചികിത്സക്കും, വഴിപാടിനും, പൂജയ്ക്കും അങ്ങനെ എന്തല്ലാം വഴിയുണ്ടോ അവിടെയൊക്കെ അവർ എത്തിപ്പെട്ടു, മുട്ടാത്ത വാതിലുകളില്ല വിളിക്കാത്ത ദൈവങ്ങളില്ല. ഇന്നവർ നന്നേ അവശരായിരിക്കുന്നു, ജീവിത്തിൽ ഒറ്റപ്പെട്ട പോലെ.

ഇന്നിപ്പോൾ ഞാനും പ്രാർത്ഥിക്കുന്നു എന്റെ അച്ഛനും അമ്മയ്ക്കും ഒരു കുഞ്ഞിനെ, എനിക്കൊരു കുഞ്ഞനുജനെ അല്ലെങ്കിൽ കുഞ്ഞനുജത്തിയെ നൽകണേ ദൈവമേ എന്ന്.

(കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ്, മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞു ദൈവം തന്ന അനുഗ്രഹങ്ങളെ "അബോർഷൻ" എന്ന കൊടും ക്രൂര വിനോദത്തിനു ഇരയാക്കാതിരിക്കുക. തിരിച്ചറിയുക "അബോർഷൻ" ചെയ്യുന്നതിലൂടെ നിങ്ങളും കൊലയാളിയായി മാറുകയാണ്, അതും സ്വന്തം ചോരയെ ഇല്ലാതാക്കിയ കൊലയാളി. കൊലയ്ക്കു നമ്മളിട്ട ഓമനപ്പേരാണ് 'അബോർഷൻ')

Monday, 7 November 2016

യാത്ര

ഇന്ന് എനിക്കൊരു യാത്ര പോകണം. പോകേണ്ട എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അവന് ഒരേ നിർബന്ധം എന്നെയും കൂടെ കൂട്ടണമെന്ന്. അവൻ പറഞ്ഞാൽ പിന്നെ അപ്പീലില്ലല്ലോ, വാശി പിടിച്ചിട്ടൊട്ടു കാര്യവുമില്ല, അങ്ങനെ ഒരു വഴിയുമില്ലാതെ അവന്റെ കൂടെ പോവാൻ തീരുമാനിച്ചു. സാധാരണ പോലെ കൂടുതൽ അണിഞ്ഞൊരുങ്ങാനൊന്നും നിന്നില്ല. അല്ലെങ്കിലും അവന്റെ കൂടെ പോവുമ്പോ അതൊന്നും വേണമെന്നില്ല. മറ്റുകൂട്ടുകാരെ പോലെ പുറത്തിറങ്ങുമ്പോൾ നല്ല ഡ്രസ്സ് ഇടണം, ഷൂ ഇടണം, ജാങ്കോ ആവണം, ബൈക്ക് വേണം, കാറ് വേണം എന്നുള്ള ഒരു നിര്ബന്ധവത്തെ അവനില്ല. 

പക്ഷെ ഈ യാത്രയ്‌ക്കൊരു പ്രത്യേകത ഉണ്ട്, എനിക്ക് അഞ്ചു പൈസ ചിലവില്ല. എല്ലാം അവർ നോക്കിക്കോളും. അതുകൊണ്ട് തന്നെ കാശിന് വേണ്ടി ഞാൻ അമ്മയുടെ അരിപ്പാത്രത്തിൽ കയ്യിട്ടില്ല, അച്ഛന്റെ ഷിർട്ടിന്റെ പോക്കറ്റിലേക്കെന്റെ നോട്ടം പോയതുമില്ല. എന്നിട്ടും അവരൊട്ടും ഹാപ്പി അല്ലാട്ടോ, ഞാൻ ഇറങ്ങാൻ നേരം അവർക്കാകെ സങ്കടം. 'അമ്മ അലമുറയിട്ട് കരയുന്നു, അച്ഛനാണേൽ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും കണ്ണീർ തുള്ളികൾ ഒളിപ്പിക്കാനുള്ള തന്ത്രപ്പാടിലാ. മറുവശത്തു പെങ്ങമാര് ഏങ്ങലടിക്കുന്നു, ഏട്ടനാണേൽ ആരുകാണാതെ വിതുമ്പുന്നുമുണ്ട്. എനിക്കൊന്നും മനസ്സിലായില്ല, ഇവരെന്തിനാ ഇങ്ങനെ സങ്കടപ്പെടണെ, ഞാൻ ഇതാദ്യമായിട്ടൊന്നുമല്ലല്ലോ ഒരു യാത്ര പോണേ. ഒന്നുമില്ലേലും ചിന്നുവിന്റെ വിവാഹമല്ലേ അടുത്ത ആഴ്ച അതോര്തെങ്കിലും സന്തോഷിചൂടെ ഇവർക്ക്.

എങ്ങനെ സന്തോഷിക്കും, അല്ലെ..??, സാധാരണ ഞാൻ യാത്രപോയാൽ തിരിച്ചു വരുമെന്ന പ്രതീക്ഷയും വിശ്വാസവുമുണ്ടായിരുന്നു അവര്ക്. ഇനിയൊരു തിരിച്ചു വരവില്ലാതെ ഒരു യാത്രക്കൊരുങ്ങുമ്പോൾ അവരെങ്ങനെ സന്തോഷിക്കും. ബൈക്കുമെടുത്തു വീട്ടിൽ നിന്നിറങ്ങുമ്പോഴേ അച്ഛൻ പറഞ്ഞതാ "ഈ ശകടം കൊണ്ടുള്ള നിന്റെ സര്ക്കസ് കുറച്ച കൂടുന്നുണ്ടെന്ന്", അമ്മയും പറഞ്ഞു "പതുക്കെ പോണേടാ മോനേന്ന്". ഇതൊന്നും കേട്ട ഭാവം നടിച്ചില്ല, അതുകൊണ്ടിപ്പോ എന്തായി പ്രായം വാർധക്യത്തിന് പിടികൊടുക്കാതെ തന്നെ സൗജന്യ യാത്ര കിട്ടിയില്ലേ. 20 വര്ഷം പോറ്റി വളർത്തിയ അച്ഛനും അമ്മയ്ക്കും ആകെ സമ്മാനിക്കാനായത് കണ്ണീർ മാത്രം. പെങ്ങന്മാർക് തല്ലു കൂടാനും ഏട്ടന് ഉപദേശിക്കാനും ഒരാളില്ലല്ലോ എന്നുള്ള സങ്കടം വേറെയും.

ഇനിയൊന്നും കാണാൻ നിൽക്കുന്നില്ല ഞാൻ, പോവുന്നു എന്നെന്നേക്കുമായി. അവനിനി കാത്തു നിൽക്കുമെന്ന് തോന്നുന്നില്ല.

ബാല്യം...

വേലിയൊന്നു ചാടി മാവേലൊരു കല്ലെറിയാൻ കൊതിയുണ്ടിന്നെനിക്ക്...

മഴ നനഞ്ഞെന്റെ പാടത്തെ ചെളിയിൽ കളിക്കാനിറങ്ങണമിന്നെനിക്ക്...

കള കളമൊഴുകുന്ന പുഴയിലായ് മുങ്ങി നീരാടണമിന്നെനിക്ക്...

മണ്ണപ്പം ചുട്ടും കണ്ണാരം പൊത്തിയും കൂടെകളിക്കണമിന്നെനിക്ക്....

പുളിയുള്ള മാങ്ങയിൽ ഉപ്പിത്തിരി ചേർത്തൊന്നു നുകരണമിന്നെനിക്ക്...

കിണിം കിണിം മുട്ടി വരുമ്പോൾ നിറമുള്ള ഐസിന്നു രുചിക്കണമിന്നെനിക്ക്....

പനിപിടിചെന്റെ അമ്മതൻ മടിത്തട്ടിൽ മയങ്ങണമെനിക്ക്..

പിന്നാമ്പുറത്തെ പടിയിലായിരുന്നുകൊണ്ട് സൊറയേറെ പറയണമെനിക്ക്..  ....
അമ്മതൻ കോന്തലയിൽ നിന്നൊരു തുട്ടുമെടുത്തൊന്നു ചക്കര മിട്ടായി വാങ്ങണമിന്നെനിക്ക്..

Wednesday, 19 October 2016

കിലുക്കാംപെട്ടി ഐഷു

നാളെ എന്റെ കുഞ്ഞനുജത്തിയുടെ വിവാഹമാണ്. അവളെന്റെ കാഴ്ച വട്ടത്തു നിന്നും പറന്നകലുകയായി.. ഒരു ഉപ്പയുടെ കടമയോടും ഒരു  സഹോദരന്റെ ഉത്തരവാദിത്യത്തോടും കൂടി അവളെ ഞങ്ങൾ നാളെ ഷാഹിറിന് കൈ പിടിച്ചു കൊടുക്കുകയാ...

എന്റെ സ്വന്തം കിലുക്കാം പെട്ടി "ഐഷു"...ഞങ്ങൾ തമ്മിൽ 5 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും  ഞങ്ങളുടെ മനസ്സുകൾ തമ്മിൽ ആ അകലം ഉണ്ടായിരുന്നില്ല ...ഉമ്മയും ഉപ്പയും എന്നെ "റാഷി" എന്നാണ്   വിളിക്കാറ്, അത് കേട്ട് അവളും അത് തന്നെ തുടർന്നു.വല്ലപ്പോഴും എന്തേലും പണി ഒപ്പിക്കാൻ, അല്ലേൽ എന്തേലും കാര്യം സാധിചെടുക്കാൻ "റാഷിക്കാക്ക" ആവും. ചെറുപ്പത്തിലേ കൊഞ്ചിച്ചും ലാളിച്ചും വളർത്തിയത് കൊണ്ട് നല്ല അനുസരണയാ അവൾക്.ഞാൻ എന്ത് പറഞ്ഞാലും അതിന്റെ ഓപ്പോസിറ് മാത്രമേ പ്രവർത്തിക്കൂ. ഇളയ കുട്ടി ആയതു കൊണ്ടും ഒരു പെൺ തരി ആയത് കൊണ്ടും ഉപ്പാക്കും ഉമ്മക്കും കണ്ണിലുണ്ണി ആയിരുന്നവൾ.  അതിന്റെ അഹങ്കാരം അവളുടെ ഭാവത്തിലും പ്രവർത്തിയിലും ഉണ്ടായിരുന്നു.

ഞാൻ എന്ത് എടുത്താലും വാശിപിടിച്ചു വാവിട്ട് കരഞ്ഞു അത് സ്വന്തമാക്കുക, ഞാൻ എന്ത് ചെയ്താലും അതിൽ ഇടങ്കൊലിടുക, പാര വെപ്പ്, അടി,പിടി,പിച്ചല്, ഇതൊക്കെയാണ് അവളുടെ മെയിൻ പരിപാടീസ്. ചില സമയങ്ങളിൽ അവളൊരു ഇത്താത്തയായും പ്രതിഫലിക്കും, ലോകത്തെവിടെയും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു കൊട്ട ഉപദേശവുമായി വരും.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും അവളുടെ ഉള്ളിൽ എന്നോടുള്ള കുറുമ്പ് നിറഞ്ഞ സ്നേഹം ഞാൻ ശെരിക്കും തിരിച്ചറിഞ്ഞത് അന്നായിരുന്നു, ഞാൻ സൈക്കിളിൽ നിന്ന് വീണ് കയ്യൊടിഞ്ഞു കിടന്ന ആ ദിനങ്ങൾ... കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി എന്റേതായ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നിതിനിടയ്ക് സൈക്കിളിനു കലികേറിയിട്ടാണോന്നറിയില്ല എന്നെ ചുമ്മാ ഒരു രസത്തിനു താഴേക്കിട്ടു, ഞാൻ നല്ലൊരെ റയ്‌സറും ജംബറുമൊക്കെ ആയിരുന്നത് കൊണ്ടാവും വീഴ്ചയിൽ ഒരു കൈ മാത്രേ ഓടിഞ്ഞുള്ളു. അങ്ങനെ കൂടെ ഉണ്ടായിരുന്ന  കൂട്ടുകാരൊക്കെ ചേർന്ന്  വൈദ്യരുടെ അടുത്തെത്തിച്ചു, ശേഷം ഒരു കലക്കൻ കെട്ടും 1 ആഴ്ച റെസ്റ്റെന്ന പേരിൽ അവധിയും സംഘടപ്പിച്ചു ഞാൻ വീട്ടിൽ എത്തി.. കൈ നന്നായി വേദനിക്കുന്നുണ്ടായിരുന്നെങ്കിലും കാലിൽ തൊലി പോയ നീറ്റൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഞാൻ പുറത്തു കാണിക്കാതെ ഒരാഴ്ച സ്കൂൾ അവധി കിട്ടിയ സന്തോഷം മാത്രം മുഖത്തു എഴുതിവെചു നേരെ ഐഷുവിന്റെ അടുത്തേക്ക് ആണ് വെച്ച് പിടിച്ചത്.. അവധിയുടെ കാര്യം പറഞ്ഞവളെ ചൂട് പിടിപ്പിക്കാം എന്നതായിരുന്നു ദുരുദ്ദേശം.

പക്ഷെ അടുത്തെത്തിയപ്പോ സീൻ ആകെ മാറി. നമ്മടെ ഐഷ കുട്ടി കണ്ണും കലക്കി കണ്ണീരിലൊപ്പിച്ചോണ്ട് നിക്കുന്നു. ഞാൻ ആകെ അന്ധം വിട്ടു, ഇതെന്താ കഥ, ഇവൾകിതെന്തു പറ്റി.. എന്റെ കയ്യൊടിഞ്ഞത് പ്രമാണിച്ചു ഇവളിവിടെ ബിരിയാണി വെച്ച ആഘോഷിക്കുമെന്നാണല്ലോ ഞാൻ വിചാരിച്ചത്. ഇവളിതെന്തിനാ ഇങ്ങനെ മോങ്ങണെ, ഇനി ഇതിനാണോ പടച്ചോനെ ആനന്ദ കണ്ണീരെന്ന് പറയുന്നത്.

"നീ എന്തിനാടി ഇങ്ങനെ കിടന്ന് മോങ്ങണെ" ഇത്തിരി ഗൗരവത്തിൽ ഞാൻ ചോദിച്ചു. അവൾ അത് കേട്ട ഭാവം നടിച്ചില്ല, അപ്പോഴും കളിപ്പാട്ടം നഷ്ടപെട്ട കുട്ടിയെ പോലെ  അവൾ കരയുകയായിരുന്നു. ഞാനൊന്നു റൂട്ട് മാറ്റിപ്പിടിക്കാൻ ശ്രമിച്ചു, എന്താണ് കാര്യമെന്നറിയണമല്ലോ അതുകൊണ്ട് സ്നേഹത്തിന്റെ ഭാഷ പുറത്തെടുത്ത അഭിനയം തുടങ്ങി, "എന്റെ ഐഷു മോൾ എന്തിനാ കരയണെ".അതിൽ അവൾ അലിഞ്ഞെന്ന് തോന്നി, കരഞ്ഞു കലങ്ങിയ കണ്ണും സങ്കടം മൂടിക്കെട്ടിയ മുഖവുമായി എന്റെ അടുത്തേക്കവൾ നടന്നടുത്തു. പതുക്കെ എന്റെ ഒടിഞ്ഞ കയ്യിലൊന്നു തൊട്ടു, തലോടി, എന്നിട്ടവൾ സങ്കടത്തോടെ ചോദിച്ചു "നന്നായിട്ട് വേദനിക്കുന്നുണ്ടോ റാഷിക്കാക്കാന്ന്". അത് കേട്ടതും എന്റെ മനസ്സിൽ സന്തോഷമാണോ സങ്കടമാണോ വന്നതെന്നറിയില്ല എന്തായാലും എന്റെ  കണ്ണുകളിൽ കണ്ണീർതുള്ളികൾ സ്‌ഥാനം പിടിച്ചിരുന്നു. അപ്പോഴും അവള് തുടരുണ്ടായിരുന്നു "എന്തിനാ സൈക്കിൾ കൊണ്ട് സര്ക്കസ് കളിയ്ക്കാൻ പോയെ അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ പറ്റിയെ".അപ്പോഴും എനിക്കത്ഭുതമായിരുന്നു. "കാലിൽ നല്ല നീറ്റൽ ഉണ്ടാവും അല്ലെ, ഞാൻ പച്ചമരുന്ന് എന്തേലും എടുത്തോണ്ട് വന്ന പുരട്ടി തരാട്ടോ, അപ്പൊ പെട്ടെന്ന് മാറുമല്ലോ" കീറിയ പാന്റ് പതുക്കെ മാറ്റി നോക്കി കൊണ്ടവൾ പറഞ്ഞു. അവൾ മരുന്നെടുക്കാനായി അകത്തേക്കോടി.

അപ്പോൾ എനിക്ക് മനസ്സിലായി ഞാൻ ഇവിടെ എത്തും മുൻപ് അവൾ കാര്യങ്ങളൊക്കെ എങ്ങനെയോ അറിഞ്ഞിരിക്കുന്നു, കൂട്ടുകാർ ആരോ പറഞ്ഞതാണ്. അതറിഞ്ഞിട്ടാണവൾ കണ്ണീർ വാർത്തത്, സങ്കടപ്പെട്ടത്.

അവൾ മരുന്നുമായി ചീറിപ്പാഞ്ഞെത്തി, മരുന്നെന്റെ കാലിലേക്ക് പുരട്ടാൻ തുടങ്ങി, മരുന്നിനേക്കാൾ ആശ്വാസം എനിക്കവളുടെ സ്നേഹത്തിലുണ്ടായിരുന്നു, പരിചരണത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആയിരിക്കണം വേദനയും നീറ്റലും അലിഞ്ഞില്ലാണ്ടായി. അവൾ ആ സമയം ശെരിക്കും ഒരു ഇത്താത്താത്ത ആയത് പോലെ, എനിക്കില്ലാത്ത പക്വത അവൾ സ്വന്തമാക്കിയ പോലെ.

ഇതൊക്കെ കഴിഞ്ഞു വീണ്ടും ഞാൻ അവളെ അടുത്ത വിളിച്ചിരുത്തി ചോദിച്ചു, നീ എന്തിനാ ഐഷു സങ്കടപ്പെട്ടത്, അവളുടെ മറുപടി ശര വേഗത്തിൽ ആയിരുന്നു "അതുപിന്നെ റാഷിക്ക് എന്തേലും പറ്റിയാൽ പിന്നെ എനിക്ക് സങ്കടാവൂലെ, ഞാൻ ചിലപ്പോ പിച്ചും,തല്ലും, അടിക്കും. എന്ന കരുതി എന്റെ റാശിക്ക് നൊന്താൽ, എനിക്കും നോവൂലാന്നാണോ". അതുകേട്ടതും ഞാൻ അവളെ കെട്ടി പിടിച്ചൊരുമ്മ കൊടുത്തു. അപ്പോഴാ ഞങ്ങൾ രണ്ടു പേരുടെ കണ്ണിലും ആനന്ദ കണ്ണീർ പെയ്തു തുടങ്ങിയത്.
എല്ലാം കഴിഞ്ഞവൾ റൂമിനു പുറത്തേക്ക് പോകാൻ നേരം അവളുടെ മുഖത്തൊരു കള്ളച്ചിരി എന്നിട്ടൊരു ഡയലോഗ് "വൈദ്യർ ഒരാഴ്ച റസ്റ്റ് എടുക്കാൻ പറഞ്ഞത് ഞാൻ അറിഞ്ഞുട്ടോ, അങ്ങനെ നിനക്ക് മാത്രം ഒരാഴ്‌ച സ്കൂൾ ലീവ് കിട്ടുന്നത് എനിക്ക് ഇഷ്ടല്ല, അതുകൊണ്ട് പെട്ടെന്ന് മുറിവൊക്കെ ബേധമാകാന ഞാൻ മരുന്നൊക്ക പുരട്ടി തന്നത്, അല്ലാണ്ട് ഇന്നോടുള്ള ഇഷ്ടം കൊണ്ടുമൊന്നുമല്ലാട്ടോ.."
ഇത് കേട്ടപ്പോ എനിക്ക് ചിരി അടക്കാനായില്ല, അവളിലെ കുസൃതി എന്നെ പൊട്ടിചിരിപ്പിച്ചു.

ഇതൊക്കെ പഴയ കാലം, ഇന്നവൾ വല്യ പെണ്ണായി, എന്നാലും കുസൃതിക്കും കുറുമ്പിനും ഒരു കുറവുമില്ലാട്ടോ, ഇപ്പോഴുള്ള പണി എല്ലാം നമ്മൾ ഒരുമിച്ചാ. എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി. എന്റെ പ്രണയവും വിരഹവും പോലും അവളുമായി പങ്കു വെക്കാറുണ്ട്. എന്റെ എല്ലാ തരികിടകൾക്കും എസ്സെമ്മസ് അയച്ച സപ്പോർട്ട് ചെയ്യുന്നത് അവളാ.

നാളെ അവൾ കല്യാണ പന്തലിൽ മണവാട്ടിയായി ചമഞ്ഞൊരുങ്ങും, സുമംഗലിയായി  ഷഹീറിന്റെ കൈ പിടിച്ചൾ പടിയിറങ്ങും, പിന്നെ അവൾ മറ്റൊരു വീട്ടിൽ, നല്ലൊരു ഭാര്യയായി, മരുമകളായി ജീവിക്കാൻ ഒരുങ്ങുന്നു. പക്ഷെ അവൾ എനിക്കെന്നും എന്റെ കിലുക്കാം പെട്ടി ഐഷു തന്നെ . കാഴച വട്ടത്തിന്നു മാറിയാലും ഭാര്യയുടെയും മരുമകളുടെയും ഉമ്മയുടെയും വേഷങ്ങൾ പകർന്നാടുമ്പോൾ അവളുടെ നിഷ്കളങ്കമായ കുസൃതിയും  കുറുമ്പും കട്ടെടുക്കാതിരിക്കട്ടെ , ഇടയ്ക്കൊക്കെ ഒന്ന് തല്ലു കൂടാൻ, പിണങ്ങാൻ, ചിണുങ്ങാൻ അതെന്നും അവളുടെ കൂടെ വേണം. നാളെ അവൾ പടിയിറങ്ങുമ്പോൾ മുഖത്തു പുഞ്ചിരി വിടർത്തി അനുഗ്രഹിച്ച ശേഷം ആവളെ നോക്കി ഒന്ന് കൊഞ്ഞനം കുത്തണം, ആ നേരം എന്റെ കണ്ണുകൾ നിറയരുതേ, പൊട്ടിക്കാരായരുതേ എന്ന് ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


Friday, 7 October 2016

"ഇഷ്ടമാണ്.... പക്ഷെ...."എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ..
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണെ..


"എന്ന് നിന്റെ മൊയ്‌തീൻ" സിനിമ കണ്ട ആവേശത്തിൽ "പരിശുദ്ധ പ്രണയം" സ്വപ്നം കണ്ടു നടക്കുന്ന കാലം. ഇതിനു മുൻപും പ്രണയാഭ്യര്ഥനകൾ നടത്തി പൂർണ പരാജയം കൈവരിച്ചിട്ടുണ്ടെങ്കിലും മൊയ്‌തീൻ കണ്ടപ്പോ മുൻപ് ആരോ കൊത്തി വെച്ച വാക്കുകൾ എന്റെ ജീവിതത്തിലേക്കും കടമെടുക്കാൻ തോന്നി "പരാജയങ്ങളിൽ നിന്ന് പാഠം ഉൾകൊണ്ട് വിജയത്തിലേക്ക് നടന്നു കയറൂ". വിഷയം പ്രണയമായതു കൊണ്ടും, എന്റെ ഉള്ളിലെ നിരാശ കാമുകൻ ഒരു പ്രണയിനിക്കായി ദാഹിച്ചിരിക്കുന്നത് കൊണ്ടും ആവേശം കൊടുമുടിയിലായിരുന്നു.

ആഹാ.നിക്ക് നിക്ക്.... എന്റെ പ്രണയകഥ മാത്രം അറിഞ്ഞാൽ മതിയോ.. ഈ ഞാൻ ആരാണെന്നു കൂടി അറിയണ്ടേ..????

ഞാൻ ഷാൻ, ബിരുദ വിദ്യാർത്ഥി, വാണിജ്യമാണെൻറെ വിഷയയമെങ്കിലും പ്രേമമാണ്  ഞാൻ പഠിച്ചോണ്ടിരിക്കുന്നത്. ജീവിതത്തിൽ ഏറ്റവും കളർഫുള്ളായ കലാലയ ജീവിതത്തിലൂടെ കടന്നു പോവുന്ന സമയം, അപ്പോഴാണ് ഞാനും ഒരു പ്രേമ രോഗിയായിമാറുന്നത്... അത്യാവശ്യം നന്നായി വായ നോക്കും, ആവശ്യത്തിൽ കൂടുതൽ തല്ലു കൊള്ളിത്തരം, ഇതിൽ കൂടുതലൊന്നും പറയേണ്ടല്ലോ ഞാൻ ഒരു മാന്യനാണെന്നു തെളിയിക്കാൻ. ടീച്ചേഴ്സിനൊക്കെ ഭയങ്കര ഇഷ്ടമാ എന്നെ, എന്താണെന്നറിയില്ല എന്നോടുള്ള ഇഷ്ടം കൂടുമ്പോ ഇടയ്ക് ഇടയ്ക്  അവര്കെന്റെ വീട്ടുകാരെയും കാണാൻ തോന്നും, ചിലപ്പോ ഇഷ്ടം  ഇമ്പോസിഷനുകളിലൂടടെയും ഗെറ്റ് ഔട്ട് അടിച്ചും പ്രകടിപ്പിക്കാറുണ്ട്.
ഇപ്പോൾ നിങ്ങൾക്കെന്നെ മനസ്സിലായല്ലോ..? ഇനി നമ്മുടെ കഥയിലേക്ക് തിരിച്ചു വരാം..

അങ്ങനെ ഞാൻ മൊയ്‌തീൻ ആകാൻ തീരുമാനിച്ചെങ്കിലും, ഒരു കാഞ്ചനയെ കണ്ടെത്താൻ എനിക്ക് സാധിച്ചില്ല, ആരും തയ്യാറാവുന്നില്ല എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. സൗന്ദര്യം ഒരു ശാപമായിപ്പോയതോ പൊതുവെ ഒരു മാന്യനായിപ്പോയതോ, എന്താണെന്നറിയില്ല എന്റെ പ്രയാഭ്യര്ഥനകളൊക്കെ ചീറ്റിപ്പോയി. എന്ത് പറയാനാ ആ പെൺപിള്ളേർക്കൊന്നും ഭാഗ്യമില്ല അത്ര തന്നെ.

അങ്ങനെ പരീക്ഷയിൽ മാത്രമല്ല പ്രണയ നാടകത്തിലും തോറ്റ്  തുന്നം പാടി നിൽക്കുന്ന സമയത്താണ് നമ്മടെ പുത്തൻ പ്രതീക്ഷകളുടെ കടന്നു വരവ്. മനസ്സിലായില്ല..? നമ്മുടെ സ്വന്തം ജൂനിയർസ്‌.  വീണ്ടും എന്നിലെ രമണൻ ഉണർന്നു, ചന്ദ്രികയുടെ കാലൊച്ചയ്ക്കായ്.
റാഗിങ്ങും വായ്നോട്ടവുമൊക്കെയായി ഒന്ന് രണ്ടു ആഴ്ചകൾ കടന്നു പോയെങ്കിലും, ഞാൻ ഒരുക്കി വെച്ച പ്രേമ കൂട്ടിലേക്ക് ചേക്കേറാൻ പോന്ന ഒരു കിളിയെയും എനിക്ക് കണ്ടെത്താനായില്ല. പരിശുദ്ധ പ്രണയം സ്വപ്നം കാണുന്നത് കൊണ്ടോ മൊയ്തീനാകാൻ  തീരുമാനിച്ചത് കൊണ്ടോ, എന്താണെന്നറിയിൽ ഇത് വരെ കണ്ട മുഖങ്ങളൊക്കെയും കാഴ്ചയെ സ്പർശിച്ചതല്ലാതെ മനസ്സിൽ പതിഞ്ഞില്ല.

ആ ..അങ്ങനെ പ്രതീക്ഷകൾ പോലും എന്നെ പരാജയപ്പെടുത്തിയ സമയത്താണ്, കഥയിൽ ട്വിസ്റ്റുമായി ഒരു "ന്യൂ എൻട്രി", അതെ ഒരു പെൺതരി, അവൾ പിച്ച വെച്ചു കേറിയത് നമ്മുടെ കോളേജിലേക്ക് മാത്രമല്ല, എന്റെ മനസ്സിലേക്ക് കൂടിയാ...

പേര് ഷഫ്‌ന, ബി എ ഇംഗ്ലീഷ് ആണ് വിഷയം, വേറൊരു കോളേജിലും അഡ്മിഷൻ ശരിയാവാത്തത്  കൊണ്ട് മാത്രം നമ്മുടെ കോളേജിലേക്ക് വന്നു... അവൾക്കറിയില്ലല്ലോ എന്റെ പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റെയും ഫലമായാണ് അവൾക് വേറെ എവിടെയും അഡ്മിഷൻ കിട്ടാതിരുന്നതെന്ന്..


കൂട്ടുകാർ എല്ലാവരും റാഗിംഗിന് ഒരു പുതിയ ഇരയെ കിട്ടിയ സന്തോഷത്തിൽ നിൽക്കുമ്പോഴും ഞാൻ അവളുടെ മുഖത്തു നിന്നും കണ്ണ് എടുത്തതെ ഇല്ല.. ആദ്യം ഉടക്കിയത് അവളുടെ പൂച്ച  കണ്ണുകളാണെങ്കിലും കുപ്പി വള പൊട്ടി ചിതറിയ പോലുള്ള അവളുടെ ചിരിയും  എന്നെ ഹഠാതാകര്ഷിച്ചു എന്ന് പറയുന്നതായിരിക്കും സത്യം.. അങ്ങനെ അവസാനം ഞാനെന്റെ കാഞ്ചനയെ കണ്ടെത്തി, ഇനി എന്നെ മൊയ്തീനായി കാണാൻ അവള് കൂടി തയ്യാറായാൽ മതിയായിരുന്നു.. അതിനുള്ള അങ്കത്തിന് ഞാൻ കച്ച കെട്ടി ഇറങ്ങാൻ തന്നെ തീരുമാനിച്ചു..

അവളെ ആകർഷിക്കാനും എന്റെ ഇഷ്ടം പറയാതെ പറയാനും പല അടവുകളും ഞാൻ പയറ്റി നോക്കിയെങ്കിലും ചില സൂചനകൾ നല്കനായി എന്നല്ലാതെ കാര്യമായ ചലനങ്ങളൊന്നും തന്നെ ഉണ്ടാക്കാൻ സാധിച്ചില്ല. ഈ ഒരു വിഷയത്തിൽ മാത്രം,  ഇത്രയും കാലം എനിക്കുണ്ടായിരുന്ന ധൈര്യമൊക്കെയും അവളുടെ മുന്നിലെത്തുമ്പോൾ ചോർന്നില്ലാതാവുന്നതു പോലെ.. ഇതിനു മുന്പും പ്രയാഭ്യര്ഥനകൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഷഫ്‌നയുടെ മുമ്പിലെത്തുമ്പോൾ മാത്രം ഇതുവരെയില്ലാത്തൊരു പേടി, വിറയൽ. അങ്ങനെ ഞാനെന്റെ മനസ്സിലെ ഇഷ്ടം അക്ഷര രൂപത്തിൽ  കടലാസിലാക്കി അവളെ അറിയിക്കാൻ തീരുമാനിച്ചു. ഭാവനയും വർണനയും ഒരുപാടുള്ളതുകൊണ്ടാണോ എന്നറിഞ്ഞുകൂടാ അക്ഷരങ്ങൾ മറന്നത് പോലെ പേന ചലിക്കാൻ ബുദ്ധിമുട്ടുന്നു. എങ്കിലും ഞാനെന്റെ ഇഷ്ടം ഒരൊറ്റ വരിയിലൊതുക്കി "എന്റെ സ്നേഹ കൂട്ടിലേക്ക് പോരുന്നോ പൂച്ച കണ്ണുള്ള രാജകുമാരി....".അല്ലെങ്കിലും യഥാർത്ഥ സ്നേഹം പ്രകടിപ്പിക്കാൻ അക്ഷരക്കൂട്ടുകൾക്കാവില്ലല്ലോ .അവളുടെ കൂട്ടുകാരി എന്റെ ഹംസമായി മാറിയതും അങ്ങനെ. അവൾ അത് വാങ്ങിയെന്ന് അറിഞ്ഞപ്പോൾ ഞാൻ എന്തെന്തിന്നില്ലാത്ത ആഹ്ലാദത്തിൽ അലതല്ലി, ഒരു മറുപടിക്കായി കാത്തിരുന്നു. ദിനങ്ങൾ കുറെ അങ്ങനെ കടന്നു  പോയി, പക്ഷെ കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞതല്ലാതെ മറുപടിയൊന്നും വന്നില്ല. ഹംസത്തെ വീണ്ടും നിയോഗിച്ചുവെങ്കിലും നിരാശ തന്നെ ആയിരുന്നു ഫലം, താല്പര്യമില്ലെന്നായിരുന്നു മറുപടി.  തോൽവി ഒരു പുത്തരിയല്ലാത്ത എനിക്ക് അവിടെയും പതറാതിരിക്കാനുള്ള ആർജ്ജവം ഉണ്ടായിരുന്നു.


പക്ഷെ ആ കാത്തിരിപ്പിനും ആ തോൽവിക്കും ഒരു സുഖമുണ്ടായിരുന്നു.
ദിനങ്ങൾ വിടപറയുംതോറും അവളോടുള്ള മൊഹബ്ബത് കൂടി വരുന്നതേ ഉള്ളൂ.


അങ്ങനെ ഇഷ്ടം അവളുടെ മുമ്പിൽ നേരിട്ട് അവതരിപ്പിക്കാൻ തന്നെ തീരുമാനിച്ചു. കിട്ടാവുന്നിടത്തുന്നൊക്കെ ധൈര്യം സംഭരിച്ചു ഒരു പെർഫോമൻസിനു തന്നെ തയ്യാറായി. പിറ്റേ ദിവസം  അവളെ കണ്ട് സംസാരിക്കാനായി അവൾ പതിവായി വരാറുള്ള കാന്റീനിലേക്കുള്ള വഴിയിൽ കാത്തു നിന്നെങ്കിലും അവളുടെ കാൽപാദങ്ങൾ അന്നാവഴി സ്പര്ശിച്ചതെ ഇല്ല.ഞാൻ സ്വയം ചോദിച്ചു ഇതിനെയാണോ ദൈവത്തിന്റെ വികൃതകൾ എന്ന് പറയുന്നത്. അടുത്ത ദിവസം വീണ്ടും സ്റ്റാർട്സ്പോർട്സിൽ ഹൈലൈറ്റ്സ് ഇട്ട പോലെ സെയിം പൊസിഷൻ സെയിം പ്ലേസ് സെയിം പ്ലയെർ, ലക്‌ഷ്യം ഒന്ന് മാത്രം. ധൈര്യം ചോർന്നു പോവുമെന്ന് തോന്നിയെങ്കിലും എങ്ങനെയൊക്കെയോ പിടിപിച്ചു നിർത്തി. കാത്തിരിപ്പിന് വിരാമമായി അവളുടെ കാൽപാദങ്ങൾ മണ്തരികളെ ചുംബിച്ചുകൊണ്ടിതാ എന്റെ അരികിലേക്ക് നടന്നു വരുന്നു, അവളുടെ കൂട്ടുകാരികളുമുണ്ടായിരുന്നു കൂടെ. നെഞ്ചത്തൊരു ജെനെറേറ്റർ കേറ്റി  വച്ചപോലെ ഹൃദയം പട പടാന്നു ഇടിക്കാൻ തുടങ്ങി. അവൾ അരികിലെത്തി, ഉള്ളിലെ ഭയം പുറത്തു കാണിക്കാതെ അവളെ വിളിച്ചു "ഷഫ്‌ന, ഒന്നു നിൽക്കൂ". അവൾ പിടിതരാതെ മുന്നോട്ട് കുതിക്കാൻ ശ്രമിച്ചെങ്കിലും എങ്ങനെയൊക്കെയേ ഞാൻ അവളെ പിടിച്ചു നിർത്തി പറഞ്ഞു, "എനിക്കൊന്നു സംസാരിക്കണം". "എനിക്കൊന്നും സംസാരിക്കാനില്ലെന്നായിരുന്നു" അവളുടെ മറുപടി. ഞാൻ വിട്ടില്ല "തനിക്കൊന്നും സംസാരിക്കാനില്ലെങ്കിലും കുഴപ്പമില്ല ഞാൻ പറയുന്നത് താൻ കേൾക്കണം, കേട്ടെ പറ്റൂ", അപ്പോഴും അവളൊന്നും തിരിച്ചു പറഞ്ഞില്ല, ഞാൻ തുടർന്നു "എന്റെ ഇഷ്ടം ഞാൻ ഒരിക്കൽ തന്നെ അറിയിച്ചതാണ്, താൻ അപ്പോൾ മറുപടി പറഞ്ഞതാണെങ്കിലും എനിക്ക് തന്നെ അങ്ങനെ മറക്കാൻ സാധിക്കില്ല,ഇതിനു മുന്പും ഒരുപാട് തവണ കളിയായി പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിലും തന്നോടുള്ള ഇഷ്ടം ആത്മാര്ഥമാണ്.എനിക്കിഷ്ടമാണ് തന്നെ ഒരുപാട് ഒര്പാട്" അൽപ നേരം നിശബ്ദതയുടെ അലയൊലി, വീണ്ടും തുടർന്നു "മാഷ് ഒന്നുകൂടി ആലോചിച്ചു നോക്കൂ, പക്ഷെ ഒരു അപേക്ഷ മാത്രം ഉത്തരം നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും എന്റെ മുഖത്തു  നോക്കി പറയണം, ഞാൻ കാത്തിരിക്കും". പിന്നീടൊന്നിനും അവൾ കാത്തിരുന്നില്ല, അവൾ ക്ലാസ്റൂമിലെക്ക് ഓടിയകന്നു.


അന്ന് രാത്രി എനിക്ക് നിദ്രയിലേക്കിറങ്ങിച്ചെല്ലാൻ സാധിച്ചില്ല, അവളുടെ മറുപടി എന്തായിരിക്കുമെന്നുള്ള ടെൻഷൻ അലട്ടിക്കൊണ്ടിരിക്കുന്നതിനിടയ്ക്കും കണ്ണുതുറന്നു  സ്വപ്‌നങ്ങൾ കാണാൻ ഞാൻ മറന്നില്ല ആ സ്വപ്നങ്ങളിലൊക്കെയും അവളായിരുന്നു. അവളുടെ മറുപടി പോസിറ്റീവ് ആയിരിക്കും എന്ന് വിശ്വസിച്ചു കൊണ്ടും, ആയിരിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടും നിമിഷങ്ങൾ തള്ളി നീക്കി.നേരം പുലർന്നു, അപ്പോഴാണ് ഞാൻ ഓർത്തത് ഇന്ന്  കോളേജിൽ ഓണാഘോഷമാണ്, അവളുടെ മറുപടിയും കാത്തിരിക്കുന്ന എനിക്ക് ഓണാഘോഷത്തെ കുറിച്ചുള്ള ചിന്തകളെ ഉണ്ടായിരുന്നില്ല. അവളുടെ മറുപടിക്കായുള്ള  കാത്തിരിപ്പ് മാത്രമായിരുന്നു മനസ്സിൽ. എങ്കിലും മുണ്ടും ഷർട്ടും ധരിച്ചു തന്നെയാണ് കോളേജിലേക്ക് പുറപ്പെട്ടത്. കൂട്ടുകാരെല്ലാം പൂക്കളമൊരുക്കിയും, സദ്യയൊരുക്കിയും , പാട്ടുകൾ പാടിയും, താളം പിടിച്ചും, തിരുവാതിര കളിച്ചും ഓണാഘോഷിക്കുമ്പോൾ ചെണ്ട കൊട്ടിന്റെ താളത്തിൽ ഇടിക്കുന്ന ഹൃദയവുമായി ഞാൻ ആ പൂച്ച കണ്ണിയെ തിരയുകയാണ്, അവളുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. ഒരുപാട് നേരത്തെ തിരച്ചിലിനോടുവിൽ അവളെ ഞാൻ കണ്ടെത്തി, അവൾ എന്നെയും കാത്തിരിക്കുവായിരുന്നു, നമ്മൾ അന്നു സംസാരിച്ച അതെ സ്ഥലത്തു. ഇന്നവളുടെ വേഷം സാരിയാണ്, അത് കൊണ്ടാണോ എന്നറിയില്ല ഇന്നവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു, കണ്ണുകൾക്കു തിളക്കം കൂടിയത് പോലെ, നാണിച്ചുള്ളൊരു പുഞ്ചിരിക്കു കൂടുതൽ അഴക് വന്നത് പോലെ. എല്ലാം കൊണ്ടും ശുഭ സൂചനയാണെന്ന് വിശ്വസിസിച്ചു കൊണ്ട് ഞാൻ ഒരു അമൽ നീരദ് സിനിമയെ ഓര്മപ്പെടുത്തും വിധം അവളുടെ അടുത്തേക്ക് നടന്നു നീങ്ങി, അവളോടുള്ള നിഷ്കളങ്ക സ്നേഹത്തിനു മുന്നിൽ ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ കയ്യും കെട്ടി  അവളുടെ മുന്നിൽ ഒന്നും മിണ്ടാതെ കുറച്ച നേരം നിന്നു.
അൽപ സമയത്തിനു  ശേഷം ഇടറിയ, പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു "ഞാൻചോദിച്ചതിനുള്ള മറുപടി കിട്ടിയില്ലല്ലോ..?? പോരുമോ എന്റെ ജീവന്റെ പാതിയാവാൻ..??"
മറുപടി പറയാൻ ഒരുങ്ങിയപ്പോൾ അവളുടെ ചുണ്ടുകൾ  വിറക്കുന്നുണ്ടായിരുന്നു, എന്നാലും അവൾ പറഞ്ഞു "എനിക്ക് ഇഷ്ടമാണ്, പക്ഷെ..."
ഒരു ഇടിമിന്നലേറ്റ പോലെ ഞാൻ...
അവൾ തുടർന്നു "ഞാൻ ഇഷ്ടപെട്ടവരേക്കാൾ എനിക്കിഷ്ട്ടം എന്നെ ഇഷ്ടപെട്ടവരെയാണ്, എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ എനിക്ക് ചുറ്റുമുണ്ട്. എന്റെ ഈ ഇഷ്ടം അവരെ വേദനിപ്പിക്കുമെന്നതിനാൽ ഇത് വേണ്ടെന്ന് വെക്കാനാണ് എനിക്കിഷ്ടം.., എങ്കിലും ഞാൻ കാത്തിരിക്കാം, ഷാനിക്ക സമായമാവുമ്പോ എന്റെ വീട്ടിൽ വന്നു ഉപ്പയോട് സംസാരിക്കുമെങ്കിൽ.." അത്രയും പറഞ്ഞു അവൾ നിർത്തി.

ഇതൊക്കെ കേട്ട നിന്ന ഞാൻ എന്ത് പറയണമെന്നറിയാതെ കുറച്ച നേരം തരിച്ചു നിന്ന്, അപ്പോഴും ഞാൻ അവളെ കൂടുതൽ ഇഷ്ടപ്പെടുകയാണ്.  ഇത്രയും കാലം ഞാൻ സ്നേഹിച്ചത് അവളുടെ മുഖത്തെ മൊഞ്ചിനെ ആയിരുന്നെങ്കിൽ, ആ നിമിഷം മുതൽ ഞാൻ തിരിച്ചറിഞ്ഞു "അവളുടെ മുഖത്തേക്കാൾ അഴക് അവളുടെ മനസ്സിനാണെന്നു.."

ചെറുപുഞ്ചിരിയോട് കൂടി ഞാൻ അവളോട് പറഞ്ഞു "കാത്തിരിക്കണം, ഞാൻ വരും..."

ഇതുകേട്ട അവളുടെ മുഖത്തും നിലാവുദിച്ചു..പാൽപുഞ്ചിരി തൂകി...

ഇപ്പോൾ ഞങ്ങൾ കാത്തിരിക്കുകയാണ് ആ ഒരു ദിനത്തിന് വേണ്ടി... അവൾ എന്റേത് മാത്രമാകുന്ന ആ സുദിനത്തിനു വേണ്ടി...ആ കാത്തിരിപ്പിന്റെ സുഖം ഞങ്ങളിപ്പോൾ ആസ്വദിക്കുകയാണ്...

Tuesday, 4 October 2016

"നിന്നോടെനിക്കുള്ള പ്രണയം"


പ്രണയച്ചീടുന്നു നിന്നെ ഞാൻ ഇത്തിരി ഭയത്തോടെ
വിശ്വസിച്ചീടുന്നു നിന്നെ ഞാൻ കൈവെടിയില്ലെന്നുറപ്പോടെ

നിൻ നിഘണ്ടുവിൽ സ്ഥാനമില്ല വഞ്ചനേ
ചതിയെന്തെന്നും അറിഞ്ഞുകൂടാ നിനക്ക്

നീതിമാനായി  നീ എല്ലാർക്കുമൊരുപോലെ
നീതി നടപ്പിലാക്കുന്ന വഴികളോ വ്യത്യസ്തം

ഒരുമാത്ര മാത്രമേ നീ പടികടന്നെത്തുള്ളുവെങ്കിലും
എന്നെയും വാരിപ്പുണർന്നെ നീ പോകുകയുള്ളു

നിന്റെ രൂപമോ ഭാവമോ അറിയുകില്ലെനിക്ക്
എങ്കിലും നിന്നെ ഞാൻ പ്രണയിച്ചീടുന്നു..

Saturday, 1 October 2016

" വയോജന ദിനം ഓർമപ്പെടുത്തുന്നത്..."

ഇന്ന് ലോക വയോജന ദിനം..

ഇത്തരം ദിനങ്ങൾ ഓരോരുത്തർക്കുമുള്ള ഓര്മപെടുത്തലുകളാണ്....

ദിനങ്ങൾ കഴിയും തോറും എണ്ണം കൂടി വരുന്ന വൃദ്ധ സദനങ്ങൾ പറഞ്ഞു തരും പ്രായമായവരുടെ വില...

ഇന്ന് ഞാൻ നാളെ നീ എന്ന് പറയുന്നത് മരണത്തെ കുറിച്ച മാത്രമല്ല, ഏതൊരു മനുഷ്യനും വന്നു ചേരുന്ന ഇത്തരം ജീവിതാധ്യായങ്ങളെ കുറിച്ചുമാണ്.. ഓർക്കുക നമുക്കും പ്രായമാകും, അന്ന് നമ്മളും കിടക്കേണ്ടി വരും നമ്മുടെ മാതാപിതാക്കളെ കൊണ്ട് വിട്ട അതെ സ്ഥലത്തു.. ഒരു പക്ഷെ ഇപ്പോഴത്തെ വിദ്യാഭ്യാസ സ്ഥാപങ്ങളെ പോലെ ഒരു സീറ്റിനു വേണ്ടി അടിപിടികൂടുന്ന, ഡൊനേഷനുകൾ വാരിയെറിയുന്ന മക്കളെ കാണാൻ അധികം കാലമൊന്നും സഞ്ചരിക്കേണ്ടി വരില്ല, അത് ഒട്ടും വിദൂരമല്ല....

ഓർക്കുക ഞാനും മനുഷ്യനാണ്, എനിക്കും വയസ്സാകും... എന്നെ കണ്ടു കൊണ്ടാണ് എന്റെ മക്കളും വളർന്നു വരുന്നത്..

സ്നേഹിക്കുക, ബഹുമാനിക്കുക, ശ്രുശൂഷിക്കുക..... നമ്മളെ നമ്മൾ ആക്കിയവരെ...നിറവേറ്റിക്കൊടുക്കുക അവരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളെ..

ഒരു പൂന്തോട്ടം തന്നെ നമ്മുക്കായി സമ്മാനിച്ചവർക് ഒരു മുല്ലപ്പൂ എങ്കിലും തിരിച്ചു നൽകുക...


Friday, 30 September 2016

"സ്നേഹത്തിൻ നിറങ്ങൾ.."

സ്നേഹത്തിനു പല പല ഭാവങ്ങളും രൂപങ്ങളുമാണെന്ന് പറയാറുണ്ട്... അത് എന്തു കൊണ്ടായിരിക്കും.?? ചിന്തിച്ചിട്ടുണ്ടോ...?? ആ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ.??

അത് തിരിച്ചരിച്ചറിയണമെങ്കിൽ അധികം ദൂരേയ്‌ക്കൊന്നും യാത്ര ചെയ്യേണ്ട, ഗവേഷണങ്ങൾ നടത്തുകയും വേണ്ട...

ചുമ്മാ ഒന്ന് കുടുംബത്തിലേക്ക് നോക്കിയാൽ മതി.. അവിടെ കാണാം പല ഭാവങ്ങളിലും പല രൂപങ്ങളിലുമുള്ള സ്നേഹത്തിന്റെ നിറങ്ങൾ.. വാത്സല്യത്തിന്റെ മേമ്പൊടിയോടെ സ്നേഹം വിളമ്പുന്ന ഉമ്മ... കർക്കശക്കാരന്റെ മേലങ്കിയണിഞ്ഞു സ്നേഹത്തിന്റെ ഒളിയമ്പുകൾ തൊടുത്തു വിടുന്ന ഉപ്പ.. കുറുമ്പും കുസൃതിയും ഉപദേശവും ഒക്കെ ആയി സ്നേഹത്തിന്റെ സിക്‌സറുകൾ പറത്തുന്ന സഹോദരങ്ങൾ....പരാതിയുടെയും പരിഭവങ്ങളുടെയും കൂട്ട് ചേർത്ത് ജീവിതത്തിന്റെ ഓരോ മുക്കിലും മൂലയിലും  സ്നേഹത്തിന്റെ നറുമണം വീശുന്ന ജീവിത പങ്കാളി.. കളി ചിരിയും കിളി കൊഞ്ചലുമായി കുട്ടി പട്ടാളങ്ങൾ..  അനുഭവങ്ങൾ സ്നേഹത്തിൽ ചാലിച്ച കഥകളാക്കി പറഞ്ഞു തരുന്ന വലിയുപ്പയും വലിയുമ്മയും... 

അങ്ങനെ അങ്ങനെ പല പല വർണങ്ങളിൽ, സ്നേഹത്തിൻ അരുവികളിൽ നമ്മെ നീരാടിക്കുന്ന ഒരുപാട് മുഖങ്ങൾ...

Wednesday, 28 September 2016

"റോഡ് കാണൽ യാത്രകൾ..."യാത്ര നമ്മൾ കൂട്ടുകാർക്കെന്നും ഒരാവേശമാണ്. കൂട്ടുക്കാരുമൊത്തുള്ള ഓരോ യാത്രകളും ജീവിതത്തിലെ നിറമാർന്ന അധ്യായങ്ങൾ ആണ്. മാസങ്ങളോളം പ്ലാൻ ചെയ്തിട്ടും നടക്കാതെ പോയ പല യാത്രകളും ഇപ്പോഴും എവിടെയോ പൊടിപിടിച്ചു  കിടപ്പുണ്ട്. ചിലപ്പോൾ പൈസ, ചിലപ്പോൾ  വണ്ടി, ചിലപ്പോ വീട്ടുകാരുടെ സമ്മതം അങ്ങനെയൊക്കെ ആയിരിക്കാം പലപ്പോഴും കാരണങ്ങൾ.

ഇതിനൊക്കെ പകരം പ്ലാനിങ്ങുകൾ ഒന്നുമില്ലാതെ,

"ഡാ വണ്ടി എടുക്കെടാ, നമുക്ക് എവിടേക്കെങ്കിലും ട്രിപ്പ് അടിക്കാം"

എന്ന ഒരൊറ്റ നിമിഷത്തെ വാക്കിൽ പുറപ്പെടുന്ന പല യാത്രകളും ഓർമയുടെ പുസ്തക താളുകളിൽ മുൻപന്തിയിൽ തന്നെ ഉണ്ട്. ബൈക്ക് യാത്രകൾ ഏറെ ഇഷ്ടപെടുന്ന എനിക്കെന്നും കൂട്ടുകാരുമൊത്തുള്ള യാത്രകൾ ആവേശമായിരുന്നു.

ഇപ്പോഴും കൂട്ടുകാരിൽ ചിലരെങ്കിലും പറയാറുണ്ട്,

"നമ്മുടെ യാത്രകൾ എന്നും റോഡ് കാണൽ യാത്രയല്ലേ" എന്ന്

ചിലപ്പോഴൊക്കെ അത് ശരിയുമാണ്.പക്ഷേ  പോകുന്ന സ്ഥലങ്ങളെക്കാളും കാണുന്ന കാഴ്ചകളെക്കാളും നമ്മൾ അന്നും ഇന്നും എന്നും ഓർത്തിരിക്കുന്നത് ആ യാത്രയിലെ സൗഹൃദത്തിന്റെ നിമിഷങ്ങളാണ്.. പരസ്പരം പാര വെച്ചും, പാട്ട് പാടിയും, വെറുപ്പിച്ചെടുത്ത സെൽഫിയും, വഴിയരികിലെ തട്ടുകടയിലെ ഭക്ഷണവും, ബൈകിന്റെ പിന്നിൽ ഇരുന്ന് ഉറങ്ങിയ കൂട്ടുകാരനും, വെള്ളച്ചാട്ടങ്ങളിലും അരുവികളിലുമുള്ള നീന്തലും നീരാടാലും, വണ്ടിയുടെ പഞ്ചറും, അട്ട കടിയും, വഴി തെറ്റലും, അപൂർവം ചില കുഞ്ഞു കുഞ്ഞു വഴക്കുകളും, ഒരുമിച്ചുള്ള താമസവും, വായനോട്ടവും  ഒക്കെയാണ്.. പലപ്പോഴും ഞങ്ങളുടെ ലക്ഷ്യം സ്ഥലങ്ങളായിരുന്നില്ല,  ഒന്നിച്ചുള്ള സുന്ദര നിമിഷങ്ങളായിരുന്നു. അതുകൊണ്ടായിരിക്കാം ഞങ്ങളുടെ യാത്രകൾ പലതും റോഡ് കാണലായി മാറിയത്.

 നടക്കാതെ പോയ യാത്രകൾക്കും, ആ പ്ലാനിങ്ങുകൾക്കും  പറയാനുണ്ട് രസകരമായ സംഭവ വികാസങ്ങൾ, യാത്ര പോകാൻ കൂട്ടുകാരൻ ബാഗുമായി  വീട്ടിൽ നിന്ന് ഇറങ്ങി വന്നിട്ട് യാത്ര പോവാതെ അവനെ പോസ്റ്റ് ആക്കിയതും, ടൂർ പോവാൻ വേണ്ടി ക്യാമറ ഒപ്പിച്ച കൂട്ടുകാരനെ കൂട്ടാതെ യാത്ര പോവേണ്ടി വന്നതും, കാശ്മീർ യാത്ര സ്വപ്നം  കണ്ടവരും, അങ്ങനെ അങ്ങനെ പലതും...

ഇപ്പോൾ പലരും പല വഴിക്കായി..കൂടുതൽ പേരും പ്രവാസികൾ. ആകെയുള്ളത് വാട്സപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയും ഉള്ള ചാറ്റിംഗ് ഒഴുക്കുകളും വല്ലപ്പോഴുമുള്ള ഫോൺ വിളികളും...

എന്നാലും നമ്മളിപ്പോഴും

"യാത്രകൾ പ്ലാൻ ചെയ്യാറുണ്ട്"

എല്ലാവരും ഒന്നിച്ചു കൂടുന്നത്

"സ്വപ്നം കാണാറുമുണ്ട്"

തിരികെ വരുമായിരിക്കും ആ സുന്ദര നിമിഷങ്ങൾ...!!!!!!!

Tuesday, 27 September 2016

പെങ്ങളെ വേണമായിരുന്നു..!!!

 വാത്സല്യത്തോടെ അടുത്തിരുത്തി ലാളിക്കാനും, സ്നേഹത്തോടെ ചുംബിക്കാനും

വല്ലപ്പോഴും ഒന്നു പിണങ്ങാനും, ഇരട്ടി മധുരത്തോടെ ഇണങ്ങാനും...

കളിയുടെ കുസൃതിക്കിടെ തല്ലുകൂടാനും, ഇടക്കൊന്നു പിച്ചാനും...

വേദനയോടെ കരയുമ്പോൾ കരുതലോടെ ഒന്ന് തലോടി ആശ്വസിപ്പിക്കാനും....

വീട്ടിൽ ആരോടും പറയാത്ത പ്രണയ രഹസ്യങ്ങൾ പങ്കുവെക്കാനും...

എന്നിലെ നോവുകൾ ഏറ്റെടുത്തു എനിക്ക് വേണ്ടി കണ്ണീർ പൊഴിക്കാനും.....

പിന്നീടവൾ സുമംഗലിയായി പടിയിറങ്ങുമ്പോൾ സന്തോഷത്തോടെ അനുഗ്രഹിക്കാനും, ആരും കാണാത്തൊന്നു പൊട്ടിക്കരയാനും...

എനിക്കൊരു പെങ്ങളെ വേണമായിരുന്നു...!!!!

Monday, 26 September 2016

"അതിഥി...."

എന്തു തന്നെ ആയാലും വരുമെന്നറിയാം...
പക്ഷെ ആരും തന്നെ കാത്തിരിക്കാറില്ല...

വരവ് കൂടുതൽ പേരും ഇഷ്ടപെടാറില്ലെങ്കിലും
ചിലർ അതിനെ നേരത്തെ വിളിച്ചു വരുത്തും

ചില നേരം വരവൊരു അനുഗ്രഹമായി തോന്നുമെങ്കിലും
പലപ്പോഴും കുറച്ചു കൂടി വൈകി വരാമായിരുന്നില്ലേ എന്നു ചോദിച്ചുപോകും

ചിലരുടെ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ അവർ അതിനെ ക്ഷണിച്ചു വരുത്തും..
മറ്റു ചിലരുടെ അടുക്കൽ അവൻ ക്ഷണിക്കാതെ വന്നു ചേരുമ്പോൾ പലരുടെയും പ്രതീക്ഷകൾ അസ്തമിക്കും..

ലോകം വിറപ്പിച്ചവരും  കാലത്തെ  തോല്പിച്ചവരും
മുട്ട് മടക്കുന്നതിവനു മുമ്പിൽ..... 

"മരണം.. മരണമെന്ന അതിഥി...."

Tuesday, 20 September 2016

പ്രതീക്ഷയ്ക്കപ്പുറം

നമ്മൾ പലരും പലർക്കും സഹായം ചെയ്യാറുണ്ട്..അതിൽ കൂടുതലും നമ്മുക്ക് വേണ്ടപെട്ടവർക് വേണ്ടി ആയിരിക്കും..
സത്യത്തിൽ, നമ്മൾ ഒരു സഹായം ചെയ്യുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷത്തിനു പുറമെ മറ്റു ചില പ്രതീക്ഷകൾ കൂടി കടന്നു വരാറുണ്ട്.. ആ പ്രതീക്ഷകൾ പിന്നീട് ഒരു കടമായി തന്നെ മനസ്സിൽ കിടക്കാറുമുണ്ട്..


പക്ഷെ നമ്മൾ വളരെ അപൂർവമായി മാത്രം ചെയ്യുന്ന ചില സഹായങ്ങളുണ്ട്.. നമുക്ക് മുന്പരിചയമില്ലാത്തവർക് വേണ്ടി... അതും താരതമ്യേന ചെറിയ സഹായങ്ങൾ ആയിരിക്കും..
...
പലപ്പോഴും അത്തരം ചെറിയ സംഭവങ്ങൾ നമുക്ക് എന്തെന്നില്ലാത്ത ആനന്ദം നൽകാറുണ്ട്.. കൂടാതെ അവരിൽ നിന്ന് നമ്മൾ കാണാനാഗ്രഹിക്കുന്നതാകട്ടെ ഒരു ചെറു പുഞ്ചിരി മാത്രം..


നിങ്ങൾ ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തൂ..അപ്പോൾ നിങ്ങൾ ജീവിതത്തിലും സന്തോഷവാന്മാരായിരിക്കും...!!!

Monday, 19 September 2016

ഞാൻ...

"ഞാൻ..."


 നമ്മിലെ വ്യക്തി ഒരിക്കലും പൂർണമല്ല ...
നമ്മിലെ പോരായ്മകൾ ഏറെയാണ്.. അതിൽ എല്ലാ പോരായ്മകളും നമുക്ക് നികയ്ത്താൻ സാധിക്കുന്നതുമല്ല....സാധ്യമാവുന്നതൊക്കെയും കഴിവിന്റെ പരമാവധി ശ്രമിക്കുക...


നമ്മൾ എപ്പോഴും വ്യാകുലപ്പെടുന്നതും തളർന്നു പോവുന്നതും നമ്മുടെ കുറവുകൾക് മുന്നിലാണ്...
...
സത്യത്തിൽ ഈ ഒരു ചിന്ത പരാജയപെടുത്തുന്നത് നമ്മുടെ കഴിവുകളെ ആണ്.. നമ്മുടെ ജീവിതത്തെ തന്നെയാണ്..


സ്വയം തിരിച്ചറിയുക നമ്മുടെ കഴിവുകളും കുറവുകളും..പരിശ്രമിക്കുക കുറവുകളെ ഇല്ലായ്മ ചെയ്യാൻ.. അപ്പോഴും മറക്കാതിരിക്കുക നമ്മുടെ കഴിവുകൾ തുരുമ്പെടുക്കാതിരിക്കാൻ,,,


നിങ്ങൾ നിങ്ങളായി തന്നെ ജീവിക്കൂ..മറ്റുള്ളവർക് വേണ്ടി മാറാതെ... ചുറ്റിലുമുള്ളവർ എന്ത് പറയുന്നു എന്നുള്ളത് വേലിക്കപ്പുറം തന്നെ നില്കട്ടെ,,