Tuesday, 22 November 2016

അബോർഷൻ_അഥവാ_കൊലഞാൻ അനാമിക. അനാമിക എന്ന് വച്ചാൽ നാമമില്ലാത്തവൾ. ഈ പേര് ഞാൻ സ്വയം ഇട്ടതാട്ടോ. എനിക്ക് പേരിടാൻ എന്റെ അച്ഛനും അമ്മയും ആരും ഉണ്ടായിരുന്നില്ല, അവർക്കാർക്കും എന്നെ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടാണല്ലോ ജനിച്ചു വീഴും മുമ്പേ അവരെന്നെ ഇല്ലാതാക്കിയത്.
 
ഞാൻ വയറ്റിൽ ഉണ്ടെന്ന് അറിഞ്ഞത് മുതൽ അമ്മയ്ക്കും അച്ഛനും അസ്വസ്ഥത ആയിരുന്നു. അച്ഛന്റേം അമ്മയുടേം വിവാഹം കഴിഞ്ഞു 2 മാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴാണ് അമ്മയുടെ വയറ്റിൽ എന്റെ പിറവി. 10 മാസം അമ്മയുടെ വയറ്റിൽ ആർത്തുല്ലസിക്കാം എന്നാഗ്രഹിച്ചെത്തിയ എന്നെ തളർത്തിയത് അച്ഛന്റേം അമ്മയുടെയും നിരാശ ആയിരുന്നു. ഒരു കുഞ്ഞികാൽ കാണാൻ ഭാഗ്യമുണ്ടാവുമ്പോൾ സാധാരണ ദമ്പതികളുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരിയും സന്തോഷവും ആഹ്ലാദവും ഒന്നും ഞാൻ അവരിൽ കണ്ടില്ല. അവർ മെനഞ്ഞെടുത്ത "ലൈഫ് പ്ലാനിങ്ങിൽ" ഞാൻ ഇല്ലായിരുന്നു പോലും, അത് കൊണ്ട് തന്നെ എന്റെ വരവ് അവർക്കൊരു ശാപമായി മാറി. കുഞ്ഞൊക്കെ ഒരു 3-4 വര്ഷം കഴിഞ്ഞു മതി അല്ലെങ്കിൽ അവരുടെ ജീവിത പ്ലാനിങ്ങുകൾ മൊത്തം അവതാളത്തിൽ ആവുമത്രെ. പോരാത്തതിന് മറ്റു പല ന്യായങ്ങളും അവർ നിരത്തി, വെറും 21 വയസ്സ് മാത്രം പ്രായമുള്ള അമ്മയ്ക്ക് വേവലാതി സൗന്ദര്യം നഷ്ടപ്പെടുമോ എന്നായിരുന്നു, പിന്നെ ആൾക്കാരെ എങ്ങനെ നേരിടും എന്നുള്ള ആശങ്കയും കാരണം കല്യാണം കഴിഞ്ഞിട്ട് ആകെ 2 മാസമല്ലേ ആയുള്ളു. അച്ഛന് വേവലാതി ചിലവുകൾ ഓർത്തായിരുന്നു, ഞാൻ വന്നാലുണ്ടാവുന്ന അധിക ചിലവുകൾ, പെണ്കുട്ടിയാകുമോ എന്നുള്ള ഭയം വേറെയും.

ആരും അറിയാതെ, അധികം താമസിയാതെ ഇതിനെല്ലാം പരിഹാരമായി അവർ ഒരു വഴിയും കണ്ടെത്തി, "ഗർഭഛിദ്രം" അഥവാ "അബോർഷൻ". അവരുടെ ചിന്തകൾ ഇങ്ങനെ ഒരു തീരുമാനത്തിൽ അവസാനിച്ചപ്പോഴും അവരുടെ മുഖത്തു കുറ്റബോധത്തിന്റെ നിഴലുകൾ പോലും ഞാൻ കണ്ടില്ല. പകരം ആശ്വാസത്തിന്റെ നെടുവീർപ്പാണ് ഞാൻ നേരിട്ടത്.

അവരുടെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാൻ അവർ ഇല്ലാതാക്കിയത് എന്റെ ജീവനെ ആയിരുന്നു, എന്റെ സ്വപ്നങ്ങളെ ആയിരുന്നു. അമ്മയുടെ വയറ്റിൽ പിറവി കൊള്ളുന്നു എന്നറിഞ്ഞത് മുതൽ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ ഒരു നിമിഷം കൊണ്ടില്ലതായി, നിലത്തു വീണുടഞ്ഞ ചില്ലു കൊട്ടാരം പോലെ. ഭൂലോകത്തേക്ക് കാലെടുത്തു വയ്ക്കുന്ന ആദ്യ ദിനം, സന്തോഷത്തോടെ നിറഞ്ഞ കണ്ണുകളോടെ പാൽപുഞ്ചിരി തൂകിയ ചുണ്ടുകളോടെ അമ്മയെന്നെ ചുംബിക്കുന്നത്, കരുതലോടെ ആഹ്ലദാത്തോടെ അച്ചനെന്നെ വാരിപ്പുണർന്നു മാറോടണയ്ക്കുന്നത്. അമ്മതൻ മാധുര്യമേറും മുലപ്പാൽ നുകർന്ന് അച്ഛന്റെ നെഞ്ചിലെ ചൂടേറ്റ് ജീവിക്കാൻ കൊതിച്ച നാളുകൾ. വാവേ എന്നുള്ള മധുരമൂറും വിളികൾ, പുത്തൻ ഉടുപ്പുകൾ, അങ്ങനെ സ്നേഹത്തിൽ പൊതിഞ്ഞ ഒരായിരം നിമിഷങ്ങൾ. അമ്മയുടെ മടിത്തട്ടിൽ സുഖ നിദ്ര, അച്ഛന്റെ കരങ്ങളിൽ കിടന്നെന്റെ കാലിട്ടടിക്കാൻ കൊതിച്ചിരുന്നു ഞാൻ. കരഞ്ഞു നിലവിളിച്ചു പാതിരാത്രിയിൽ അച്ഛന്റേം ആമ്മയുടേം ഉറക്കം കെടുത്താൻ കൊതിയായിരുന്നെനിക്ക്, കുറുമ്പും കുസൃതിയും സ്നേഹവും ലാളനയും ഒക്കെ നിറഞ്ഞ ഒരു സുന്ദര ജീവിതമായിരുന്നെന്റെ സ്വപ്നം.

പക്ഷെ എല്ലാ സ്വപ്നങ്ങൾക്കും കൊലയാളികളായതെന്റെ അച്ഛനും അമ്മയും തന്നെ. എന്റെ ജീവൻ പൊലിയുമെന്നതിനേക്കാളേറെ ഞാൻ വേദനിച്ചത് എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും കൊലയാളികളായി മാറുമല്ലോ എന്നോർത്തായിരുന്നു, അതും സ്വന്തം കുഞ്ഞിനെ കൊന്നവരായി മാറുമല്ലോ എന്നോർത്തായിരുന്നു. എന്റെ നെഞ്ചിലെ നീറ്റലും തേങ്ങലും കണ്ണിലെ ചുടു കണ്ണീരും ആരും കണ്ടില്ല. ഒരുറുമ്പിനെ കൊള്ളുന്ന ലാഘവത്തോടെ അവരെന്റെ വയറ്റിൽ കഠാര കയറ്റി ഇറക്കി, പിടയുന്ന ജീവൻ കണ്ടവർ ആർത്തുല്ലസിച്ചു, എന്റെ മരണത്തിലവർ ആശ്വാസം കണ്ടു.

അവർ എന്നെ കൊലപ്പെടുത്തിയിട്ട് ഇന്നേക് 10 വര്ഷം. പക്ഷെ ഇന്നവർ വേദനിക്കുന്നതും കണ്ണുനീർ ഒഴുക്കുന്നതും എന്നെ പോലൊരു കുഞ്ഞിന് വേണ്ടി. ഇപ്പോൾ അവര്ക് സൗന്ദര്യം നഷ്ടപെടുന്ന ഭയമില്ല, ചിലവ് കൂടുമെന്ന വേവലാതി ഇല്ല. അന്നവർക്ക് ആൾക്കാരോട് പറയാൻ നാണക്കേടായിരുന്നെങ്കിൽ, ഇന്ന് ചുറ്റിലുമുള്ളവർ ചോദിക്കുന്നു "കല്യാണം കഴിഞ്ഞിട്ട് ഇത്രേം വര്ഷമായിട്ടും വിശേഷമൊന്നും ആയില്ലേ എന്നു" ചിലരെന്റെ അമ്മയെ "മച്ചി" എന്ന് വിളിക്കുന്നു. അത് കേൾക്കുമ്പോൾ എന്റെ ഉള്ളം പിടയ്ക്കും, അങ്ങനെ വിളിക്കുന്നവരോടെനിക്ക് പറയണമെന്നുണ്ടായിരുന്നു എന്റെ 'അമ്മ "മച്ചി" അല്ലെന്നു, ഞാൻ അമ്മയുടെ മോളാളെന്നു. അവരിപ്പോൾ ചിലവാക്കാത്ത ക്യാഷ് ഇല്ല, ചികിത്സക്കും, വഴിപാടിനും, പൂജയ്ക്കും അങ്ങനെ എന്തല്ലാം വഴിയുണ്ടോ അവിടെയൊക്കെ അവർ എത്തിപ്പെട്ടു, മുട്ടാത്ത വാതിലുകളില്ല വിളിക്കാത്ത ദൈവങ്ങളില്ല. ഇന്നവർ നന്നേ അവശരായിരിക്കുന്നു, ജീവിത്തിൽ ഒറ്റപ്പെട്ട പോലെ.

ഇന്നിപ്പോൾ ഞാനും പ്രാർത്ഥിക്കുന്നു എന്റെ അച്ഛനും അമ്മയ്ക്കും ഒരു കുഞ്ഞിനെ, എനിക്കൊരു കുഞ്ഞനുജനെ അല്ലെങ്കിൽ കുഞ്ഞനുജത്തിയെ നൽകണേ ദൈവമേ എന്ന്.

(കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ്, മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞു ദൈവം തന്ന അനുഗ്രഹങ്ങളെ "അബോർഷൻ" എന്ന കൊടും ക്രൂര വിനോദത്തിനു ഇരയാക്കാതിരിക്കുക. തിരിച്ചറിയുക "അബോർഷൻ" ചെയ്യുന്നതിലൂടെ നിങ്ങളും കൊലയാളിയായി മാറുകയാണ്, അതും സ്വന്തം ചോരയെ ഇല്ലാതാക്കിയ കൊലയാളി. കൊലയ്ക്കു നമ്മളിട്ട ഓമനപ്പേരാണ് 'അബോർഷൻ')

2 comments:

 1. അതെ
  കൊലവിളികൾ ഇല്ലാത്ത
  അരും കൊലകൾ തന്നെയാണ്
  ഗർഭം അലസിപ്പിക്കലുകൾ:

  ReplyDelete
  Replies
  1. പലരും തിരിച്ചറിയാതെ പോവുന്ന സത്യം.. അല്ലെങ്കിൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് മുന്നിൽ മനപൂർവ്വം മറക്കാൻ ശ്രമിക്കുന്നവ..

   Delete