Friday 30 September 2016

"സ്നേഹത്തിൻ നിറങ്ങൾ.."

സ്നേഹത്തിനു പല പല ഭാവങ്ങളും രൂപങ്ങളുമാണെന്ന് പറയാറുണ്ട്... അത് എന്തു കൊണ്ടായിരിക്കും.?? ചിന്തിച്ചിട്ടുണ്ടോ...?? ആ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ.??

അത് തിരിച്ചരിച്ചറിയണമെങ്കിൽ അധികം ദൂരേയ്‌ക്കൊന്നും യാത്ര ചെയ്യേണ്ട, ഗവേഷണങ്ങൾ നടത്തുകയും വേണ്ട...

ചുമ്മാ ഒന്ന് കുടുംബത്തിലേക്ക് നോക്കിയാൽ മതി.. അവിടെ കാണാം പല ഭാവങ്ങളിലും പല രൂപങ്ങളിലുമുള്ള സ്നേഹത്തിന്റെ നിറങ്ങൾ.. വാത്സല്യത്തിന്റെ മേമ്പൊടിയോടെ സ്നേഹം വിളമ്പുന്ന ഉമ്മ... കർക്കശക്കാരന്റെ മേലങ്കിയണിഞ്ഞു സ്നേഹത്തിന്റെ ഒളിയമ്പുകൾ തൊടുത്തു വിടുന്ന ഉപ്പ.. കുറുമ്പും കുസൃതിയും ഉപദേശവും ഒക്കെ ആയി സ്നേഹത്തിന്റെ സിക്‌സറുകൾ പറത്തുന്ന സഹോദരങ്ങൾ....പരാതിയുടെയും പരിഭവങ്ങളുടെയും കൂട്ട് ചേർത്ത് ജീവിതത്തിന്റെ ഓരോ മുക്കിലും മൂലയിലും  സ്നേഹത്തിന്റെ നറുമണം വീശുന്ന ജീവിത പങ്കാളി.. കളി ചിരിയും കിളി കൊഞ്ചലുമായി കുട്ടി പട്ടാളങ്ങൾ..  അനുഭവങ്ങൾ സ്നേഹത്തിൽ ചാലിച്ച കഥകളാക്കി പറഞ്ഞു തരുന്ന വലിയുപ്പയും വലിയുമ്മയും... 

അങ്ങനെ അങ്ങനെ പല പല വർണങ്ങളിൽ, സ്നേഹത്തിൻ അരുവികളിൽ നമ്മെ നീരാടിക്കുന്ന ഒരുപാട് മുഖങ്ങൾ...

Wednesday 28 September 2016

"റോഡ് കാണൽ യാത്രകൾ..."



യാത്ര നമ്മൾ കൂട്ടുകാർക്കെന്നും ഒരാവേശമാണ്. കൂട്ടുക്കാരുമൊത്തുള്ള ഓരോ യാത്രകളും ജീവിതത്തിലെ നിറമാർന്ന അധ്യായങ്ങൾ ആണ്. മാസങ്ങളോളം പ്ലാൻ ചെയ്തിട്ടും നടക്കാതെ പോയ പല യാത്രകളും ഇപ്പോഴും എവിടെയോ പൊടിപിടിച്ചു  കിടപ്പുണ്ട്. ചിലപ്പോൾ പൈസ, ചിലപ്പോൾ  വണ്ടി, ചിലപ്പോ വീട്ടുകാരുടെ സമ്മതം അങ്ങനെയൊക്കെ ആയിരിക്കാം പലപ്പോഴും കാരണങ്ങൾ.

ഇതിനൊക്കെ പകരം പ്ലാനിങ്ങുകൾ ഒന്നുമില്ലാതെ,

"ഡാ വണ്ടി എടുക്കെടാ, നമുക്ക് എവിടേക്കെങ്കിലും ട്രിപ്പ് അടിക്കാം"

എന്ന ഒരൊറ്റ നിമിഷത്തെ വാക്കിൽ പുറപ്പെടുന്ന പല യാത്രകളും ഓർമയുടെ പുസ്തക താളുകളിൽ മുൻപന്തിയിൽ തന്നെ ഉണ്ട്. ബൈക്ക് യാത്രകൾ ഏറെ ഇഷ്ടപെടുന്ന എനിക്കെന്നും കൂട്ടുകാരുമൊത്തുള്ള യാത്രകൾ ആവേശമായിരുന്നു.

ഇപ്പോഴും കൂട്ടുകാരിൽ ചിലരെങ്കിലും പറയാറുണ്ട്,

"നമ്മുടെ യാത്രകൾ എന്നും റോഡ് കാണൽ യാത്രയല്ലേ" എന്ന്

ചിലപ്പോഴൊക്കെ അത് ശരിയുമാണ്.പക്ഷേ  പോകുന്ന സ്ഥലങ്ങളെക്കാളും കാണുന്ന കാഴ്ചകളെക്കാളും നമ്മൾ അന്നും ഇന്നും എന്നും ഓർത്തിരിക്കുന്നത് ആ യാത്രയിലെ സൗഹൃദത്തിന്റെ നിമിഷങ്ങളാണ്.. പരസ്പരം പാര വെച്ചും, പാട്ട് പാടിയും, വെറുപ്പിച്ചെടുത്ത സെൽഫിയും, വഴിയരികിലെ തട്ടുകടയിലെ ഭക്ഷണവും, ബൈകിന്റെ പിന്നിൽ ഇരുന്ന് ഉറങ്ങിയ കൂട്ടുകാരനും, വെള്ളച്ചാട്ടങ്ങളിലും അരുവികളിലുമുള്ള നീന്തലും നീരാടാലും, വണ്ടിയുടെ പഞ്ചറും, അട്ട കടിയും, വഴി തെറ്റലും, അപൂർവം ചില കുഞ്ഞു കുഞ്ഞു വഴക്കുകളും, ഒരുമിച്ചുള്ള താമസവും, വായനോട്ടവും  ഒക്കെയാണ്.. പലപ്പോഴും ഞങ്ങളുടെ ലക്ഷ്യം സ്ഥലങ്ങളായിരുന്നില്ല,  ഒന്നിച്ചുള്ള സുന്ദര നിമിഷങ്ങളായിരുന്നു. അതുകൊണ്ടായിരിക്കാം ഞങ്ങളുടെ യാത്രകൾ പലതും റോഡ് കാണലായി മാറിയത്.

 നടക്കാതെ പോയ യാത്രകൾക്കും, ആ പ്ലാനിങ്ങുകൾക്കും  പറയാനുണ്ട് രസകരമായ സംഭവ വികാസങ്ങൾ, യാത്ര പോകാൻ കൂട്ടുകാരൻ ബാഗുമായി  വീട്ടിൽ നിന്ന് ഇറങ്ങി വന്നിട്ട് യാത്ര പോവാതെ അവനെ പോസ്റ്റ് ആക്കിയതും, ടൂർ പോവാൻ വേണ്ടി ക്യാമറ ഒപ്പിച്ച കൂട്ടുകാരനെ കൂട്ടാതെ യാത്ര പോവേണ്ടി വന്നതും, കാശ്മീർ യാത്ര സ്വപ്നം  കണ്ടവരും, അങ്ങനെ അങ്ങനെ പലതും...

ഇപ്പോൾ പലരും പല വഴിക്കായി..കൂടുതൽ പേരും പ്രവാസികൾ. ആകെയുള്ളത് വാട്സപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയും ഉള്ള ചാറ്റിംഗ് ഒഴുക്കുകളും വല്ലപ്പോഴുമുള്ള ഫോൺ വിളികളും...

എന്നാലും നമ്മളിപ്പോഴും

"യാത്രകൾ പ്ലാൻ ചെയ്യാറുണ്ട്"

എല്ലാവരും ഒന്നിച്ചു കൂടുന്നത്

"സ്വപ്നം കാണാറുമുണ്ട്"

തിരികെ വരുമായിരിക്കും ആ സുന്ദര നിമിഷങ്ങൾ...!!!!!!!

Tuesday 27 September 2016

പെങ്ങളെ വേണമായിരുന്നു..!!!

 വാത്സല്യത്തോടെ അടുത്തിരുത്തി ലാളിക്കാനും, സ്നേഹത്തോടെ ചുംബിക്കാനും

വല്ലപ്പോഴും ഒന്നു പിണങ്ങാനും, ഇരട്ടി മധുരത്തോടെ ഇണങ്ങാനും...

കളിയുടെ കുസൃതിക്കിടെ തല്ലുകൂടാനും, ഇടക്കൊന്നു പിച്ചാനും...

വേദനയോടെ കരയുമ്പോൾ കരുതലോടെ ഒന്ന് തലോടി ആശ്വസിപ്പിക്കാനും....

വീട്ടിൽ ആരോടും പറയാത്ത പ്രണയ രഹസ്യങ്ങൾ പങ്കുവെക്കാനും...

എന്നിലെ നോവുകൾ ഏറ്റെടുത്തു എനിക്ക് വേണ്ടി കണ്ണീർ പൊഴിക്കാനും.....

പിന്നീടവൾ സുമംഗലിയായി പടിയിറങ്ങുമ്പോൾ സന്തോഷത്തോടെ അനുഗ്രഹിക്കാനും, ആരും കാണാത്തൊന്നു പൊട്ടിക്കരയാനും...

എനിക്കൊരു പെങ്ങളെ വേണമായിരുന്നു...!!!!

Monday 26 September 2016

"അതിഥി...."

എന്തു തന്നെ ആയാലും വരുമെന്നറിയാം...
പക്ഷെ ആരും തന്നെ കാത്തിരിക്കാറില്ല...

വരവ് കൂടുതൽ പേരും ഇഷ്ടപെടാറില്ലെങ്കിലും
ചിലർ അതിനെ നേരത്തെ വിളിച്ചു വരുത്തും

ചില നേരം വരവൊരു അനുഗ്രഹമായി തോന്നുമെങ്കിലും
പലപ്പോഴും കുറച്ചു കൂടി വൈകി വരാമായിരുന്നില്ലേ എന്നു ചോദിച്ചുപോകും

ചിലരുടെ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ അവർ അതിനെ ക്ഷണിച്ചു വരുത്തും..
മറ്റു ചിലരുടെ അടുക്കൽ അവൻ ക്ഷണിക്കാതെ വന്നു ചേരുമ്പോൾ പലരുടെയും പ്രതീക്ഷകൾ അസ്തമിക്കും..

ലോകം വിറപ്പിച്ചവരും  കാലത്തെ  തോല്പിച്ചവരും
മുട്ട് മടക്കുന്നതിവനു മുമ്പിൽ..... 

"മരണം.. മരണമെന്ന അതിഥി...."

Tuesday 20 September 2016

പ്രതീക്ഷയ്ക്കപ്പുറം

നമ്മൾ പലരും പലർക്കും സഹായം ചെയ്യാറുണ്ട്..അതിൽ കൂടുതലും നമ്മുക്ക് വേണ്ടപെട്ടവർക് വേണ്ടി ആയിരിക്കും..
സത്യത്തിൽ, നമ്മൾ ഒരു സഹായം ചെയ്യുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷത്തിനു പുറമെ മറ്റു ചില പ്രതീക്ഷകൾ കൂടി കടന്നു വരാറുണ്ട്.. ആ പ്രതീക്ഷകൾ പിന്നീട് ഒരു കടമായി തന്നെ മനസ്സിൽ കിടക്കാറുമുണ്ട്..


പക്ഷെ നമ്മൾ വളരെ അപൂർവമായി മാത്രം ചെയ്യുന്ന ചില സഹായങ്ങളുണ്ട്.. നമുക്ക് മുന്പരിചയമില്ലാത്തവർക് വേണ്ടി... അതും താരതമ്യേന ചെറിയ സഹായങ്ങൾ ആയിരിക്കും..
...
പലപ്പോഴും അത്തരം ചെറിയ സംഭവങ്ങൾ നമുക്ക് എന്തെന്നില്ലാത്ത ആനന്ദം നൽകാറുണ്ട്.. കൂടാതെ അവരിൽ നിന്ന് നമ്മൾ കാണാനാഗ്രഹിക്കുന്നതാകട്ടെ ഒരു ചെറു പുഞ്ചിരി മാത്രം..


നിങ്ങൾ ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തൂ..അപ്പോൾ നിങ്ങൾ ജീവിതത്തിലും സന്തോഷവാന്മാരായിരിക്കും...!!!

Monday 19 September 2016

ഞാൻ...

"ഞാൻ..."


 നമ്മിലെ വ്യക്തി ഒരിക്കലും പൂർണമല്ല ...
നമ്മിലെ പോരായ്മകൾ ഏറെയാണ്.. അതിൽ എല്ലാ പോരായ്മകളും നമുക്ക് നികയ്ത്താൻ സാധിക്കുന്നതുമല്ല....സാധ്യമാവുന്നതൊക്കെയും കഴിവിന്റെ പരമാവധി ശ്രമിക്കുക...


നമ്മൾ എപ്പോഴും വ്യാകുലപ്പെടുന്നതും തളർന്നു പോവുന്നതും നമ്മുടെ കുറവുകൾക് മുന്നിലാണ്...
...
സത്യത്തിൽ ഈ ഒരു ചിന്ത പരാജയപെടുത്തുന്നത് നമ്മുടെ കഴിവുകളെ ആണ്.. നമ്മുടെ ജീവിതത്തെ തന്നെയാണ്..


സ്വയം തിരിച്ചറിയുക നമ്മുടെ കഴിവുകളും കുറവുകളും..പരിശ്രമിക്കുക കുറവുകളെ ഇല്ലായ്മ ചെയ്യാൻ.. അപ്പോഴും മറക്കാതിരിക്കുക നമ്മുടെ കഴിവുകൾ തുരുമ്പെടുക്കാതിരിക്കാൻ,,,


നിങ്ങൾ നിങ്ങളായി തന്നെ ജീവിക്കൂ..മറ്റുള്ളവർക് വേണ്ടി മാറാതെ... ചുറ്റിലുമുള്ളവർ എന്ത് പറയുന്നു എന്നുള്ളത് വേലിക്കപ്പുറം തന്നെ നില്കട്ടെ,,