Sunday, 18 December 2016

എന്റെ പെണ്ണ്

വീക്കെൻഡ് ആയത് കൊണ്ട് ഇന്ന് വൈകുന്നേരം ഞാനും സഹധര്മിണിയും മോളും കൂടെ ഒന്ന് പുറത്തേക്കിറങ്ങിയിരുന്നു. തിരക്ക് പിടിച്ച ജീവിതത്തിൽ കുറച്ചു സമയമെങ്കിലും ഭാര്യക്കും മോൾക്കും ഒപ്പം ചിലവഴിക്കാൻ ഞാനെപ്പോഴും ശ്രമിക്കാറുണ്ട്. അടുക്കളയിൽ നിന്നും അവൾക്കൊരു മോചനം ലഭിക്കുന്നതും ഇങ്ങനെ ഉള്ള നിമിഷങ്ങളിലാണ്. ഒന്നും അവൾ ആവിശ്യപെടാറില്ലെങ്കിലും അവളുടെ ഇഷ്ടങ്ങൾ അവൾ പറയാതെ നടത്തികൊടുക്കുന്നതാണെനിക്കിഷ്ടം.

മോളുടെ ഇഷ്ട സ്ഥലം കടൽത്തീരമായതുകൊണ്ടു തന്നെ ബീച്ചിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. വണ്ടി പാർക്ക് ചെയ്തു കടൽ തീരത്തിലേക്കുള്ള നടപ്പാതയിലൂടെയുള്ള നടക്കുന്നതിനിടയിലാണ് ആ പെൺകുട്ടി എന്റെ കാഴ്ചയിൽ പെട്ടത്. ആദ്യ കാഴ്ച്ചയിൽ തന്നെ എവിടെയോ കണ്ടു മറന്നത് പോലെ. മോളുടെ കൈയും പിടിച്ചു തീരത്തേക്ക് നടന്നടുക്കുമ്പോഴും എന്റെ ചിന്തകൾ അവളെ കുറിച്ചായിരുന്നു. ഓർമ്മകളുടെ ചില്ലു കൂട്ടിൽ ഞാനവളെ തിരഞ്ഞു കൊണ്ടിരുന്നു.

"നിങ്ങൾക്കിതെന്ത് പറ്റി ഇക്കാ" ഷാനുവിന്റെ ചോദ്യ വന്നപ്പോഴാണ് ഞാനാ ചിന്തയിൽ നിന്നുണർന്നത്.

"ഒന്നുമില്ലെടോ..ചുമ്മാ ഓരോന്ന് ആലോചിച്ചതാ"

"അതെന്താ ഇപ്പൊ പെട്ടെന്ന്, അതും ഇവിടെ വന്നിരുന്ന് ആലോചിക്കാൻ മാത്രം" ഷാനു വിട്ടില്ല

അവൾ എന്റെ ഒരു ഭാര്യമാത്രമല്ല നല്ലൊരു സുഹൃത്തുകൂടിയാ, എല്ലാ അർത്ഥത്തിലും നല്ലൊരു ജീവിത പങ്കാളി. അതുകൊണ്ടു തന്നെ എന്റെ ഒരോ മുഖ ഭാവങ്ങളും ചലനങ്ങളും അവൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. സങ്കടമായാലും സന്തോഷമായാലും ഞങ്ങൾ പരസ്പരം പങ്കു വെക്കാറുണ്ട്, അത് കൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ രഹസ്യത്തിൻറെ ഒളിപ്പോരിനും സാധ്യതയില്ല.

"നീ ശ്രദ്ധിച്ചോ, ഞങ്ങൾ നടന്നു വരുമ്പോൾ കപ്പലണ്ടി വിറ്റുകൊണ്ട് ഞങ്ങളെ കടന്നു പോയ ആ പെൺകുട്ടിയെ"

"ഇല്ല ഇക്കാ.. ഞാനങ്ങനെ ഒരാളെ ശ്രദ്ധിച്ചതേ ഇല്ല. ആരാ അത്?"

"അത് തന്നെയാ ഷാനു ഞാനും ആലോചിക്കണെ. എവിടെയോ കണ്ടു മറന്നൊരു മുഖം, നല്ല മുൻപരിചയം. പക്ഷെ എവിടെയാണെന്നോ ആരാണെന്നോ ഓർമയിൽ തെളിയുന്നില്ല"

"ഒന്ന് കൂടെ ഒന്നിരുന്ന് ആലോചിച്ചു നോക്ക് ഇക്കാ. കിട്ടും. അപ്പോഴേക്ക് ഞാനൊന്ന് മോളുടെ കൂടെ കടലിൽ കളിച്ചിട്ട് വരാം" എന്ന് പറഞ്ഞു ഷാനു മോളെയും കൂട്ടി വെള്ളത്തിലേക്കിറങ്ങി.

ഞാനാ മണൽ തരികളിൽ ഇരുന്ന് വീണ്ടും ആ പെൺകുട്ടിയെ കുറിച്ചുള്ള ചിന്തകളിലേക്ക് തെന്നി വീണു.

സുഹൃത്തുക്കൾ, കുടുംബം, സഹപ്രവർത്തകർ അങ്ങനെ ഓരോരുത്തരിലേക്കും എന്റെ ചിന്തകൾ സഞ്ചരിച്ചു. അപ്പോഴാണ് എന്റെ കോളേജ് കാലഘട്ടത്തിലെ ഓർമകളിലേക്ക് ഞാൻ കടന്നു ചെല്ലുന്നത്. ഏതൊരു കൗമാരക്കാരനെയും പോലെ എനിക്കുമുണ്ടൊയിരുന്നു ഒരു പ്രണയം, വൺ വെ ആയിരുന്നെന്നു മാത്രം. ആദ്യമായും അവസാനമായും തോന്നിയ പ്രണയം.

ഞാൻ ഡിഗ്രി മൂന്നാം വര്ഷം പഠിക്കുമ്പോൾ തൊട്ടടുത്ത ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടുവിന് പഠിച്ചിരുന്ന സജ്ന എന്ന പെൺകുട്ടിയോട് തോന്നിയ പ്രണയം. അവളുടെ കരിമഷിയിട്ട കണ്ണുകളും കുട്ടിത്തമൊളിപ്പിച്ചു വെച്ച മുഖ ഭാവവും പാല്പുഞ്ചിരി തൂക്കിയ ചുണ്ടുകളും എന്നെ ഹഠാതാകര്ഷിച്ചു. എന്റെ പ്രണയം ആത്മാർത്ഥമായിരുന്നെങ്കിലും എന്ത് കൊണ്ടോ അതവളോട് തുറന്ന് പറയാൻ സാധിച്ചിരുന്നില്ല, പേടി ആയിരുന്നു എന്ന് പറയുന്നതായിരിക്കും ശെരി. അവളറിയാതെ അവളെ പിന്തുടർന്നു, അവളുടെ അനുവാദമില്ലാതെ അവളെ പ്രണയിച്ചുകൊണ്ടിരുന്നു. അതിൽ ഞാൻ ആനന്ദം കണ്ടെത്തിയിരുന്നു. പിന്നീടെപ്പോഴോ ഞാനറിഞ്ഞു അവളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു, അവളിനി സ്കൂളിലേക്ക് വരില്ലെന്ന്. എങ്കിലും ഞാനവളെ കാണാൻ ശ്രമിച്ചിരുന്നു, കാര്യം അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ നിരാശ ആയിരുന്നു ഫലം. അധികം വൈകാതെ അവൾ വിവാഹം കഴിഞ്ഞു മറ്റൊരു നാട്ടിലേക്ക് പോകുകയും ചെയ്തു. പിന്നീട് അവളെ കുറിച്ചന്വേഷിച്ചില്ലെങ്കിലും, അവളെന്നും എന്റെ മനസ്സിലുണ്ടായിരുന്നു, ഒരു നഷ്ട പ്രണയത്തിന്റെ ഓർമ്മയായി.

അതെ അതവൾ തന്നെ, സജ്ന. പക്ഷെ അവളിന്നൊരുപാട് മാറിയിരിക്കുന്നു. വെളുത്തു തുടുത്ത മുഖം ഇന്ന് കാർമേഘം പൊതിഞ്ഞ ആകാശം പോലെ, കവിളുകളൊട്ടിയിരിക്കുന്നു, കണ്ണുകളിൽ നിസ്സഹായതയുടെ നോട്ടം മാത്രം, ചുണ്ടുകൾ പുഞ്ചിരി മറന്നത് പോലെ.
അവളുടെ ആ രൂപം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. പറയാതെ പോയ പ്രണയത്തിനും ഇപ്പോൾ കണ്ട യാഥാർഥ്യത്തിനും ഇടയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. അവൾക്കെന്തു പറ്റി എന്നറിയണമെന്ന ചിന്ത മനസ്സിനെ വേട്ടയാടുന്നു.

"എന്തായി ഇക്ക.. വല്ലതും നടക്കുമോ..? ആളെ പിടി കിട്ടിയോ" എന്ന് ചോദിച്ചു കൊണ്ട് ഷാനു വീണ്ടും അടുത്തെത്തി

"നിനക്കോര്മയുണ്ടോ ഷാനു ഞാനെന്റെ പ്രണയത്തെ കുറിച്ചു നിന്നോട് പറഞ്ഞത്, എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം"

"ആ ഓർമയുണ്ടല്ലോ ഇക്ക, സജ്ന എന്നായിരുന്നില്ലേ ആ കുട്ടിയുടെ പേര്? എന്ത് പറ്റി? ഇപ്പോൾ സജ്നയെ കുറിച്ചോർക്കാൻ. എന്നെ മടുത്തു തുടങ്ങിയോ" ഏതൊരു ഭാര്യയെയും പോലെ അല്പം പരിഭവം കലർന്ന മറുപടി ആയിരുന്നു അവളുടേത്

"അതൊന്നുമല്ലെടി പൊട്ടി പെണ്ണേ.. ഞാൻ നേരത്തെ ഒരു പെൺകുട്ടിയെ കണ്ട കാര്യം പറഞ്ഞില്ലേ. അത് അവളാണ് സജ്ന"

"സജ്ന...?? അവളെങ്ങനെ ഈ ഒരവസ്ഥയിൽ..?" ചെറിയൊരു അമ്പരപ്പോടെ അവളെന്നോട് ചോദിച്ചു.

"അത് തന്നെയാ ഷാനു ഞാനും ചിന്തിക്കണേ. അവൾക്കെന്തു പറ്റി എന്നറിയാൻ, അവളെ ഒന്ന് കണ്ടു സംസാരിക്കണം"

" അതിനെന്താ ഇക്കാ.. ഇക്ക എഴുന്നേൽക്ക് നമുക്ക് ഇവിടെയൊക്കെ ഒന്ന് നോക്കാം. അവളെ കാണാതിരിക്കില്ല"

ഞങ്ങൾ രണ്ടുപേരും മോളെയും കൂട്ടി ആ പരിസരമാകെ തിരഞ്ഞു കൊണ്ടിരുന്നു, അവസാനം ഒരു കാറ്റാടി മരത്തിന്റെ ചുവട്ടിൽ അവളെ ഞങ്ങൾ കണ്ടു. വളരെയധികം ക്ഷീണിതയായിരിക്കുന്നു. ഷാനു അവളുടെ അടുത്തേക്ക് ഓടിച്ചെന്നു. ഞാനല്പം മാറി നിന്നു, എന്തോ അവളുടെ മുന്നിൽ പോയി നില്കാനൊരു മടി. മുന്പരിചയമുള്ളത് പോലെ ഷാനു അവളോട് സംസാരിച്ചു തുടങ്ങി.
"സജ്ന അല്ലെ"

"അതെ. നിങ്ങൾ ആരാ മനസ്സിലായില്ലല്ലോ"

"ഞാൻ ഷാഹിന"

"എന്നെ എങ്ങനെ അറിയാം? എനിക്ക് മുൻപ് കണ്ട ഓര്മയില്ലല്ലോ"

"ദേ ആ നിൽക്കുന്ന ഷാഹ്ബാസീക്കയുടെ ഭാര്യയാണ് ഞാൻ" എന്നെ ചൂണ്ടി കാണിച്ചു കൊണ്ടവൾ പറഞ്ഞു നിർത്തി.

അപ്പോഴാണ് സജ്ന എന്നെ കാണുന്നത്. നിസ്സഹായതയുടെ അവളുടെ നോട്ടം എന്നിൽ പതിച്ചു, ഞാൻ ഒരു പുഞ്ചിരി സമ്മാനിക്കാൻ ശ്രമിച്ചു. അവളുടെ കണ്ണുകൾ ഒഴുകാൻ തുടങ്ങിയ പോലെ, എന്തൊക്കെയോ പറയാനുള്ളത് പോലെ.

"സജ്നാക്ക് എന്റെ ഇക്കയെ അറിയാമായിരുന്നോ" ഷാനു തുടർന്നു
"അറിയാം.. ഞാൻ കണ്ടിട്ടുണ്ട് പ്ലസ് ടു വിനു പഠിക്കുമ്പോൾ. കൂട്ടുകാര് പറഞ്ഞും അറിയാം " സജ്നയുടെ മറുപടി എന്നെയും ഷാനുവിനെയും അത്ഭുതപ്പെടുത്തി

"അപ്പോൾ.. ഇക്കയുടെ മനസ്സിലുണ്ടായിരുന്ന മോഹത്തെ കുറിച്ചും അറിയാമായിരുന്നോ..??" ഷാനുവിന്റെ അതിശയോക്തി കലർന്ന ചോദ്യം.

"ഉം.. അറിയാമായിരുന്നു..എത്രയൊക്കെ ഒളിഞ്ഞിരുന്നാലും നമ്മളെ പിന്തുടരുന്ന ഒരാളെ നമ്മൾ തിരിച്ചറിയാതിരിക്കില്ലല്ലോ" സജ്നയുടെ മറുപടി വീണ്ടും എന്നെ ഞെട്ടിച്ചു. "അന്നൊരുപാട് ആഗ്രഹിച്ചിരുന്നു, വിശ്വസിച്ചിരുന്നു ഷഹബാസിക്ക വന്നു ഇഷ്ടമാണെന്ന് പറയുമെന്ന്. പക്ഷെ അന്നേ എല്ലാം സ്വപ്നങ്ങളായി തന്നെ കുഴിച്ചുമൂടേണ്ടി വന്നു"
സജ്ന തുടർന്നു.

കേട്ടുനിന്ന ഷാനുവിന്റെ കണ്ണിലും കണ്ണീർ തുള്ളികൾ സ്ഥാനം പിടിച്ചുവെങ്കിലും അവളത് ഒളിപ്പിക്കാൻ ശ്രമിച്ചു.
"സജ്ന വിവാഹം കഴിഞ്ഞു പോയിരുന്നു എന്നാണല്ലോ ഷഹബാസിക്ക പറഞ്ഞത്?" വിഷയം മാറ്റിക്കൊണ്ട് ഷാനു സജ്നയോട് ചോദിച്ചു

"ഉം.." സജ്നയുടെ മറുപടി ഒരു മൂളലിൽ ഒതുക്കി.

"പിന്നെങ്ങനെ ഇവിടെ?"

"വിവാഹം കഴിഞ്ഞു പോയെങ്കിലും ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല" കൂടുതലൊന്നും പറയാതെ അവളുടെ വാക്കുകൾ ചുരുക്കി

"എന്താ പറ്റിയെ സജ്ന..?"

"അയാൾക് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു, അത് മറച്ചു വെച്ചാണ് എന്നെ വിവാഹം കഴിച്ചത്. പക്ഷെ വിവാഹ ശേഷവും ആ ബന്ധം തുടർന്നു. അത് ചോദ്യം ചെയ്ത എന്നെ അയാൾ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. എങ്കിലും എന്റെ ഉമ്മയെയും ഉപ്പയെയും ഓർത്തു ഞാനവിടെ ഒതുങ്ങി കൂടി. വീട്ടുകാർ ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ കെട്ടിച്ചു വിട്ടത്. അവസാനം അയാൾ തന്നെ എന്നെ വീട്ടിൽ നിന്ന് പുറത്താക്കി, മറ്റേ പെൺകുട്ടിയുമായി താമസവും തുടങ്ങി. ഞാൻ വീട്ടിലേക്ക് തിരിച്ചെത്തി" പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു "എന്റെ തിരിച്ചു വരവിനു ശേഷം ഉമ്മയും ഉപ്പയും നന്നായിട്ടൊന്ന് ചിരിച്ചു കണ്ടിട്ടില്ല. ഇപ്പോൾ വര്ഷം മൂന്നാവുന്നു ഞാൻ വീട്ടിലേക്ക് തിരിച്ചെത്തിയിട്ട്. അതിനിടയ്ക്ക് ഉപ്പ യാത്ര പറഞ്ഞു പോയി, ഉമ്മയാണെങ്കിൽ കിടപ്പിലും ആയി. ഉപ്പ പോയതിനു ശേഷം വീട്ടിലെ അവസ്ഥ ആകെ കഷ്ടത്തിലായി. കടങ്ങൾ വീട്ടാനായി വീട് വിറ്റു,ഇപ്പോൾ പുറമ്പോക്കിലുള്ള ഒരു ഓലമേഞ്ഞ കൂരയിൽ ഞാനും ഉമ്മയും മാത്രം. ഉമ്മാക്ക് മരുന്നിനും മറ്റുമായി ചെലവുകൾക്ക് ഒരു വഴിയും ഇല്ലാതായി. അവസാനം ഞാൻ കണ്ടെത്തിയ വഴിയാണ് ഈ ജോലി" വാക്കുകൾ മുഴുമിപ്പാക്കാനാകാതെ അവൾ പറഞ്ഞു നിർത്തി, കണ്ണുകൾ തുടച്ചു.

കേട്ട് നിന്ന എന്റെയും ഷാനുവിന്റെയും കണ്ണുകളും കലങ്ങിയിരുന്നു.
ഷാനു അവളെ പിടിച്ചെഴുന്നേല്പിച്ചു, വണ്ടിയുടെ അടുത്തേക്ക് നടന്നു. സജ്നയെയും കൂട്ടി നേരെ അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു, പോകുന്ന വഴിക്ക് കടയിൽ കയറി അത്യാവശ്യം ഒരു വീട്ടിലേക്ക് വേണ്ട സാധങ്ങളും വാങ്ങി വണ്ടിയിൽ വെച്ചു.

സജ്നയുടെ വീട്ടിലേക്ക് വണ്ടി പോവില്ല, അത് കൊണ്ട് തന്നെ റോഡരികിൽ വണ്ടി വെചു വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നു നീങ്ങി. ആ കൊച്ചു വീട്ടിലേക്ക് നടന്നടുത്തു. സജ്ന ഞങ്ങളെയും കൂട്ടി ഉമ്മയുടെ അടുത്തേക്ക് നീങ്ങി. കരുതി വെച്ച സാധങ്ങൾ ഒരു മൂലയിൽ ഒതുക്കി വെച്ച് ഞങ്ങൾ ഉമ്മ കിടക്കുന്ന കട്ടിലിനരികിൽ എത്തി. ഒന്നനങ്ങാനാവാതെ, ഒന്നുരിയാടാനാവാതെ ആ ഉമ്മയെ വിധി തളർത്തിയിരുന്നു.

സജ്ന ചായയിടാമെന്നു പറഞ്ഞെങ്കിലും, ഞങ്ങൾ അതിനൊന്നും കാത്തുനിന്നില്ല. ഇറങ്ങാൻ നേരം പോക്കറ്റിൽ ഉണ്ടായിരുന്ന ക്യാഷ് എടുത്ത് ഷാനുവിന്റെ കയ്യിൽ കൊടുത്തിട്ട് സജ്നയെ ഏല്പിക്കാൻ പറഞ്ഞു, ആദ്യം സജ്ന അത് വാങ്ങാൻ കൂട്ടാക്കിയില്ലെകിലും ഷാനു അവളെ ഒരു സഹോദരിയെ പോലെ അനുസരിപ്പിച്ചു.
എന്നിട്ട് എന്റെയും ഷാനുവിന്റെയും നമ്പർ സജ്നയുടെ കയ്യിൽ കൊടുത്തിട്ട് എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും ഇനി ഈ ജോലിക്കു പോകേണ്ടെന്നും, നിരബന്ധമാണെങ്കിൽ നമുക്ക് വേറെ ജോലി നോക്കാം എന്നും ഷാനു സജ്നയോട് പറഞ്ഞു. ഇനി നമ്മൾ ഇവിടെ സ്ഥിരം സന്ദര്ശകരായിരിക്കും എന്ന് പറഞ്ഞു ഒരു പുഞ്ചിരി സമ്മാനിച്ച് വണ്ടിയിലേക്ക് കയറി. ഞാനും യാത്ര പറഞ്ഞിറങ്ങി.

തിരിച്ചു വീട്ടിലേക്കുള്ള വഴിയിൽ, വണ്ടിയിൽ ആദ്യം നിശബ്ദതയുടെ അലയൊലി ആയിരുന്നെങ്കിലും ഷാനു പതിയെ എന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു "സജ്നക്ക് കിട്ടാതെ പോയ ഭാഗ്യമാണ് ഞാനിന്നു അനുഭവിക്കുന്നത്, അല്ലെ ഇക്ക" പറഞ്ഞു തീർത്തതും അവളുടെ കണ്ണുകൾ ധാര ധാരയായി ഒഴുകാൻ തുടങ്ങി.
വണ്ടി ഞാൻ റോഡരികിൽ ഒതുക്കി അവളുടെ മുഖം പതിയെ ഒന്നുയർത്തിനോക്കി. അപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളെ ഞാൻ എന്റെ നെഞ്ചിലേക്ക് ചായ്ച്ചുകൊണ്ട് കെട്ടി പിടിച്ചു, നെറുകയിൽ ചുംബിച്ചു. "നിന്നെക്കാൾ വല്യ ഭാഗ്യമൊന്നും ഇനി എനിക്കീ ജന്മം കിട്ടാനില്ലെന്റെ പെണ്ണെ...സജ്നയെ ഒരു സഹോദരിയെപോലെ കാണാനള്ള നിന്റെ മനസ്സുണ്ടല്ലോ, സഹായിക്കാനുള്ള ആ ആവേശമുണ്ടല്ലോ അത് മതി നീ എന്നെ എത്രത്തോളം മാനസ്സിലാക്കിയിരുന്നു എന്ന തിരിച്ചറിയാൻ". അവളുടെ മുഖത്ത് പലവർണ്ണങ്ങളിൽ പുഞ്ചിരി മിന്നി മായുന്നു, ഇതൊക്കെ കണ്ടു നിന്ന മോളുടെ മുഖത്തും പുഞ്ചിരി ആയിരുന്നു.