Wednesday 1 February 2017

വിശപ്പ്


"ഞാൻ അറിയാതെ ഇതിൽ വല്ല കൊച്ചുമുണ്ടോ ഇക്കാ"

സോഫയിൽ ചാഞ്ഞു കിടക്കുന്ന എന്റെ ചാടിയ വയറിലേക്ക് നോക്കികൊണ്ടവൾ തമാശ കലർത്തി ചോദിച്ചു.

"നീ കൂടുതൽ കളിയാക്കുവൊന്നും വേണ്ടാ...നീ നോക്കിക്കോ ഞാൻ നാളെ മുതൽ എന്തായാലും ഓടാൻ പോകും, അധ്വാനിക്കുന്ന ജന വിഭാഗമാകും"

"ഹ ഹ... ഞാൻ ഇത് കുറെ കേട്ടിട്ടുണ്ട്.. കേട്ടിട്ടുണ്ട്" ഒരു ആക്കിയ ചിരിയോട് കൂടി അവൾ.

അവളെ പറഞ്ഞിട്ടും കാര്യമില്ല, വയറിങ്ങനെ നിറഞ്ഞു തുളുമ്പി നില്ക്കാൻ തുടങ്ങിയിട്ടും, ഞാനിത് പറയാൻ തുടങ്ങിയിട്ടും കാലം കുറെ ആയി. ഒന്നുകിൽ ഡയറ്റ് അല്ലെങ്കിൽ എക്സസൈസ്‌, രണ്ടിലൊന്നില്ലാതെ ഇതിനൊരു മാറ്റമുണ്ടാവില്ല എന്നവൾ ഇടയ്ക്കിടയ്ക്ക് ഓര്മിപ്പിപ്പിക്കാറുണ്ട്. അവൾ പറയുമ്പോഴൊക്കെ ഒരു "ന്യൂ ഇയർ റെസൊല്യൂഷൻ" പോലെ തീരുമാനിക്കും, നാളെ മുതൽ എക്സസൈസ്‌ ചെയ്യണം, ഓടാൻ പോകണം എന്നൊക്കെ. പക്ഷെ ആ ചിന്തകൾക്ക് നിമിഷ നേരത്തെ ആയുസ്സ് മാത്രമേ ഉണ്ടാവാറുള്ളൂ. മടി തന്നെയാണ് പ്രധാന വില്ലൻ.

"സത്യമാടീ.. ഇതെന്റെ ഉറച്ച തീരുമാനമാണ്"

"അത്ര വല്യ ഉറപ്പുണ്ടെങ്കിൽ നിങ്ങൾ ഇന്ന് തന്നെ തുടങ്ങിക്കോ, ഇന്നേതായാലും അവധിയല്ലേ"

(പടച്ചോനെ പണി പാളി.. ഇനി ഇപ്പൊ എന്ത് ചെയ്യും...)

"അത് വേണ്ട ഞാൻ നാളെ തുടങ്ങാം, തിങ്കളാഴ്ച നല്ല ദിവസം എന്നാണല്ലോ"

"ഞായറാഴ്ചയും നല്ല ദിവസാ. ഓരോ ദിവസവും നല്ലതാവുന്നത് നമ്മുടെ പ്രവർത്തി പോലെ ഇരിക്കും" എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടവൾ പറഞ്ഞു

മനസ്സില്ലാ മനസ്സോടെ റൂമിൽ പോയി ട്രാക്ക് സ്യൂട്ടും എടുത്തിട്ട് ഓടാൻ പോകാൻ തന്നെ തീരുമാനിച്ചു. അവളപ്പേഴേക്കും പൊടി പിടിച്ചു കിടന്നിരുന്ന ഷൂസ് തുടച്ചു വൃത്തിയാക്കി എടുത്തോണ്ട് വന്നു.

അവളോട് ടാറ്റ ബൈ ബൈ പറഞ്ഞു നേരെ അടുത്തുള്ള പാർക്കിലേക്ക് വച്ചുപിടിച്ചു. പോകുന്ന വഴിക്ക് പരിചിതമായ പല മുഖങ്ങളെയും കണ്ടു, ആ കൂട്ടത്തിൽ പലരും എന്റെ ഉദ്ദേശ്യലക്ഷ്യം പിന്തുടരുന്നവർ . ചിലരോട് കുശലാന്വേഷണം നടത്തിയപ്പോൾ മറ്റു ചിലർക്ക് പുഞ്ചിരി സമ്മാനിച്ച് പാർക്കിന്റെ കവാടത്തിലേക്ക് ഓടിയടുത്തു. ഈ പാർക്കിപ്പോൾ നടത്തക്കാരുടെയും ഓട്ടക്കാരുടെയും സ്വന്തം താവളമാണ്.ചെറിയ ഉയരത്തിൽ ചായം പൂശിയ മതിലിനകത്ത് പച്ചപരവതാനി വിരിച്ച പോലെ പുൽത്തകിടുകൾ, അതിനരികുകളിൽ പല ചെടികളും നട്ടു പിടിപ്പിച്ചിരിക്കുന്നു, ചില ചെടികൾ പൂവിട്ടു പുഞ്ചിരിച്ചു നിൽക്കുന്നു. ഒത്തനടുവിൽ ആധുനിക രീതിയിൽ കല്ലുകെട്ടിയുണ്ടാക്കിയ ഒരു ചെറിയ കുളവും, അതിനോട് ചേർന്നൊരു വെള്ളച്ചാട്ടവും. ചിലയിടത്ത് കോൺഗ്രീറ് കൊണ്ടുണ്ടാക്കിയ ചാരുകസേരകൾ സ്ഥാനം പിടിച്ചിരിക്കുന്നു. അതിനിടയിലൂടെ ഇന്റെർലോക് പാകിയ നടപ്പാതകൾ.

ചുറ്റിലും ഒന്ന് കണ്ണോടിച്ചു, ഒരുവശത്ത് കുട്ടികൾ പന്ത് കളിക്കുന്നു,മറ്റു ചിലർ ചാരുകസേരയിൽ ഇരുന്നു പ്രണയം പങ്കുവെക്കുന്നു. മറുവശത്തു എന്നെ പോലെ അധ്വാനിക്കുന്ന ജനവിഭാഗം, ഗർഭണൻമാരുടെ എണ്ണം വളരെ കൂടുതലാണ്. എല്ലാരും തലങ്ങു വിലങ്ങും ഓടുന്നു, നടക്കുന്നു, ചിലർ സൈക്കിൾ സവാരിയിലുമാണ്.

ഞാനും അവരുടെ കൂടെ കൂടി ഓട്ടം തുടങ്ങി, ശീലമില്ലാത്ത കാര്യമായതിനാൽ പെട്ടെന്ന് തന്നെ ക്ഷീണം അനുഭവപ്പെട്ടു തുടങ്ങി. അതുകൊണ്ടു തന്നെ കൂടുതൽ നേരം നീണ്ടു നിന്നില്ല അടുത്തു കിട്ടിയ ഒരു ചാരുബെഞ്ചിൽ ആസനസ്ഥനായി. അൽപ നേരം കണ്ണുമടച്ചിരുന്നതിനു ശേഷം കിതപ്പിനൊരു ശമനമുണ്ടായി. അപ്പോഴാണ് അരികിൽ നിന്നൊരു ശബ്ദം

"കപ്പലണ്ടി കപ്പലണ്ടി..."

ഞാൻ കണ്ണ് തുറന്നു നോക്കി, പത്തു പത്രണ്ട് വയസ്സ് മാത്രം പ്രായമുള്ളൊരു കുട്ടി, തോളിൽ കെട്ടിയിട്ട തൂണിയുടെ സാഹത്തോടെ ഒക്കത്തൊരു കുഞ്ഞു വാവയും. മെലിഞ്ഞുണങ്ങിയ ശരീരം, എല്ലുകൾ എണ്ണിയെടുക്കാം. ആകെ ധരിച്ചിരുന്ന കീറിയ ട്രൗസര് അരയിൽ കെട്ടിയിരിക്കുന്ന ചരടിൽ കോർത്ത് വെച്ചിരിക്കുന്നു. ഒരടിവസ്ത്രം മാത്രം ധരിച്ചു ഒക്കത്തിരിക്കുന്ന കുട്ടി കരഞ്ഞു നിലവിളിക്കുന്നുണ്ട്, മൂക്കൊലിച്ചു താഴേക്കിറങ്ങുന്നു. അവൻ അതിന്റെ കരച്ചിലടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

"കപ്പലണ്ടി വേണമാ സാർ.."
കയ്യിലെ സഞ്ചിയിൽ വിൽപനക്കായി കരുതിയിരിക്കുന്ന കപ്പലണ്ടിയുടെ ഒരു പാക്കറ്റ് എനിക്ക് നേരെ നീട്ടിക്കൊണ്ടു തമിഴ് കലർന്ന മലയാളത്തിൽ അവൻ എന്നോട് ചോദിച്ചു
ചിന്തകൾ എന്നെ എവിടേക്കോ കൂട്ടികൊണ്ടുപോയയത് കൊണ്ടായിരിക്കണം ഞാൻ മറുപടി നല്കാൻ വൈകി. അപ്പോഴേക്കും അവൻ തുടർന്നു

"ഒന്നെടുക്ക്ങ്കോ സാർ.. രണ്ടു രൂപ മട്ടും താനെ"

"ആ..ഒന്ന് തന്നേക്ക്"
കപ്പലണ്ടി കഴിക്കാറില്ലെങ്കിലും എന്തോ വേണ്ടെന്നു പറയാൻ തോന്നിയില്ല
അവൻ എനിക്ക് നേരെ നീട്ടിയ കപ്പലണ്ടി പാക്കറ്റ് ഞാൻ വാങ്ങി, പോക്കറ്റിൽ ആകെ കരുതിയിരുന്ന നൂറു രൂപയുടെ നോട്ട് അവനു നേരെ നീട്ടി. ചില്ലറിയില്ലെന്നവൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഞാൻ അതവന്റെ കൈകളിൽ ഏൽപ്പിച്ചു.

"വേണ്ട സാർ.. എൻ കയ്യിൽ ചില്ലറയില്ല" തിരിച്ചേൽപ്പിക്കാൻ തുടങ്ങിക്കൊണ്ടവൻ പറഞ്ഞു

"അത് സാരമില്ല.. ബാക്കി നീ വച്ചോ"

"ആ.. അത്.. അത് വേണ്ട സാർ" വാക്കുകൾ മുറിച്ചു കൊണ്ടവൻ പറഞ്ഞു

"കുഴപ്പമില്ല... അതൊക്കെ പോട്ടെ, എന്താ നിന്റെ പേര്?" അവന്റെ കൈപിടിച്ചു ഞാനെന്റെ അടുത്തിരുത്തികൊണ്ട് ചോദിച്ചു

"ശെൽവൻ..."

"അപ്പൊ ഇതാരാ?" ഒക്കത്തിരിക്കുന്ന കുഞ്ഞിലേക്ക് വിരൽ ചൂടിക്കൊണ്ട് ഞാൻ ചോദിച്ചു

"ഇതെന്നുടെ തങ്കച്ചി.. പേര് മുത്തുലക്ഷ്മി" പുഞ്ചിരിച്ചുകൊണ്ടവൻ മറുപടി നൽകി

"മുത്തുലക്ഷ്മി എന്തിനാ കരയണേ..? അമ്മയെ കാണാഞ്ഞിട്ടാണോ?"

"എങ്കളുടെ അമ്മാവും അപ്പാവും എരന്തുപോച് സാർ... പശിക്കത്ക്കാകെ അൾവതെ സാർ.." അവന്റെ വാക്കുകളിലെ സങ്കടക്കടൽ എന്റെ മനസ്സിലേക്ക് ആഞ്ഞടിച്ചു.
എന്റെ ഉള്ളൊന്നു പിടഞ്ഞു..കണ്ണുകളിൽ നനവ് പടർന്നു.

ഞാനിവിടെ മൂക്കറ്റം തിന്നു വയറു ചാടി, അത് കുറയ്ക്കാനായി ഓടാനിറങ്ങുമ്പോൾ മറുവശത്ത് ഒരുനേരത്തെ വിശപ്പടക്കാനായി നെട്ടോട്ടമോടുന്ന കുരുന്നുകൾ.
എനിക്കെന്നോട് തന്നെ പുച്ഛവും പരിഹാസവും തോന്നി.

കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല.. മുത്തുലക്ഷ്മിയെ ഞാൻ കോരിയെടുത്തു, അവളുടെ കവിളിൽ ഒരു ചുംബനം നൽകി. എന്തോ.. അവളുടെ കരച്ചിലിന്റെ ശബ്ദം താഴ്ന്നു വന്നു.. അവന്റെ മുഖത്തും എന്തെന്നില്ലാത്തൊരു പ്രകാശം, പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു. യാത്ര പറഞ്ഞു പോകാൻ നേരം നാളെ അവനോട് വീണ്ടും ഇവിടെ വച്ച് തന്നെ കാണണമെന്ന് ആവിശ്യപ്പെട്ടു. അവൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. അവർ എന്നിൽ നിന്നും നടന്നകലുന്നതും നോക്കി ഞാൻ അൽപനേരം കൂടെ അവിടെ ഇരുന്നു.
നാളെ അവൻ വരുമ്പോൾ അവനൊരു സമ്മാനം നൽകണം, കുഞ്ഞുമോൾക്കൊരു ഉടുപ്പ് വാങ്ങണം. ഇനിയുള്ള നാളുകളിൽ ഒരു നേരത്തെ ഭക്ഷണമെങ്കിലും അവർക്ക് നൽകണമെന്ന് ഞാൻ പ്രതിജ്ഞ എടുത്തിരുന്നു..!!

7 comments:

  1. നല്ലൊരു തീരുമാനം.... നന്മയുടെ മുഖം....
    നല്ല കഥ ആഷിക്... ആശംസകൾ.

    ReplyDelete
  2. കൊള്ളാം നല്ല കഥ ..ആശംസകൾ

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. നല്ല തീരുമാനം. അത് പക്ഷെ ന്യൂ ഇയര്‍ പ്രതിജ്ഞ പോലെ ആവരുത്.

    ReplyDelete