Wednesday 28 September 2016

"റോഡ് കാണൽ യാത്രകൾ..."



യാത്ര നമ്മൾ കൂട്ടുകാർക്കെന്നും ഒരാവേശമാണ്. കൂട്ടുക്കാരുമൊത്തുള്ള ഓരോ യാത്രകളും ജീവിതത്തിലെ നിറമാർന്ന അധ്യായങ്ങൾ ആണ്. മാസങ്ങളോളം പ്ലാൻ ചെയ്തിട്ടും നടക്കാതെ പോയ പല യാത്രകളും ഇപ്പോഴും എവിടെയോ പൊടിപിടിച്ചു  കിടപ്പുണ്ട്. ചിലപ്പോൾ പൈസ, ചിലപ്പോൾ  വണ്ടി, ചിലപ്പോ വീട്ടുകാരുടെ സമ്മതം അങ്ങനെയൊക്കെ ആയിരിക്കാം പലപ്പോഴും കാരണങ്ങൾ.

ഇതിനൊക്കെ പകരം പ്ലാനിങ്ങുകൾ ഒന്നുമില്ലാതെ,

"ഡാ വണ്ടി എടുക്കെടാ, നമുക്ക് എവിടേക്കെങ്കിലും ട്രിപ്പ് അടിക്കാം"

എന്ന ഒരൊറ്റ നിമിഷത്തെ വാക്കിൽ പുറപ്പെടുന്ന പല യാത്രകളും ഓർമയുടെ പുസ്തക താളുകളിൽ മുൻപന്തിയിൽ തന്നെ ഉണ്ട്. ബൈക്ക് യാത്രകൾ ഏറെ ഇഷ്ടപെടുന്ന എനിക്കെന്നും കൂട്ടുകാരുമൊത്തുള്ള യാത്രകൾ ആവേശമായിരുന്നു.

ഇപ്പോഴും കൂട്ടുകാരിൽ ചിലരെങ്കിലും പറയാറുണ്ട്,

"നമ്മുടെ യാത്രകൾ എന്നും റോഡ് കാണൽ യാത്രയല്ലേ" എന്ന്

ചിലപ്പോഴൊക്കെ അത് ശരിയുമാണ്.പക്ഷേ  പോകുന്ന സ്ഥലങ്ങളെക്കാളും കാണുന്ന കാഴ്ചകളെക്കാളും നമ്മൾ അന്നും ഇന്നും എന്നും ഓർത്തിരിക്കുന്നത് ആ യാത്രയിലെ സൗഹൃദത്തിന്റെ നിമിഷങ്ങളാണ്.. പരസ്പരം പാര വെച്ചും, പാട്ട് പാടിയും, വെറുപ്പിച്ചെടുത്ത സെൽഫിയും, വഴിയരികിലെ തട്ടുകടയിലെ ഭക്ഷണവും, ബൈകിന്റെ പിന്നിൽ ഇരുന്ന് ഉറങ്ങിയ കൂട്ടുകാരനും, വെള്ളച്ചാട്ടങ്ങളിലും അരുവികളിലുമുള്ള നീന്തലും നീരാടാലും, വണ്ടിയുടെ പഞ്ചറും, അട്ട കടിയും, വഴി തെറ്റലും, അപൂർവം ചില കുഞ്ഞു കുഞ്ഞു വഴക്കുകളും, ഒരുമിച്ചുള്ള താമസവും, വായനോട്ടവും  ഒക്കെയാണ്.. പലപ്പോഴും ഞങ്ങളുടെ ലക്ഷ്യം സ്ഥലങ്ങളായിരുന്നില്ല,  ഒന്നിച്ചുള്ള സുന്ദര നിമിഷങ്ങളായിരുന്നു. അതുകൊണ്ടായിരിക്കാം ഞങ്ങളുടെ യാത്രകൾ പലതും റോഡ് കാണലായി മാറിയത്.

 നടക്കാതെ പോയ യാത്രകൾക്കും, ആ പ്ലാനിങ്ങുകൾക്കും  പറയാനുണ്ട് രസകരമായ സംഭവ വികാസങ്ങൾ, യാത്ര പോകാൻ കൂട്ടുകാരൻ ബാഗുമായി  വീട്ടിൽ നിന്ന് ഇറങ്ങി വന്നിട്ട് യാത്ര പോവാതെ അവനെ പോസ്റ്റ് ആക്കിയതും, ടൂർ പോവാൻ വേണ്ടി ക്യാമറ ഒപ്പിച്ച കൂട്ടുകാരനെ കൂട്ടാതെ യാത്ര പോവേണ്ടി വന്നതും, കാശ്മീർ യാത്ര സ്വപ്നം  കണ്ടവരും, അങ്ങനെ അങ്ങനെ പലതും...

ഇപ്പോൾ പലരും പല വഴിക്കായി..കൂടുതൽ പേരും പ്രവാസികൾ. ആകെയുള്ളത് വാട്സപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയും ഉള്ള ചാറ്റിംഗ് ഒഴുക്കുകളും വല്ലപ്പോഴുമുള്ള ഫോൺ വിളികളും...

എന്നാലും നമ്മളിപ്പോഴും

"യാത്രകൾ പ്ലാൻ ചെയ്യാറുണ്ട്"

എല്ലാവരും ഒന്നിച്ചു കൂടുന്നത്

"സ്വപ്നം കാണാറുമുണ്ട്"

തിരികെ വരുമായിരിക്കും ആ സുന്ദര നിമിഷങ്ങൾ...!!!!!!!

4 comments:

  1. ഷാഹിദ്‌ തന്ന ലിങ്കിലൂടെ വന്നതാണു.

    നിർത്താതെ
    യാത്ര ചെയ്തിരുന്നു. ഇപ്പോൾ പലകാരണങ്ങൾ കൊണ്ടും യാത്രയെന്ന് കേൾക്കുമ്പോളേ മടുപ്പ്‌ തോന്നും .

    നല്ല
    എഴുത്ത്‌.
    ആശംസകൾ !!!!!. .!

    ReplyDelete
    Replies
    1. യാത്രയെ പ്രണിയിക്കാത്തവരായി ആരുണ്ട്...

      Delete
  2. തിരികെ വരട്ടെ ആ സുന്ദര നിമിഷങ്ങൾ...

    നല്ല അവതരണം...
    ഇഷ്ടമായി

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ.. !!😊☺

      Delete